ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിച്ച ഷാമിമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം നഷ്ടമായേക്കും. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ഞായറാഴ്ച മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ഷാമിമ, ലണ്ടനിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലിലൂടെ ഒരാഴ്ച മുൻപ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 19 വയസുകാരിയായ ഷാമിമക്ക് പൗരത്വം നഷ്ടമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധികൃതരുടെ നടപടി നിരാശാജനകമാണെന്നും തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ഷാമിമയുടെ കുടുംബ അഭിഭാഷകൻ തസ്നിമെ അകുഞ്‍ജി വ്യക്തമാക്കി.
തന്റെ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലിം ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിച്ചതിലും ഇപ്പോൾ ബ്രിട്ടനിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്നതിലും തനിക്ക് തീരെ കുറ്റബോധമില്ലെന്ന് ഷാമിമ ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഭീകരർ നിരവധി നിരപരാധികളുടെ തലവെട്ടിയെടുക്കുന്നതും നിറയൊഴിച്ച് കൊല്ലുന്നതും കണ്ടിട്ടും തന്റെ മനസ് പതറയിട്ടില്ലെന്നും എന്നാൽ ഇപ്പോൾ തന്നെ യുകെയിലേക്ക് തിരിച്ച് വരാൻ അനുവദിക്കണമെന്നുമാണ് ബീഗം അധികൃതരോട് അഭ്യർത്ഥിക്കുന്നത്. തനിക്ക് ഇപ്പോൾ പിറന്നിരിക്കുന്ന ആൺകുട്ടിയെ യുകെയിലേക്ക് കൊണ്ട് വരാൻ താൻ അതിയായി ആഗ്രഹിക്കുന്നുവെന്നാണ് ബീഗം പറയുന്നത്.
2015ൽ സിറിയയിലേക്ക് പലായനം ചെയ്തതിൽ തനിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്നും അത് തന്റെ വ്യക്തിത്വത്തെ അടിമുടി മാറ്റി മറിച്ചുവെന്നാണ് ഇപ്പോൾ 19 വയസുള്ള ബീഗം അവകാശപ്പെടുന്നത്. ഇതിലൂടെ തന്റെ മനസിനെ ശക്തമാക്കാനും ജീവിതത്തിൽ എന്തും നേരിടാനുള്ള ധൈര്യമുണ്ടാക്കിയെന്നും ബീഗം പറയുന്നു. കഴിഞ്ഞ ആഴ്ച നോർത്തേൺ സിറിയിലെ കുർദിഷുകളുടെ നിയന്ത്രണത്തിലുള്ള ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ബീഗത്തെ കണ്ടെത്തിയിരുന്നത്. അപ്പോൾ പൂർണഗർഭിണിയായിരുന്നു ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനെ തുടർന്ന് യുവതിയെ രാജ്യത്തേക്ക് തിരിച്ച് വരാൻ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ രാഷ്ട്രീയ രംഗത്ത് വൻ വാഗ്വാദങ്ങളും ഉയർന്ന് വന്നിരുന്നു. സിറിയയിലെത്തിയപ്പോൾ ഐസിസുകാർ ചെയ്ത് കൂട്ടുന്ന കൊടും ക്രൂരകൃത്യങ്ങൾ കണ്ട് താൻ ഞെട്ടിയിട്ടില്ലെന്നും കാരണം അതിന് മുമ്പ് തന്നെ തനിക്കിതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും താൻ കടുത്ത മതവാദിയായിരുന്നുവെന്നും ബീഗം വെളിപ്പെടുത്തുന്നു. സിറിയയിലെത്തി ദിവസങ്ങൾക്കം ഡച്ചുകാരനായ ജിഹാദിയെ ബീഗം വിവാഹം കഴിച്ചിരുന്നു. ഇയാൾ യുദ്ധത്തിൽ മരിച്ചുവെന്നാണ് സൂചന. ആദ്യ രണ്ട് പ്രസവത്തിൽ ജനിച്ച കുഞ്ഞുങ്ങളും പോഷകാഹാര കുറവ് കാരണം മരണപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Islamic state, London, ഇസ്ലാമിക് സ്റ്റേറ്റ്, ലണ്ടൻ, ഷാമിമ ബീഗം