അത്ഭുതവും ആശ്ചര്യവുമൊക്കെ നിറയുന്നതാണ് ആഴക്കടലിലെ കാഴ്ചകൾ. അത്തരമൊരു കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു വമ്പൻ സ്രാവ് (Shark) ക്യാമറ വിഴുങ്ങിയ വീഡിയോ ആണത്. സിമി ഡാ കിഡ് (Zimy Da Kid) എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ക്യാമറക്കരികിലൂടെ നീന്തുകയായിരുന്ന സ്രാവ് പെട്ടെന്ന് അത് വായിലാക്കുന്നതും ക്യാമറ വിഴുങ്ങാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്രാവിന്റെ ശരീരത്തിനകത്തെ കാഴ്ചകളാണ് അതിനു ശേഷം കാണുന്നത്. ഒരു ഇൻസ്റ്റാ 360 ക്യാമറയാണ് സ്രാവ് വിഴുങ്ങിയത്. സ്രാവിന്റെ വായുടെ ഉള്ളിലെ അറ ഉൾപ്പെടെയുള്ള കാഴ്ചകളാണ് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടത്.
"ഞങ്ങളുടെ പര്യവേഷണ വേളക്കിടെ ഈ ടൈഗർ സ്രാവ് എന്റെ ഇൻസ്റ്റാ 360 ക്യാമറ രുചിച്ചു നോക്കാൻ തീരുമാനിച്ച നിമിഷം" എന്ന അടിക്കുറിപ്പോടെയാണ് സിമി ഡാ കിഡ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ നിരവധി ലൈക്കുകളും ഷെയറുകളും നേടി വീഡിയോ വൈറലായി. ഇങ്ങനെയൊരു കാഴ്ച ഇതുവരെ കണ്ടിട്ടില്ലെന്നും ഇത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും പലരും കമന്റ് ചെയ്തു. ആധുനിക വാസ്തുവിദ്യ അടിസ്ഥാനമാക്കി പണിത ഒരു അപ്പാർട്ട്മെന്റിന്റെ തൂണുകളോട് സാമ്യമുള്ളതാണ് സ്രാവിന്റെ ശരീരത്തിന്റെ ഉൾഭാഗം എന്നാണ് വീഡിയോക്കു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്ന്. ''ഇവന് ഇത്രയും വിശപ്പുണ്ടോ?, ചുറ്റും ഒരുപാട് മീനുകൾ ഉണ്ടല്ലോ'', എന്നാണ് മറ്റൊരാളുടെ കമന്റ്.
അമേരിക്കൻ സ്വദേശിയായ ഡാന റോസ് എന്ന സ്ത്രീ ഒരു ചത്ത സ്രാവിന്റെ വായ തുറക്കുന്നതിന്റെ വിഡിയോയും മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വന്തം കൈകൾ ഉപയോഗിച്ചാണ് ഡാന ആ ഭീമൻ വെള്ള സ്രാവിന്റെ വായ തുറന്ന് അതിന്റെ പല്ലുകളുടെ ചിത്രമെടുത്തത്. യുഎസിലെ നോർത്ത് കരോലിനയിലെ ഹാറ്റെറാസ് ബീച്ചിൽ വെച്ചായിരുന്ന സംഭവം. കടൽത്തീരത്ത് തിരമാലകൾക്കൊപ്പം ഒഴുകിയെത്തിയതാണ് ആ വലിയ വെള്ള സ്രാവ് എന്നാണ് ഡാനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. സ്രാവ് ചത്തുകിടന്നിട്ടും അതിന്റെ അടുത്തേക്കു പോകാവൻ പലരും ഭയപ്പെട്ടിരുന്നു.
കടൽത്തീരത്ത് നടക്കുകയായിരുന്ന ഡാന റോസ് ഒരു ഞെട്ടലോടെയാണ് സ്രാവിനെ കണ്ടത്. സ്രാവിന്റെ നിരവധി ഫോട്ടോകൾ എടുത്ത് ഡാന ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. കൈകൾ കൊണ്ട് ഭീമാകാരനായ ജീവിയുടെ വായ തുറന്ന് പല്ലുകളുടെ ഫോട്ടോ എടുത്ത ഡാന പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. മത്സ്യത്തിന്റെ മൂർച്ചയുള്ള പല്ലുകൾ കണ്ട് കാഴ്ചക്കാർ അമ്പരക്കുകയും ചെയ്തിരുന്നു. ഡാനയുടെ ധീരതയെ പ്രശംസിച്ചും പലരും രംഗത്തെത്തി.
സമുദ്രങ്ങളുടെ തീരപ്രദേശത്തായാണ് ഇത്തരം ഭീമാകാരായ വലിയ വെള്ള സ്രാവുകൾ കാണപ്പെടാറ്. ഇവയ്ക്ക് 6.1 മീറ്റർ വരെ നീളവും 2500 കിലോയിൽ കൂടുതൽ ഭാരവും ഉണ്ടാകും.
കുറച്ചു നാളുകൾക്ക് മുൻപ് ഒരു ഗോ പ്രോ (GoPro) ക്യാമറ തട്ടിയെടുത്ത് പറക്കുന്ന തത്തയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.