• HOME
 • »
 • NEWS
 • »
 • world
 • »
 • Explained| ആരാണ് അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവാകാൻ സാധ്യതയുള്ള ഷെയ്ഖ് ഹൈബത്തുല്ല അഖുൻസാദ?

Explained| ആരാണ് അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവാകാൻ സാധ്യതയുള്ള ഷെയ്ഖ് ഹൈബത്തുല്ല അഖുൻസാദ?

പുതിയ ഭരണകൂടം മറ്റ് ഉന്നത താലിബാന്‍ നേതാക്കളെ പ്രധാന സ്ഥാനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനും സാധ്യതയുണ്ട്.

 • Last Updated :
 • Share this:
  അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം അതിവേഗം പിടിച്ചെടുത്ത താലിബാന്‍ വെറും ആഴ്ചകള്‍ക്കുള്ളില്‍ പുതുതായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. താലിബാന്‍ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത ആത്മീയ നേതാവായ ഷെയ്ഖ് ഹൈബത്തുള്ള അഖുന്‍സാദയുടെ നേതൃത്വത്തിലായിരിക്കും പുതിയ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  പുതിയ സര്‍ക്കാര്‍ എപ്പോള്‍ പ്രഖ്യാപിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. താലിബാന്‍ ഭരണത്തെ ഭയന്ന് രാജ്യത്ത് നിന്ന് ആയിരക്കണക്കിന് അഫ്ഗാനികള്‍ പലായനം ചെയ്തതോടെ മനുഷ്യാവകാശ പ്രതിസന്ധിക്ക് പുറമെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉള്‍പ്പെടെ രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന വായ്പാ ദാതാക്കളും ഫണ്ട് വെട്ടിക്കുറച്ചത് പുതിയ സര്‍ക്കാരിന് വെല്ലുവിളിയാകും. ഇത് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമാകും.

  കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന അഭിമുഖങ്ങളില്‍, പുതിയ ഇസ്ലാമിക് ഗവണ്‍മെന്റിന്റെ പരമോന്നത നേതാവായിരിക്കും ഷെയ്ഖ് ഹൈബത്തുള്ള എന്ന് താലിബാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച അദ്ദേഹം മറ്റ് അഫ്ഗാന്‍ നേതാക്കളുമായി കാണ്ഡഹാറില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ഭരണസമിതിയുടെ ഉന്നത നേതാവായിരിക്കും ഷെയ്ഖ് ഹൈബത്തുള്ള എന്ന് ഗ്രൂപ്പിന്റെ സാംസ്‌കാരിക കമ്മീഷന്‍ അംഗം ബിലാല്‍ കരിമി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

  ആരാണ് ഷെയ്ഖ് ഹൈബത്തുള്ള അഖുന്‍സാദ

  തന്റെ മുന്‍ഗാമി അക്തര്‍ മന്‍സൂര്‍ 2016ല്‍ അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം താലിബാന്റെ പരമോന്നത നേതാവായി ഷെയ്ഖ് ഹൈബത്തുള്ള അധികാരമേറ്റു. കാണ്ഡഹാറിന് പുറത്ത് പഞ്ച്വായ് ജില്ലയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം മദ്രസകളിലും മതവിദ്യാലയങ്ങളിലുമാണ് പഠിച്ചു വളര്‍ന്നത്. സോവിയറ്റ് അധിനിവേശത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം പിന്നീട് പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് മാറി.

  പിന്നീട് 1980 കളില്‍, ഷെയ്ഖ് ഹൈബത്തുള്ള, 'ഇസ്ലാമിക പ്രതിരോധത്തിന്റെ' ഭാഗമായി സോവിയറ്റുകളോട് പോരാടാന്‍ യുവ മത വിദ്യാര്‍ത്ഥികളോടൊപ്പം ചേര്‍ന്നു. അദ്ദേഹം പാക്കിസ്ഥാനിലെ ഒരു മദ്രസയില്‍ പഠനം തുടര്‍ന്നു. താലിബാന്‍ സ്ഥാപകന്‍ മുല്ല മുഹമ്മദ് ഒമറിന്റെ മത 'ഉപദേഷ്ടാവായി' വളര്‍ന്നു, ക്രമേണ ഷെയ്ഖ് ഉള്‍-ഹദീസ് അല്ലെങ്കില്‍ മികച്ച മത പണ്ഡിതന്‍, മൗലവി എന്നീ പദവികളില്‍ എത്തി. ഏറ്റവും ഉയര്‍ന്ന മതപരമായ പദവികളാണിവ.

  1990 കളില്‍ സോവിയറ്റ് സൈന്യം പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് താലിബാനുമായി അദ്ദേഹത്തിന്റെ ബന്ധം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ പണ്ഡിത പശ്ചാത്തലം കാരണം, അദ്ദേഹം ഒരു സൈനിക മേധാവിയെന്നതിനേക്കാള്‍ ഒരു മതനേതാവായാണ് അറിയപ്പെടുന്നത്. പക്ഷേ, താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഫറ പ്രവിശ്യ പിടിച്ചടക്കിയപ്പോള്‍, ആ പ്രദേശത്തെ ക്രമസമാധാനം നിയന്ത്രിക്കാന്‍ അദ്ദേഹത്തെ നിയമിച്ചു. പിന്നീട് അഖുന്‍സാദയെ കാണ്ഡഹാറിലെ താലിബാന്‍ സൈനിക കോടതിയില്‍ നിയമിക്കുകയും ഒടുവില്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലേക്ക് മാറ്റുകയും ചെയ്തു, അവിടെ അദ്ദേഹം സൈനിക കോടതിയുടെ തലവനായിരുന്നു.

  താലിബാന്‍ കോടതിയിലെ ഒരു സ്ഥിരം അംഗം, കുറ്റവാളികളായ കൊലപാതകികളുടെയും വ്യഭിചാരികളുടെയും പരസ്യമായ വധശിക്ഷ പോലുള്ള തീവ്ര ഇസ്ലാമിക ശിക്ഷകളെ പിന്തുണയ്ക്കുന്നതുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ നിരവധി തീരുമാനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ഷെയ്ഖ് ഹൈബത്തുള്ള അഖുന്‍സാദ.

  2001ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയതിന് ശേഷം താലിബാനെ അട്ടിമറിച്ചതോടെ അദ്ദേഹത്തെ മതപണ്ഡിതരുടെ തീവ്രവാദ ഗ്രൂപ്പിന്റെ കൗണ്‍സിലിന്റെ തലവനായി നിയമിച്ചു. പൊതുജനങ്ങളുമായുള്ള അഖുന്‍സാദയുടെ ഇടപെടലുകള്‍ വിവിധ ഇസ്ലാമിക അവധി ദിവസങ്ങളില്‍ പ്രസ്താവനകള്‍ പുറത്തിറക്കുന്നതില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്.

  താലിബാന്റെ കീഴിലുള്ള പുതിയ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

  അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഖത്തറിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ഷെര്‍ അബ്ബാസ് സ്രാനിക്സായ് പറഞ്ഞു. പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ താലിബാന്‍ ഭരണം അംഗീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.

  ഇറാനിലെ പരമോന്നത നേതാവിന് സമാനമായ ഒരു ദിവ്യാധിപത്യ പദവി വഹിക്കുന്ന ഷെയ്ഖ് ഹൈബത്തുല്ല പരമോന്നത നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'പുതിയ സര്‍ക്കാരിനെക്കുറിച്ച് കൂടിയാലോചനകള്‍ ഏതാണ്ട് പൂര്‍ത്തിയായി, മന്ത്രിസഭയെക്കുറിച്ച് ആവശ്യമായ ചര്‍ച്ചകളും നടന്നിട്ടുണ്ട്,' അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ സാംസ്‌കാരിക കമ്മീഷന്‍ അംഗം പറഞ്ഞു. ഞങ്ങള്‍ പ്രഖ്യാപിക്കുന്ന ഇസ്ലാമിക സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കും. ഗവണ്‍മെന്റില്‍ കമാന്‍ഡര്‍ ഓഫ് ദി ഫെയ്ത്ത്ഫുള്‍ (അഖുന്‍സാദ) സാന്നിധ്യമുണ്ടെന്നതില്‍ സംശയമില്ല. അദ്ദേഹം സര്‍ക്കാരിന്റെ നേതാവാകും''

  1996 മുതല്‍ 2001 വരെ കടുത്ത ശരീഅത്ത് നിയന്ത്രണം അനുസരിച്ചാണ് താലിബാന്‍ ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ തങ്ങള്‍ ഒരു ഏകാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കില്ലെന്ന് നേരത്തെ തന്നെ താലിബാന്‍ പറഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ വിവിധ വംശീയ സമൂഹങ്ങളുടെ പ്രതിനിധികളായിരിക്കും, കൂടാതെ വനിതാ നേതാക്കളും ഉള്‍പ്പെടും.

  താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ സര്‍ക്കാരിന്റെ തലവനായി ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍, പുതിയ ഭരണകൂടം മറ്റ് ഉന്നത താലിബാന്‍ നേതാക്കളെ പ്രധാന സ്ഥാനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനും സാധ്യതയുണ്ട്. അവരില്‍ താലിബാന്‍ ഡെപ്യൂട്ടി സിറാജുദ്ദീന്‍ ഹഖാനിയും മുല്ല ഒമറിന്റെ മകന്‍ മൗലവി മുഹമ്മദ് യാക്കൂബും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റവും അതിന് പിന്നാലെയുണ്ടായ താലിബാന്‍ ആക്രമണവുമെല്ലാം വളരെ പെട്ടന്നായിരുന്നു. താലിബാനെതിരെ പോരാടാന്‍ പോലും മെനക്കെടാതെ അഫ്ഗാനിസ്ഥാന്റെ സായുധസേന ആയുധം താഴെവെച്ച് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ 70,000ത്തോളം വരുന്ന അഫ്ഗാന്‍ പോലീസ് ഉദ്യാഗസ്ഥരും സൈനികരും ഇതിനോടകം താലിബാനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്നും ചില കണക്കുകള്‍ പുറത്തു വന്നിരുന്നു.
  Published by:Jayashankar AV
  First published: