• HOME
  • »
  • NEWS
  • »
  • world
  • »
  • Nobuyuki Idei | നോബുയുക്കി ഐഡെ അന്തരിച്ചു; SONY കമ്പനിയെ ആ​ഗോള ഭീമനാക്കാൻ ചുക്കാൻ പിടിച്ചയാൾ

Nobuyuki Idei | നോബുയുക്കി ഐഡെ അന്തരിച്ചു; SONY കമ്പനിയെ ആ​ഗോള ഭീമനാക്കാൻ ചുക്കാൻ പിടിച്ചയാൾ

1998 മുതൽ 2005 വരെയുള്ള കാലയളവിലാണ് നോബുയുക്കി ഐഡെ സോണിയുടെ സിഇഒ ആയിരുന്നത്

  • Share this:
    സോണി (Sony) കമ്പനിയുടെ മുൻ സിഇഒ നോബുയുക്കി ഐഡെ (Nobuyuki Idei) അന്തരിച്ചു. 84 വയസ്സായിരുന്നു. ഡിജിറ്റൽ, എന്റർടൈൻമെന്റ് രംഗങ്ങളിലെ സോണിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ആൾ കൂടിയാണ് അദ്ദേഹം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ജൂൺ 2നാണ് അദ്ദേഹം മരിച്ച വിവരം കമ്പനി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. 1998 മുതൽ 2005 വരെയുള്ള കാലയളവിലാണ് നോബുയുക്കി ഐഡെ സോണിയുടെ സിഇഒ ആയിരുന്നത്.

    ഇന്റർനെറ്റ് യുഗത്തിലേക്ക് സോണിയെ സജ്ജമാക്കുന്നതിൽ ഐഡെയുടെ കാഴ്ചപ്പാടിനോട് താനും കമ്പനിയും കടപ്പെട്ടിരിക്കുന്നുവെന്ന് സോണി ചീഫ് എക്‌സിക്യൂട്ടീവ് കെനിചിരോ യോഷിദ (Kenichiro Yoshida) പറഞ്ഞു. ''1998 മുതൽ, സിഇഒ ആയിരുന്ന ഏഴു വർഷക്കാലം, ഒരു അന്താരാഷ്ട്ര കമ്പനിയായുള്ള സോണിയുടെ പരിണാമത്തിന് ഐഡെ വലിയ സംഭാവനകൾ നൽകി. അദ്ദേഹം ഇന്റർനെറ്റിന്റെ സാധ്യതകളെക്കുറിച്ച് പ്രവചിക്കുകയും സോണിയിൽ ഉടനീളം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് സജീവമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മുൻകരുതലും ദീർഘവീക്ഷണവും എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്നു'', ഐഡെയെ അനുസ്മരിച്ചു കൊണ്ട് കെനിചിരോ യോഷിദ പറഞ്ഞു.

    ജപ്പാനിലെ മികച്ച ബ്രാൻഡുകളിലൊന്നാണ് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോണി. വാക്ക്മാൻ പോർട്ടബിൾ മ്യൂസിക് പ്ലെയറിനെ (Walkman portable music player) കമ്പനി ലോകമെമ്പാടും എത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും മുക്തമാകാൻ ജപ്പാൻ ശ്രമിച്ചു കൊണ്ടിരുന്ന 1940-കളിലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. അകിയോ മോറിറ്റ (Akio Morita) എന്നയാളാണ് കമ്പനി സ്ഥാപിച്ചത്. 1970-കളിൽ, സോണി വാക്ക്മാൻ വികസിപ്പിക്കുന്ന സമയത്ത്, കമ്പനിയിലെ ചില എഞ്ചിനീയർമാർക്ക് അത് വിജയിക്കുമോ എന്ന കാര്യത്തിൽ പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ യാത്രയ്ക്കിടയിലും ആളുകൾ സംഗീതം കേൾക്കുമെന്നും വാക്ക്മാൻ ഹിറ്റ് ആകുമെന്നും മോറിറ്റ ഊന്നിപ്പറഞ്ഞു.

    ടോക്കിയോയിലെ പ്രശസ്തമായ വസേഡ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, 1960-ലാണ് നോബുയുക്കി ഐഡെ സോണിയിൽ ചേർന്നത്. കമ്പനിയുടെ ഓഡിയോ, വീഡിയോ ഡിവിഷനുകളിലാണ് അദ്ദേഹം ആദ്യം ജോലി ചെയ്തിരുന്നത്. 1995-ൽ സോണിയുടെ പ്രസിഡന്റായി നിയമിതനായ അദ്ദേഹം, വയോ ലാപ്‌ടോപ്പ് പോലുള്ള കമ്പനിയുടെ ഹിറ്റ് ഉൽപന്നങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആൾ കൂടിയാണ്. മൂന്നു വർഷങ്ങൾ‍ക്കു ശേഷം അദ്ദേഹം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായി. 1980 കളിലും 1990 കളിലും സോണിയെ നയിച്ചിരുന്ന നോറിയോ ഓഖ (Norio Ohga) ആയിരുന്നു അദ്ദേഹത്തിന്റെ മുൻ​ഗാമി.

    പ്ലേസ്റ്റേഷൻ വീഡിയോ ഗെയിം ബിസിനസ് ഉൾപ്പെടെയുള്ള രം​ഗങ്ങളിലെ വളർച്ച ഉറപ്പാക്കിക്കൊണ്ട് ഐഡെ സോണിയെ അന്താരാഷ്ട്ര തലത്തിൽ വിപുലീകരിച്ചു. സംഗീതവും സിനിമകളും ഉൾപ്പെടുന്ന സോണിയുടെ വിശാലമായ വിനോദ സാമ്രാജ്യത്തിന്റെ വളർച്ചക്കും അദ്ദേഹം ചുക്കാൻ പിടിച്ചു. ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ രാജ്യത്തെ സഹായിക്കാനായി, 2000-ൽ ജപ്പാനിന്റെ ഗവൺമെന്റ് ഐടി സ്ട്രാറ്റജി കൗൺസിലിനെ നയിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു.
    Published by:Rajesh V
    First published: