#ഡി.പി സതീഷ്
ന്യൂഡൽഹി: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 800 ടെസ്റ്റ് വിക്കറ്റുകൾ നേടിയ 'ദൂസര' മാസ്റ്റർ 1996ൽ ശ്രീലങ്ക ലോകകപ്പ് നേടിയ ലങ്കൻ ടീമിലെ അംഗവുമാണ്. എന്നാൽ, ക്രിക്കറ്റ് കൊണ്ട് ഹൃദയം കീഴടക്കിയ മുത്തയ്യ മുരളീധരൻ ഇപ്പോൾ തമിഴ് ജനതയുടെ കോപത്തിനാണ് പാത്രമായിരിക്കുന്നത്. ശ്രീലങ്കയിലെ ഉത്തര പ്രവിശ്യയിലെ തമിഴ് ആധിപത്യമുള്ള മേഖലയിൽ മുരളിയെ ഗവർണർ ആയി നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇവിടുത്തെ തമിഴ് ജനതയെ അസ്വസ്ഥരാക്കുന്നത്.
അടുത്തിടെ ശ്രീലങ്കയിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതാബയ രജപക്സെയെ പിന്തുണച്ച് മുത്തയ്യ മുരളീധരൻ രംഗത്തെത്തിയിരുന്നു. 1972 ഏപ്രിൽ 17ന് ശ്രീലങ്കയിലെ കാൻഡിയിലാണ് മുരളധരൻ ജനിച്ചത്. ശ്രീലങ്കയുടെ പ്രസിഡന്‍റ് ആയി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗോതാബയ രജപക്സെയെ പിന്തുണച്ച മുരളി ശ്രീലങ്കൻ തമിഴർ മാത്രമുള്ള ഉത്തര പ്രവിശ്യയിൽ ഗവർണർ ആയേക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയകേന്ദ്രങ്ങളിൽ ശക്തമാണ്.
അതേസമയം, മുരളിയുടെ ഗവർണർ നിയമനം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാൽ, മുരളീധരനെ ഗവർണർ ആക്കുന്നതിനെതിരെ ഉത്തര പ്രവിശ്യയിലെ തമിഴർ രംഗത്തു വന്നു കഴിഞ്ഞു.
മഹിന്ദ രജപക്സെ ശ്രീലങ്കയുടെ പ്രസിഡന്‍റ് ആയിരുന്ന 2005 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ഗോതാബയ പ്രതിരോധ സെക്രട്ടറി ആയിരുന്നു. ആ കാലഘട്ടത്തിൽ തമിഴർക്കെതിരായി ഉണ്ടായ നിയമപരമല്ലാത്ത യുദ്ധ കുറ്റകൃത്യങ്ങളെ മുത്തയ്യ മുരളീധരൻ പിന്തുണച്ചിരുന്നു. മുരളിയുടെ ഈ നിലപാട് തമിഴ് ജനതയെ പ്രകോപിപ്പിക്കുകയും ചെയ്തു. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനം ശ്രീലങ്കൻ തമിഴരും ഇന്ത്യൻ തമിഴരുമാണ്.
ശ്രീലങ്കയുടെ വടക്കും കിഴക്കും പ്രദേശങ്ങളിൽ താമസിക്കുന്ന സ്വദേശികളായ തമിഴരാണ് ശ്രീലങ്കൻ തമിഴർ. ശ്രീലങ്കയിലെ ഉയർന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി ബ്രിട്ടീഷ് ഭരണകാലത്ത് ദ്വീപിലേക്ക് കുടിയേറിയ തമിഴ്‌നാട്ടിൽ നിന്നുള്ള കൂലിത്തൊഴിലാളികളാണ് ഇന്ത്യൻ തമിഴർ. മുരളിയും ഒരു ഇന്ത്യൻ തമിഴനാണ്.
യുദ്ധ കുറ്റകൃത്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആയിരുന്നു മുരളി എല്ലായ്പ്പോഴും വാദിച്ചിരുന്നത്.
"അദ്ദേഹത്തിന്‍റെ പൊതുനിലപാടിൽ യുദ്ധക്കുറ്റങ്ങളും വംശഹത്യയും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് ഇത് എങ്ങനെ പറയാൻ കഴിയും? അദ്ദേഹം തന്നെ ഒരു തമിഴനല്ലേ? ഞങ്ങൾ അദ്ദേഹത്തിൽ കടുത്ത നിരാശരാണ്. രാജപക്സെയുടെ നല്ല പുസ്തകത്തിൽ ഇടം പിടിക്കാനാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ഇത് അങ്ങേയറ്റം ഭീതിജനകമാണ്" കാൻഡിയിൽ നിന്നുള്ള ഒരു തമിഴ് പത്രപ്രവർത്തകൻ പറഞ്ഞു.
"പരിക്കിനെ അപമാനിക്കുന്നത് പോലെയാണ് ഇത്. ഗോതാബയയുടെ കീഴിലാണ് വടക്കൻ പ്രവിശ്യയിലെ തമിഴർ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. ഇത്തവണ 80% ത്തിലധികം പേരും അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. മുരളിയെ അവർ ഇഷ്ടപ്പെടുന്നില്ല" പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൊളംബോ ആസ്ഥാനമായുള്ള ഒരു ശ്രീലങ്കൻ തമിഴൻ പറഞ്ഞു.
അതേസമയം, മുരളിക്ക് അദ്ദേഹത്തിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമായ തരത്തിലുള്ള പ്രതിഫലം നൽകാനാണ് പ്രസിഡന്‍റ് ഗോതാബയ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, അദ്ദേഹം ഉത്തരപ്രവിശ്യയുടെ ഗവർണർ ആകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
"വാർത്തകൾ ഇതിനകം ചോർന്നു കഴിഞ്ഞു. ഒരുപക്ഷേ, സർക്കാർ ജനങ്ങളുടെ വികാരം പരീക്ഷിക്കുകയാണ്. ഇതിനകം തന്നെ ധാരാളം എതിർപ്പുകൾ ഉണ്ടായതിനാൽ അദ്ദേഹത്തെ ഗവർണർ ആക്കിയേക്കില്ല. അദ്ദേഹത്തിന് മറ്റെന്തെങ്കിലും പദവി ലഭിച്ചേക്കാം. ചിലപ്പോൾ അതൊരു സ്ഥാനപതി തസ്തിക ആയിരിക്കും." മുതിർന്ന തമിഴ് നാഷണൽ അലയൻസ് (ടിഎൻഎ) നേതാവ് പറഞ്ഞു.
മുരളിയുടെ "ദൂസര" ഇത് ആദ്യമായാണ് അടയാളപ്പെടുത്താതെ പോകുന്നതെന്ന് തോന്നുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Srilanka