• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka | അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

Sri Lanka | അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍ , യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉപയോഗത്തില്‍ നിന്നാണ് ജനങ്ങളെ ലങ്കന്‍ ഭരണകൂടം വിലക്കിയത്

 • Share this:
  സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍ , യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉപയോഗത്തില്‍ നിന്നാണ് ജനങ്ങളെ ലങ്കന്‍ ഭരണകൂടം വിലക്കിയത്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

  "വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ, ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവര്‍ത്തനം പരിമിതപ്പെടുത്തി ശ്രീലങ്ക രാജ്യവ്യാപകമായി സോഷ്യൽ മീഡിയ ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയതായി," നെറ്റ്ബ്ലോക്ക്സ് ട്വീറ്റ് ചെയ്തു.

  അതേസമയം,  ജനങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ നിരോധനം ഫലം ചെയ്യില്ലെന്നും. കൂടുതല്‍ കാര്യക്ഷമമായി ചിന്തിക്കണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ യുവജന കായിക വകുപ്പ് മന്ത്രി നമാല്‍ രജപക്സെ പറഞ്ഞു.

  രാജ്യം നേരിടുന്ന വൈദ്യുതി ക്ഷാമവും പണപ്പെരുപ്പവും തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

   Also Read- ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: 'ഗോ ഹോം ഗോട്ട' പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം

  അതേസമയം, ശ്രീലങ്കയിലേക്ക് (Sri Lanka) ഇന്ത്യ സൈന്യത്തെ അയക്കാന്‍ ഒരുങ്ങുന്നു എന്ന പ്രചാരണത്തിനെതിരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ (Indian High Commission) രംഗത്തെത്തി. പ്രസ്തുത പ്രചാരണം നടത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു.

  'ഇന്ത്യ തങ്ങളുടെ സൈനികരെ ശ്രീലങ്കയിലേക്ക് അയയ്‌ക്കുന്നുവെന്ന് ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ ഹൈക്കമ്മീഷൻ ശക്തമായി നിഷേധിക്കുന്നു' എന്ന് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

  "ഇത്തരം നിരുത്തരവാദപരമായ റിപ്പോർട്ടിംഗിനെ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിക്കുന്നു, ബന്ധപ്പെട്ടവർ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും" ഹൈക്കമ്മീഷന്‍റെ പ്രസ്താവനയില്‍ പറയുന്നു.

  Also Read- ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ചൈനയോ? യഥാർഥ പ്രശ്നം അത് മാത്രമല്ല

  ഗോട്ടബായ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സഹായിക്കാൻ ശ്രീലങ്കയിലേക്ക് സൈനികരെ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കമ്മീഷന്‍ വിശദീകരണം നൽകിയത് .

  അതേസമയം കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് 40,000 മെട്രിക് ടൺ ഡീസൽ ശനിയാഴ്ച ഇന്ത്യ കൈമാറി. നിയന്ത്രണരേഖയ്ക്ക് കീഴില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുന്ന നാലാമത്തെ ലോഡ് ചരക്കാണിത്. കഴിഞ്ഞ 50 ദിവസത്തിനിടെ ഇന്ത്യയുടെ ശേഖരത്തില്‍ നിന്നും 2,00,000 ടണ്‍ ഇന്ധനമാണ് ശ്രീലങ്കന്‍ ജനതക്കായി ഇന്ത്യ കൈമാറിയത്.

  ഇതിനിടെ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്‍റെ ഭാഗമായി ശ്രീലങ്കയില്‍  രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂര്‍ നേരത്തെക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 6 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് കര്‍ഫ്യൂ. കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

  പബ്ലിക് സെക്യൂരിറ്റി ഓർഡിനൻസ് ചട്ടങ്ങൾ പ്രകാരമാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ നിർദേശം നൽകിയത്. പ്രതിസന്ധികളില്‍ രോഷാകുലരായ പ്രതിഷേധക്കാർ  പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട്  തലസ്ഥാനമായ കൊളംബോയിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത്  പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ് രാജപക്‌സെ രാജ്യവ്യാപകമായി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാർച്ച് 31 ന് നടന്ന പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിരുന്നു. ടൂറിസം മേഖലയുടെ തകർച്ചയെത്തുടർന്ന് കോവിഡ് മഹാമാരിക്ക് ശേഷം ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന നിലയിലാണ്.
  Published by:Arun krishna
  First published: