കൊളംബോ: ശ്രീലങ്കയില്‍ (Sri Lanka) സര്‍ക്കാര്‍വിരുദ്ധ വികാരം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ(Gotabaya Rajapaksa) വീണ്ടും അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്.
അഞ്ചാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കന്‍ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. പൊതുക്രമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു.
പാര്‍ലമെന്റിനുപുറത്ത് വ്യാഴാഴ്ച അര്‍ധരാത്രി വലിയ പ്രതിഷേധം നടന്നിരുന്നു. തൊഴിലാളിസംഘടനകള്‍ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് വെള്ളിയാഴ്ച ഹര്‍ത്താലും നടത്തിയിരുന്നു. ലങ്കയില്‍ രാജ്യവ്യാപകമായി സ്‌കൂളുകളും കടകളും അടഞ്ഞുകിടക്കുകയാണ്.
ലങ്കൻ പാർലമെന്റിനു സമീപം പ്രതിഷേധിച്ചവർക്കു നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്തു ക്ഷാമമാണ്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയിൽ ക്ഷമകെട്ട ജനം തെരുവിലിറങ്ങുകയായിരുന്നു. പാർലമെന്റിലേക്കുള്ള പാതയിൽ ആയിരക്കണക്കിനു വിദ്യാർഥികളാണു പ്രതിഷേധവുമായി തുടരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷവും പാർലമെന്റിനു സമീപത്തെ പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും ജനങ്ങൾ പിന്മാറിയില്ല.
1948 -ൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. 'ഗോ ഹോം ഗോട്ട' (Go home Gota) എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Emergency, Sri Lanka, Sri Lanka President