ഡി പി സതീഷ്
ബെംഗളൂരു: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് മത്സരാർഥികൾ. 35 പേരാണ് മത്സരരംഗത്തുള്ളത്. മൂന്നടിയാണ് ബാലറ്റ് പേപ്പറിന്റെ നീളം. സജിത് പ്രേമദാസയുടെ ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയും (യുഎൻപി)ഗോതബായ രാജപക്സെ യുടെ ശ്രീലങ്ക പൊതുജന പെരമുനയും(എസ്എൽപിപി) തമ്മിലാണ് പ്രധാന മത്സരം. ബന്ദാരനായകെ കുടുംബത്തിന്റെ ശ്രീലങ്ക ഫ്രീഡം പാർട്ടിയിൽ നിന്ന് പിരിഞ്ഞുണ്ടായതാണ് എസ്എൽപിപി.
കൊല്ലപ്പെട്ട പ്രസിഡന്റ് രണസിംഹെ പ്രേമദാസയുടെ മകനും അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ പഠിച്ച 52കാരനായ സജിത് ഇതുവരെ 160 പൊതുയോഗങ്ങളിൽ പങ്കെടുത്തു. യുഎൻപി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുന്നതിന് മുമ്പ് വരെ തീപ്പൊരി പ്രസംഗത്തിന് സജിത് പ്രശസ്തനായിരുന്നില്ല. തെരഞ്ഞെടുപ്പ് റാലികളിലെ മിന്നൽ പ്രസംഗങ്ങളിലൂടെ സ്വന്തം പാർട്ടിയെയും പ്രതിപക്ഷത്തെയും അതിശയപ്പെടുത്തിയിരിക്കുകയാണ് സജിത്.
അഴിമതിക്ക് പേരുകേട്ട ശ്രീലങ്കയിൽ സജിതിന് നല്ല പ്രതിച്ഛായയാണുള്ളത്. അച്ഛനെപ്പോലെ തന്നെ സാധാരണക്കാരുമായിട്ടാണ് സജിത് ഇടപെട്ടിരുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും പാവപ്പെട്ടവരുടെയും ഗ്രാമീണരുടെയും വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന എതിരാളിയായ രാജപക്സെയെ ഏറ്റവും അഴിമതിക്കാരനും കുറ്റവാളിയുമെന്നാണ് സജിത് വിശേഷിപ്പിച്ചത്. ഭരണഘടന സ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കുമെന്നും സജിത് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
മുൻ പ്രതിരോധ സെക്രട്ടറിയും മുൻ പ്രസിഡന്റ് മഹിന്ദ രാജപ്ക്സെയുടെ സഹോദരനുമായ ഗോതബായ രാജപക്സെ ദേശീയ സുരക്ഷ,രാജ്യത്തിന്റെ ഐക്യം എന്നിവ ഉയർത്തിപ്പിടിച്ചാണ് വോട്ട് തേടുന്നത്. കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തു നടന്ന ഈസ്റ്റർ ദിന ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ ഭരണകക്ഷിയായ യുഎന്‍പിക്ക് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും രാജപക്സെയുടെ പാർട്ടി പ്രവർത്തകർ പറയുന്നു.
അതേസമയം ഗോതബായയുടെ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചെന്ന് ഗോതബായ പറയുന്നുണ്ടെങ്കിലും അത് ആരും വിശ്വസിച്ചിട്ടില്ല.
ഗോതബായയ്ക്ക് തെക്കൻ പ്രവിശ്യകളിലും സബരഗമുവ പ്രവിശ്യകളിലും മേൽക്കോയ്മ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉവ, മധ്യ-വടക്കൻ പ്രവിശ്യകൾ, മധ്യ പ്രവിശ്യ എന്നിവിടങ്ങളിൽ സജിത്തിൽ നിന്ന് ശക്തമായ പോരാട്ടം നേരിടേണ്ടി വരും. വടക്കൻ, കിഴക്കൻ പ്രവിശ്യകളിലും വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലുമാണ് സജിത്തിന് മുന്‍തൂക്കമുള്ളത്. കൊളംബോ ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിൽ ഭൂരിപക്ഷ വോട്ടുകൾ നേടാൻ ഇരുപാർട്ടികളും ശക്തമായ പ്രചാരണം നടത്തിയിട്ടുണ്ട്.
മാർക്സിസ്റ്റ് ജനത വിമുക്തി പെരമുന അനുര കുമാര ദിസനായകെയെ സ്ഥാനാർഥിയായി നിർത്തിയിട്ടുണ്ട്. പത്ത് ലക്ഷം വോട്ടുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ദിസനായകെ. മുൻ സൈനിക മേധാവി മഹേഷ് സേനനായകെയും മത്സരിക്കുന്നുണ്ട്. തമിഴ്, മുസ്ലിം വോട്ടർമാരുടെ പിന്തുണയിൽ സജിത് വിജയിക്കുമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ ഭൂരിഭാഗം സിംഹളെ വോട്ടും നേടി ഗോതബായ വിജയിക്കുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം സ്ഥാനാർഥികൾക്ക് അമ്പത് ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചില്ലെങ്കിൽ ശ്രീലങ്ക ആദ്യമായി രണ്ടാം മുൻഗണന വോട്ടെടുപ്പിലേക്ക് കടക്കുമെന്നും ചിലർ ഭയപ്പെടുന്നുണ്ട്. 2.2 കോടിയാണ് ശ്രീലങ്കയിലെ ജനസംഖ്യ. അതിൽ 1.6 കോടി പേർക്ക് വോട്ടവകാശമുണ്ട്. 1.2 മുതൽ 1.3 കോടി പേർ വോട്ടവകാശം രേഖപ്പെടുത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാദ്യമായി നിലവിലെ പ്രസിഡന്റോ, പ്രധാനമന്ത്രിയോ, പ്രതിപക്ഷ നേതാവോ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശനിയാഴ്ച വൈകിട്ട് വോട്ടെണ്ണൽ ആരംഭിക്കും. ഞായറാഴ്ച ഫല പ്രഖ്യാപനം ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.