കൊളംബോ: സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അതീവജാഗ്രത തുടരുന്നു. ആക്രമണം തടയുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കേ വ്യക്തമാക്കി. അതേസമയം, നാല് ഇന്ത്യക്കാർ അടക്കം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണ 262 ആയി.
സ്ഫോടനം നടന്നയിടങ്ങൾക്ക് പുറമേ മറ്റു ചില കേന്ദ്രങ്ങൾ കൂടി തീവ്രവാദികൾ ലക്ഷ്യമിട്ടതായാണ് വിവരം. കൊളംബോയിൽ സ്ഥിതി ചെയ്യുന്ന രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലും, കൊളംബോ തുറമുഖത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. തുറമുഖത്തിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുകളും സൈന്യം പിടിച്ചെടുത്തു.
രാജ്യത്ത് ഉടനീളം കനത്ത സുരക്ഷ തുടരുകയാണ്. നിരോധനാജ്ഞയും സാമൂഹ്യമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
Sri Lanka Terror Attack: സ്ഫോടന പരമ്പരകളിൽ വിറങ്ങലിച്ച് ശ്രീലങ്കആക്രമണം തടയുന്നതിൽ പെലീസിനും സേനക്കും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കേ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ ശ്രീലങ്കൻ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിവിധയിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ ഇതുവരെ 262 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 36 പേർ വിദേശികളാണ്. മരിച്ച നാല് ഇന്ത്യക്കാരിൽ കാസർകോട് സ്വദേശിനിയായ പി.എസ് റസീനയും ഉൾപ്പെടും. സ്‌ഫോടനത്തില്‍ മരിച്ച ഇവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങി.
അഞ്ഞൂറോളം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ആക്രമണത്തിൽ ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി. ഈസ്റ്റർ ദിനത്തിലാണ് പ്രശസ്തമായ നെഗോമ്പോ സെൻ സെബാസ്റ്റിയൻ പള്ളി, കൊളംബോ സെന്‍റ് ആന്‍റണീസ് പള്ളി, മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിലായി എട്ട് സ്ഫോടനങ്ങളുണ്ടായത്.
ശ്രീലങ്കയിൽ ഉണ്ടായ വന്‍ സ്‌ഫോടനത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങൾക്കായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് ആരോഗ്യ വകുപ്പ് രൂപം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള 15 അംഗങ്ങൾ ആണ് സംഘത്തിൽ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെയും ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെയും അനുമതി ലഭിച്ചാൽ ഉടന്‍ സംഘം പുറപ്പെടും എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.