• HOME
  • »
  • NEWS
  • »
  • world
  • »
  • Gotabaya Rajapaksa | അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങി ഗോതബയ രാജപക്സെ; ഗ്രീൻ കാർഡിന് അപേക്ഷിച്ചെന്ന് റിപ്പോർട്ട്

Gotabaya Rajapaksa | അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങി ഗോതബയ രാജപക്സെ; ഗ്രീൻ കാർഡിന് അപേക്ഷിച്ചെന്ന് റിപ്പോർട്ട്

പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിന് ശേഷം രാജ്യം വിട്ട രാജപക്സെ ഭാര്യക്കും മകനുമൊപ്പം തായ‍്‍ലൻഡിലുള്ള ഒരു ഹോട്ടലിലാണ് കഴിയുന്നത്.

  • Last Updated :
  • Share this:
    ശ്രീലങ്കയിലെ (Sri Lanka) പ്രതിഷേധങ്ങളെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻ പ്രസിഡൻറ് ഗോട്ടബായ രാജപക്സെ (Gotabaya Rajapaksa) അമേരിക്കയിൽ സ്ഥിരതാമസം ആക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് വലഞ്ഞ രാജ്യം വലിയ പ്രതിസന്ധിയെയാണ് നേരിട്ടത്. ഇതേതുടർന്ന് ജനങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്. പ്രതിഷേധം കനത്തതോടെ രാജപക്സെക്ക് കഴിഞ്ഞ മാസം രാജി വെക്കേണ്ടി വന്നു. ഇതിന് ശേഷം രാജ്യം വിട്ട അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ഭാര്യക്കും മകനുമൊപ്പം സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിന് ശ്രമിക്കുകയാണെന്ന് ഡെയ‍്‍ലി മിറ‍ർ റിപ്പോർട്ട് ചെയ്തു.

    അമേരിക്കയിലുള്ള രാജപക്സെയുടെ അഭിഭാഷകർ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷാ നടപടികൾ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻെറ ഭാര്യ ഇയോമ രാജപക്സെ യുഎസ് പൗരത്വമുള്ള ആളാണ്. അതിനാൽ രാജപക്സെക്ക് ഗ്രീൻ കാർഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

    പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിന് ശേഷം രാജ്യം വിട്ട രാജപക്സെ ഭാര്യക്കും മകനുമൊപ്പം തായ‍്‍ലൻഡിലുള്ള ഒരു ഹോട്ടലിലാണ് കഴിയുന്നത്. ആഗസ്ത് 25ന് ഇവർ ശ്രീലങ്കയിലേക്ക് തിരികെയെത്തും. തായ‍്‍ലാൻഡിൽ നവംബർ വരെയെങ്കിലും നിൽക്കണമെന്നായിരുന്നു നേരത്തെ രാജപക്സെയുടെയും കുടുംബത്തിൻെറയും പദ്ധതി.

    also read : ഗോതബായ രാജപക്‌സെയുടെ സന്ദർശന പാസ് നീട്ടി നൽകി സിം​ഗപ്പൂർ; 14 ദിവസം കൂടി തുടരാം

    രണ്ട് ദിവസം മുൻപ് അഭിഭാഷകരുമായി രാജപക്സെ ചർച്ച നടത്തിയിരുന്നു. അവരുടെ നിർദ്ദേശ പ്രകാരമാണ് ശ്രീലങ്കയിലേക്ക് തിരിക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ രാജപക്സെ തായ‍്‍ലാൻഡിൽ കഴിയുന്നത് സുരക്ഷിതമല്ലെന്നാണ് അഭിഭാഷകർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ശ്രീലങ്കയിൽ തിരിച്ചെത്തുന്നതാണ് നല്ലതെന്നും അവർ അറിയിച്ചു.

    പുറത്താക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡൻറ് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് തായ് പോലീസും അഭ്യർഥിച്ചിരുന്നു. ശ്രീലങ്കയിലെ പ്രതിഷേധങ്ങൾ ഇപ്പോഴും പൂർണമായും കെട്ടടങ്ങിയിട്ടില്ല. രാജപക്സെ സർക്കാരിൻെറ നയങ്ങളാണ് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ബാങ്കോക്കിലെത്തിയപ്പോൾ തന്നെ തായ‍്‍ലാൻഡിൽ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തായ് പോലീസ് രാജപക്സെക്ക് നൽകിയിരുന്നു.

    see also : ജനങ്ങള്‍ കടുപ്പിച്ചു; ഒടുവില്‍ ഇ-മെയില്‍ വഴി സ്പീക്കര്‍ക്ക് രാജിക്കത്ത്; സ്ഥാനം ഒഴിഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ്

    മുൻ ലങ്കൻ പ്രസിഡൻറിൻെറ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. യൂണിഫോമിലല്ലാത്ത പോലീസുകാരുടെ സംഘമാണ് സുരക്ഷയുടെ ചുമതല നോക്കുന്നത്. എവിടെയാണ് രാജപക്സെ താമസിക്കുന്നതെന്ന് ഇത് വരെയും പുറത്ത് വിട്ടില്ല. വളരെ രഹസ്യമായാണ് അദ്ദേഹം ഹോട്ടലിൽ കഴിയുന്നത്.

    ശ്രീലങ്കയിൽ തിരിച്ചെത്തിയാൽ മുൻ പ്രസിഡൻറുമാർക്ക് നൽകേണ്ട എല്ലാ സൗകര്യങ്ങളും സർക്കാരിന് രാജപക്സെക്ക് നൽകാവുന്നതാണ്. താമസിക്കാൻ സ്റ്റേറ്റ് ഹൗസും, സുരക്ഷയ്ക്ക് പോലീസുകാരെയും അനുവദിക്കേണ്ടതുണ്ട്. പുതിയ സർക്കാർ ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനം എടുക്കും. രാജിവെച്ചതിന് ശേഷം രാജപക്സെ ആദ്യം മാലിദ്വീപിലേക്കാണ് പോയത്. പിന്നീട് അദ്ദേഹം സിംഗപ്പൂരിലേക്ക് മാറി. മെഡിക്കൽ വിസയുമായി സിംഗപ്പൂരിലെത്തിയ അദ്ദേഹം വിസയുടെ കാലാവധി രണ്ട് തവണ നീട്ടി. വിസ കാലാവധി പിന്നീട് നീട്ടാൻ സാധിക്കാതെ ആയതോടെയാണ് മുൻ പ്രസിഡൻറും കുടുംബവും തായ‍്‍ലാൻഡിലേക്ക് പോയത്. എന്നാലിപ്പോൾ സ്ഥിരതാമസത്തിനായി അമേരിക്കയാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.
    Published by:Amal Surendran
    First published: