• HOME
 • »
 • NEWS
 • »
 • world
 • »
 • യുകെയില്‍ സിഖ് സൈനികർക്ക് ആദരം, പ്രതിമ അനാച്ഛാദനം ചെയ്തു; സിഖുകാർക്ക് അഭിമാന നിമിഷം

യുകെയില്‍ സിഖ് സൈനികർക്ക് ആദരം, പ്രതിമ അനാച്ഛാദനം ചെയ്തു; സിഖുകാർക്ക് അഭിമാന നിമിഷം

തരണ്‍ജിത് സിംഗ് രൂപകല്പന ചെയ്ത പ്രതിമ കരിങ്കല്‍ സ്തംഭത്തില്‍ വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്

 • Last Updated :
 • Share this:
  ലെസ്റ്റര്‍ സിറ്റിയിലെ വിക്ടോറിയ പാര്‍ക്കില്‍ ഞായറാഴ്ച സിഖ് സൈനികന്റെ ( Sikh soldiers) പ്രതിമ അനാച്ഛാദനം ചെയ്തു. യുകെയില (UK) സിഖ് സമൂഹത്തിന് (Sikh community) അഭിമാന നിമിഷം. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ബ്രിട്ടനു വേണ്ടി പോരാടിയ നിരവധി സിഖ് സൈനികരെ ആദരിക്കുന്നതിനായാണ് പ്രതിമ ( statue) അനാച്ഛാദനം ചെയ്തത്.

  ലെസ്റ്ററിനെ സ്വന്തം വീട് പോലെ കണ്ട സിഖുകാര്‍ക്ക് ഈ പ്രതിമ ഒരു ഓര്‍മ്മപ്പെടുത്തലായി മാറുമെന്ന് സിഖ് ട്രൂപ്പ്‌സ് വാര്‍ മെമ്മോറിയല്‍ കമ്മിറ്റി പ്രസിഡന്റ് അജ്മീര്‍ സിംഗ് ബസ്ര പറഞ്ഞു.

  പ്രതിമയെ കുറിച്ച്

  തരണ്‍ജിത് സിംഗ് രൂപകല്പന ചെയ്ത പ്രതിമ കരിങ്കല്‍ സ്തംഭത്തില്‍ വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൗണ്‍സിലും വിവിധ സിഖ് സഭകളും നല്‍കിയ സംഭാവന കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രതിമ അവിടെ നിലവിലുള്ള യുദ്ധസ്മാരകങ്ങള്‍ക്ക് പുറമേയായിരിക്കുമെന്ന് സിഖ് ട്രൂപ്പ്‌സ് വാര്‍ മെമ്മോറിയല്‍ കമ്മിറ്റി അറിയിച്ചു.

  മറ്റൊരു രാജ്യത്തിനായി ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച ധീരരായ എല്ലാ സൈനികരുടെയും ത്യാഗത്തെ ബഹുമാനിക്കുന്നതിനായി ഈ സ്മാരകം അനാച്ഛാദനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് കമ്മിറ്റിയുടെ പ്രസിഡന്റ് ബിബിസിയോട് പറഞ്ഞു.

  ലെസ്റ്റര്‍ സിറ്റിയുടെ വിജയത്തിനായി സിഖ് സമൂഹം നല്‍കിയ സംഭാവനകളെ ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ അംഗമായ പിയാര സിംഗ് ക്ലെയര്‍ എടുത്തു പറഞ്ഞു. "പതിറ്റാണ്ടുകളായി സിഖ് സമൂഹം നമ്മുടെ നഗരത്തിന്റെ വിജയത്തിന് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. അന്തരിച്ച കൗണ്‍സിലര്‍ കുല്‍ദീപ് സിംഗ് ഭട്ടി എംബിഇ വിഭാവനം ചെയ്ത ഒരു സിഖ് സ്മാരക പ്രതിമ വിക്ടോറിയ പാര്‍ക്കില്‍ അനാച്ഛാദനം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്"- അദ്ദേഹം പറഞ്ഞു.

  ഞായറാഴ്ച ഡി മോണ്ട്ഫോര്‍ട്ട് ഹാളില്‍ നടന്ന അനാച്ഛാദന ചടങ്ങില്‍ സായുധ സേനാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഒന്നാം ലോകമഹായുദ്ധത്തില്‍ സിഖുകാരുടെ പങ്ക്

  1914ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഇന്ത്യയില്‍ ഒരു വലിയ റിക്രൂട്ട്‌മെന്റ് നടന്നു. ഇന്ത്യയില്‍ നിന്ന് 900,000 മുതല്‍ 15 ലക്ഷം വരെ സൈനികരാണ് യുദ്ധത്തിനായി റിക്രൂട്ട് ചെയ്തത്. ഇവരില്‍ സിഖുകാരാണ് ഏറ്റവും കൂടുതലുണ്ടായിരുന്നതെന്ന് ഓള്‍ എബൗട്ട് സിഖ് എന്ന് വെബ്‌സൈറ്റ് പറയുന്നു.

  ഇതില്‍ 35,000 പേര്‍ സിഖ് സൈനികരായിരുന്നു. ഇത് മൊത്തം സായുധ സേനയുടെ 20 ശതമാനത്തോളം വരും. എന്നാല്‍ യുദ്ധത്തിന്റെ അവസാനം, 100,000 സിഖ് സന്നദ്ധപ്രവര്‍ത്തകര്‍ ബ്രിട്ടീഷ് സായുധ സേനയില്‍ ചേര്‍ന്നു, കുറച്ച് പേര്‍ ഫ്രഞ്ച് എയര്‍ സര്‍വീസിലേക്കും അമേരിക്കന്‍ എക്‌സ്‌പെഡിഷണറി ഫോഴ്‌സിലും ചേര്‍ന്നും.

  സിഖ് സൈനികര്‍ അവരുടെ ധൈര്യത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ടവരായിരുന്നു. അന്ന് സിഖ് പട്ടാളക്കാര്‍ക്ക് 11 രൂപ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ശമ്പളം കണക്കിലെടുക്കാതെ അവര്‍ ഒരു സൈനികനെന്ന നിലയില്‍ തങ്ങളുടെ ഡ്യൂട്ടി വളരെ ആദരവോടെയാണ് ചെയ്തിരുന്നതന്നെും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  ട്രിബ്യൂണിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, റാവല്‍പിണ്ടി ഡിവിഷന്‍, ചക്വാള്‍, ഗുജാര്‍ ഖാന്‍, ഝലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സൈനികരെ റിക്രൂട്ട് ചെയ്തത്. ഇതില്‍ റാവല്‍പിണ്ടി ഡിവിഷനാണ് കൂടുതല്‍ സൈനികരെ നല്‍കിയത്.

  ഒന്നാം ലോകമഹായുദ്ധകാലത്ത് സിഖ് റിക്രൂട്ട്മെന്റ് ഇത്രയധികം ഉയര്‍ന്നതിന്റെ പിന്നിലെ കാരണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക ഘടകങ്ങളാണ് ഇതിന് പിന്നിലെ കാരണങ്ങള്‍.

  കൃഷിയില്‍ നിന്ന് ആവശ്യമായ വരുമാനം ലഭിക്കാത്ത പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടന്നത്. ഗ്രാമവാസികളുടെ അവസ്ഥ മനസിലാക്കിയ ബ്രിട്ടീഷുകാര്‍ ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ സേനയില്‍ ചേര്‍ക്കുകയും ഇതിന് പകരമായി പണവും ഭൂമിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പല സൈനികര്‍ക്കും, യുദ്ധത്തിന്റെ ഭാഗമാകുന്നതിലൂടെ വിക്ടോറിയ ക്രോസ് പോലെയുള്ള അഭിമാനകരമായ ഗാലന്‍ട്രി അവാര്‍ഡുകള്‍ നേടാനുള്ള അവസരവും ലഭിച്ചു. ഇതും സേനയില്‍ ചേരാന്‍ ഇവരെ പ്രചോദിപ്പിച്ചു.

  യുകെയിലെ മറ്റ് സിഖ് പ്രതിമകള്‍

  കഴിഞ്ഞ വര്‍ഷം, യുകെയിലെ സബര്‍ബന്‍ പട്ടണമായ വോള്‍വര്‍ഹാംപ്ടണിലെ ഗുരു നാനാക്ക് ഗുരുദ്വാരയില്‍ സരഗര്‍ഹി യുദ്ധത്തില്‍ 20 സൈനികരെ നയിച്ച ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. യുദ്ധത്തിന്റെ 124-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

  10 അടി ഉയരമുള്ള പ്രതിമ ആറടി ഉയരമുള്ള സ്തംഭത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയില്‍ എല്ലാ രക്തസാക്ഷികളുടെയും പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. 1897ല്‍ നടന്ന സാരഗര്‍ഹി യുദ്ധം 10,000 അഫ്ഗാന്‍ ഗോത്രക്കാര്‍ക്കെതിരെ പോരാടിയ 21 സിഖ് സൈനികരുടെ ധീരതയ്ക്കും ധൈര്യത്തിനും പേരുകേട്ടതാണ്.

  2019 ല്‍, രണ്ട് ലോകമഹായുദ്ധങ്ങളിലെയുംബ്രിട്ടീഷ് സേനയിലെ ആയിരക്കണക്കിന് സിഖ് സൈനികരുടെ പങ്കിനെ ആദരിക്കുന്നതിനായി ഒരു പ്രതിമ പടിഞ്ഞാറന്‍ യോര്‍ക്ക്ഷയര്‍ പട്ടണമായ ഹഡേഴ്സ്ഫീല്‍ഡിലും അനാച്ഛാദനം ചെയ്തിരുന്നു.

  ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ഗ്രീന്‍ഹെഡ് പാര്‍ക്കില്‍ നിലകൊള്ളുന്ന പ്രതിമ, വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനയായ 60 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്. ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് നിര്‍മിച്ചത്. എസ്എസ്ഒ ചെയര്‍മാന്‍ കല്‍വിന്ദര്‍ എസ് ഭുള്ളര്‍, കലാസൃഷ്ടിയെ 'അതിശയകരം' എന്നാണ് വിശേഷിപ്പിച്ചത്.
  Published by:user_57
  First published: