നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Afghan Woman അവർ ഞങ്ങളെ കൊല്ലും; നായ്ക്കൾക്കു കൊടുക്കും; താലിബാൻ വെടിവച്ച് വീഴ്ത്തി കണ്ണുകൾ ചൂഴ്ന്നെടുത്ത അഫ്ഗാനി യുവതി

  Afghan Woman അവർ ഞങ്ങളെ കൊല്ലും; നായ്ക്കൾക്കു കൊടുക്കും; താലിബാൻ വെടിവച്ച് വീഴ്ത്തി കണ്ണുകൾ ചൂഴ്ന്നെടുത്ത അഫ്ഗാനി യുവതി

  കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ വിമത പോരാളികളുടെ വെടിയേറ്റ 33 കാരിയായ ഖട്ടേര പറയുന്നു. ആക്രമണത്തിൽ വെടിയേറ്റ യുവതിയുടെ കണ്ണുകൾ താലിബാൻ ആക്രമണകാരികൾ ചൂഴ്ന്നെടുത്തു.

  News18

  News18

  • Share this:
   അഹോന സെൻഗുപ്ത

   "താലിബാന്റെ കണ്ണുകളിൽ, സ്ത്രീകൾ ജീവിക്കുന്നില്ല, മനുഷ്യരെപ്പോലെ ശ്വസിക്കുന്നില്ല, മറിച്ച് വെറും ശരീരം മാത്രം,” കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ വിമത പോരാളികളുടെ വെടിയേറ്റ 33 കാരിയായ ഖട്ടേര പറയുന്നു. ആക്രമണത്തിൽ വെടിയേറ്റ യുവതിയുടെ കണ്ണുകൾ താലിബാൻ ആക്രമണകാരികൾ ചൂഴ്ന്നെടുത്തു. 2020 നവംബർ മുതൽ ഡൽഹിയിൽ ചികിത്സയ്ക്കായി അവൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിക്കുകയാണ്. മുൻ താലിബാൻ പോരാളിയായ ഖട്ടേരയുടെ പിതാവാണ് തനിക്കെതിരായ ആക്രമണത്തിന് ഗൂഡാലോചന നടത്തിയതെന്ന് അവർ ന്യൂസ് 18 നോട് പറഞ്ഞു.

   കഴിഞ്ഞ ഒക്ടോബറിൽ രണ്ട് മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഖട്ടേര എന്ന മുൻ പോലീസ് ഉദ്യോഗസ്ഥയെ താലിബാൻ ക്രൂരമായി പീഡിപ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, മൂന്ന് താലിബാൻ പോരാളികൾ അവളെ തടഞ്ഞു നിർത്തി. ആദ്യം അവളുടെ ഐഡി പരിശോധിച്ചു. തുടർന്ന് അവളെ പലതവണ വെടിവച്ചു. അവളുടെ അരയ്ക്ക് മുകളിൽ നിന്ന് എട്ട് വെടിയുണ്ടകൾ ലഭിച്ചിരുന്നു. വെടിയേറ്റ് ഖട്ടേര ബോധരഹിതയായി വീണ ശേഷം താലിബാൻ അനുയായികൾ അവളുടെ കണ്ണുകൾ കത്തി കൊണ്ട് ചൂഴ്ന്നെടുത്തു.

   “അവർ (താലിബാൻ) ആദ്യം ഞങ്ങളെ (സ്ത്രീകളെ) പീഡിപ്പിക്കുകയും തുടർന്ന് ശിക്ഷയുടെ മാതൃകയായി കാണിക്കാൻ ഞങ്ങളുടെ ശരീരം ഉപേക്ഷിക്കുകയും ചെയ്യും. ചിലപ്പോൾ നമ്മുടെ ശരീരം നായ്ക്കൾക്ക് ആഹാരമായി നൽകും. ഞാൻ അതിജീവിച്ചത് എന്റെ ഭാഗ്യമാണ്. താലിബാന് കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും അനുഭവിക്കേണ്ടി വരുന്ന നരകം സങ്കൽപ്പിക്കാൻ പോലുമാകില്ല. അത് അറിയണമെങ്കിൽ നിങ്ങൾ താലിബാന് കീഴിൽ അഫ്ഗാനിസ്ഥാനിൽ ജീവിക്കണം,” ഖട്ടേര പറയുന്നു.

   കഴിഞ്ഞ ആഴ്‌ച, ഡൽഹിയിലെ ലജ്പത് നഗർ പ്രദേശത്തെ കസ്തൂർബ നികേതൻ കോളനി പതിവില്ലാതെ തിരക്ക് ഒഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾ താമസിക്കുന്ന കോളനി ഭയം കൊണ്ട് വിറച്ചു. ഇപ്പോൾ അവിടെയാകെ തളംകെട്ടി നിലനിൽക്കുന്നത് പിരിമുറുക്കങ്ങളുടെ നിശബ്ദത മാത്രമാണ്. ഞായറാഴ്ച, താലിബാനിന് കീഴിൽ അകപ്പെട്ട മാതൃരാജ്യത്തിലെ കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള പലരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടു.

   സ്ത്രീകൾ കശാപ്പ് ചെയ്യപ്പെടും
   തനിയ്ക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനത്തെക്കുറിച്ച് ഓർത്തു കൊണ്ട്, ഖട്ടേര തുടർന്നു. സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നതിനാൽ കാബൂളിലേക്കും പിന്നീട് ഡൽഹിയിലേക്കും ചികിത്സയ്ക്ക് പോകാൻ എനിയ്ക്ക് സാധിച്ചു. "ഈ ഭാഗ്യം എല്ലാവർക്കും ലഭിക്കില്ല. സ്ത്രീകളും താലിബാനെ അനുസരിക്കാത്തവരും തെരുവിൽ കിടന്ന് മരിക്കും,” അവർ പറയുന്നു.

   "താലിബാൻ സ്ത്രീകളെ പുരുഷ ഡോക്ടർമാരെ സന്ദർശിക്കാൻ അനുവദിക്കില്ല. അതേസമയം, സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കരുതെന്നും അവർ പറയുന്നു. പിന്നെ എന്താണ് ഒരു സ്ത്രീ ചെയ്യേണ്ടത്? സ്ത്രീകൾ മരിക്കണമെന്നാണോ? ഞങ്ങൾ പ്രത്യുൽപാദന യന്ത്രങ്ങൾ മാത്രമാണെന്ന് അവർ വിചാരിച്ചാലും അവർക്ക് സാമാന്യബോധമില്ലേ? വൈദ്യസഹായം ഇല്ലാതെ തോക്കുമായി നിൽക്കുന്ന ഈ പുരുഷന്മാർക്കിടയിൽ ഒരു സ്ത്രീ എങ്ങനെ തന്റെ കുഞ്ഞിനെ പ്രസവിക്കും,” അവൾ തന്റെ 2 മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ച് ചോദിക്കുന്നു.

   "കഴിഞ്ഞ 20 വർഷങ്ങളിൽ ഞങ്ങൾ നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ ലോകത്തിന് സങ്കൽപ്പിക്കാൻ പോലുമാകില്ല. ഇപ്പോൾ അവയെല്ലാം തകർന്നടിഞ്ഞു. ഞങ്ങൾക്ക് എല്ലാം നഷ്ടമായി. താലിബാൻ രാജ്യം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ജീവനക്കാരും പോലീസുകാരുമായ സ്ത്രീകളെ താലിബാൻ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇനി സ്ത്രീകൾക്ക് ഒരു ജോലിയ്ക്കും അനുമതിയുണ്ടാകില്ല. ഈ സമയത്ത്, അവർ സ്ത്രീകളെ ജീവനോടെ വയ്ക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അവർ സ്ത്രീകളെ കൊല്ലുക മാത്രമല്ല, മൃതശരീരം മൃഗങ്ങൾക്ക് ഭക്ഷണമായി വരെ നൽകും. അവർ ഇസ്ലാമിലെ ഒരു കളങ്കമാണ്,” ഖട്ടേര പറഞ്ഞു.

   “ഈ 20 വർഷത്തിനിടയിൽ ഞങ്ങളുടെ സ്ത്രീകളും യുവാക്കളും എവിടെയെങ്കിലും എത്തിച്ചേരാൻ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു. സുസ്ഥിരമായ ഉപജീവനമാർഗം കണ്ടെത്താൻ, ശരിയായ വിദ്യാഭ്യാസം നേടാൻ തുടങ്ങി നിരവധി ശ്രമങ്ങൾ അവർ നടന്നിരുന്നു. പെൺകുട്ടികൾ സ്കൂളുകളിൽ പോകുന്നത് മനോഹരമായ കാഴ്ചയായിരുന്നു. എല്ലാം ഒരാഴ്ചയ്ക്കുള്ളിൽ തകിടം മറിഞ്ഞു. താലിബാനിൽ നിന്ന് പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി കുടുംബങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ കത്തിക്കാൻ തുടങ്ങിയെന്ന് എന്റെ ചില ബന്ധുക്കൾ പറഞ്ഞു,” ഖട്ടേര പറയുന്നു.

   ജൂലൈ ആദ്യം, താലിബാൻ പ്രാദേശിക മതനേതാക്കളോട് 15 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസ്സിന് താഴെയുള്ള വിധവകളുടെയും പട്ടിക ബഡാക്ഷൻ, തഖർ പ്രവിശ്യകളിലെ പോരാളികൾക്ക് നൽകണമെന്ന് ഉത്തരവിട്ടിരുന്നു.

   താലിബാൻ അടുത്തിടെ സ്ത്രീകളുടെ അവകാശങ്ങളിൽ തങ്ങളുടെ നിലപാടിൽ ഇളവ് വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. "അക്രമം ആഗ്രഹിക്കുന്നില്ല" എന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനും സ്ത്രീകളെ തൊഴിലിൽ നിന്ന് വിലക്കുന്നതിനും സ്ത്രീകൾ ഒരു പുരുഷനോടൊപ്പം മാത്രം ജീവിക്കണമെന്ന് നിയമം പുന:സ്ഥാപിക്കുന്നതിനുമുള്ള ഉദ്ദേശ്യങ്ങളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

   ”താലിബാനെ അതിജീവിച്ച ഒരാൾ പോലും ഇത് വിശ്വസിക്കില്ല. കൂടാതെ, അഫ്ഗാനിസ്ഥാൻ കാബൂൾ മാത്രമല്ല. ഗ്രാമീണ മേഖലകകൾ നശിപ്പിക്കപ്പെടും. സ്ത്രീകളുടെമേലുള്ള ക്രൂരതയുടെ വ്യാപ്തി, നിങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” ഖട്ടേര പറഞ്ഞു.

   "ഞങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ ശബ്ദം, ഞങ്ങളുടെ സംഘടനകൾ ഒന്നും ഇനി നിലനിൽക്കില്ല, കാരണം സ്ത്രീകളെ ജോലി ചെയ്യാനോ അവരുടെ വീടിന് പുറത്ത് ഇറങ്ങാനോ അനുവദിക്കില്ല. വീട്ടിൽ ആണുങ്ങൾ ഇല്ലാത്തവരുടെ കാര്യമോ? ആരാണ് അവർക്ക് ഭക്ഷണം നൽകുക? 2000ങ്ങളുടെ തുടക്കത്തിൽ ജനിച്ചവർക്ക് താലിബാനെക്കുറിച്ച് അവരുടെ കുടുംബങ്ങളിൽ നിന്ന് കേട്ടറിവ് മാത്രമേയുള്ളൂ. എന്നാൽ ഇപ്പോൾ, അവർ നേരിട്ട് അനുഭവിക്കാൻ പോകുകയാണ്. ഇത് നരകമാണ്,” താലിബാനെ അതിജീവിച്ച യുവതി പറയുന്നു.

   ഡൽഹിയിൽ ജനിച്ചു വളർന്ന 29കാരിയായ ശബ്നം 90കളിൽ യുദ്ധത്തെ തുടർന്ന് ഓടിപ്പോന്ന അമ്മ അവളോട് വിവരിച്ച ചില കഥകൾ ഓർത്തെടുക്കുന്നു. "അമ്മ തന്റെ അച്ഛനോടൊപ്പം പുറത്തുപോകുമ്പോഴെല്ലാം വിവാഹ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുമായിരുന്നുവത്രേ. ഒരിക്കൽ, രേഖകൾ എടുക്കാൻ മറന്നതിനെ തുടർന്ന് താലിബാൻ അവർക്കു നേരെ തോക്ക് ചൂണ്ടി. പിന്നീട് സായുധരായ പോരാളിയുടെ കാൽക്കൽ വീണ് ജീവിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിക്കേണ്ടി വന്നുവെന്ന്" അവൾ പറഞ്ഞു.

   തടവുകാർ സ്വതന്ത്രരായി
   അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം, താലിബാൻ ഭീകരർ തടവുകാരുടെ ജയിൽ തുറന്നു കൊടുത്തു. അഫ്ഗാൻ സർക്കാരിന്റെ കാലത്ത് വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ എല്ലാ കുറ്റവാളികളെയും താലിബാൻ മോചിപ്പിച്ചു.

   "പോലീസിന് രാജ്യത്ത് അധികാരമുണ്ടായിരുന്ന സമയത്താണ് ഞാൻ പീഡിപ്പിക്കപ്പെട്ടത്. ഗസ്നിയിലെ എന്റെ കുട്ടികളെക്കുറിച്ചോർത്താണ് ഇപ്പോൾ ഞാൻ വിഷമിക്കുന്നത്. അവിടെ എംബസികൾ അടച്ചിരിക്കുന്നതിനാൽ വിസകളും ലഭിക്കുന്നില്ല,” ഖട്ടേര പറഞ്ഞു.

   “ഇപ്പോൾ എന്റെ പിതാവ് എന്റെ കുട്ടികളെ തേടി എത്താൻ സാധ്യതയുണ്ട്. ഞാനും എന്റെ ഭർത്താവും അവർക്കൊപ്പമില്ല. അവർ ബന്ധുക്കളോടൊപ്പം മറ്റൊരു വീട്ടിലാണ്. പക്ഷേ, എന്റെ പിതാവ് താമസിയാതെ അവിടെയെത്തും, എന്റെ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയോ അല്ലെങ്കിൽ അവരെ താലിബാനിലേക്ക് ചേരാൻ പ്രേരിപ്പിക്കുകയോ ചെയ്തേക്കാം. ആയുധമെടുക്കാനും അവരുടെ ജീവിതം നശിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചെന്നും വരാം,” അവർ പറഞ്ഞു. ഖട്ടേരയുടെ മൂത്ത മകന് 15 വയസ്സാണ് പ്രായം.

   ഒരു അഫ്ഗാൻ പൗരാവകാശ പ്രവർത്തകനായ നിസാറും ഇതേ ആശങ്ക പങ്കുവെച്ചു. താലിബാൻ എല്ലാ കുറ്റവാളികളെയും ജയിലുകളിൽ നിന്ന് മോചിപ്പിച്ചു, ഈ ആളുകൾ രാജ്യത്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. അവർക്ക് സ്വാതന്ത്ര്യമുള്ളതിനാൽ അവർ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്ന് വരാം.

   ഇന്ത്യ വലിയ തോതിൽ വിസ നൽകാൻ തുടങ്ങിയാൽ അഫ്ഗാനിസ്ഥാൻ മുഴുവൻ രാജ്യത്ത് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഭീകരതയുടെ അളവ് അത്രമാത്രമാണ്. എന്നാൽ, ഡൽഹിയിലെ അഭയാർഥികൾ പട്ടിണി കിടന്ന് മരിക്കും. കാരണം ഇവിടെ ഞങ്ങളുടെ മിക്ക ബിസിനസ്സുകളും അഫ്ഗാനിസ്ഥാനെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും നിസാർ പറയുന്നു.

   “അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ 10 മാസം മുമ്പ് ഞാൻ എന്റെ കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് പലായനം ചെയ്തു. ഞാൻ കാബൂളിലെ ഒരു ടിവി ചാനലിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു. ഞാൻ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നതിനാൽ എന്റെ ജീവൻ അപകടത്തിലായിരുന്നു. ഞാൻ പലായനം ചെയ്യുമ്പോൾ കാബൂൾ സുരക്ഷിതമാണെങ്കിലും, മാധ്യമ പ്രവർത്തകരുടെ ജീവൻ അപകടത്തിലായിരുന്നു. താലിബാനിൽ നിന്ന് ഞങ്ങൾക്ക് ചില ഫോൺ കോളുകൾ ലഭിച്ചിരുന്നു,"26 കാരനായ മുൻ പത്രപ്രവർത്തകൻ നദീം (ശരിയായ പേരല്ല) പറഞ്ഞു.

   ഡൽഹിയിൽ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ യാത്രയും വിസയും സുഗമമാക്കുന്ന ഒരു ബിസിനസ്സാണ് ഇദ്ദേഹം ആരംഭിച്ചിരിക്കുന്നത്. താലിബാൻ കാരണം യാത്രകൾ നിയന്ത്രിക്കപ്പെടുമെന്നതിനാൽ ഈ ബിസിനസ് ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

   താലിബാന്റെ കീഴിൽ, പുരുഷൻമാർ താടി നീട്ടണം. അല്ലാത്തപക്ഷം അവർ പീഡിപ്പിക്കപ്പെടും അദ്ദേഹം പറഞ്ഞു. "സർക്കാരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരെയും അവർ പീഡിപ്പിക്കും. അതിനാൽ, മിക്കവാറും എല്ലാവരും ഈ ഘട്ടത്തിൽ ഭീഷണിയിലാണ്, ”നദീം പറഞ്ഞു.

   "ഇന്ന് രാവിലെ വാർത്ത കണ്ട് എന്റെ അമ്മ പൊട്ടിക്കരഞ്ഞു. സ്ത്രീകൾ മാത്രമല്ല, താലിബാൻ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കീറിമുറിക്കും. ഹസാരകൾ, സിഖുകാർ, ഷിയകൾ എന്നിങ്ങനെയുള്ള ന്യൂനപക്ഷങ്ങളെ നശിപ്പിക്കും. ഗ്രാമപ്രദേശങ്ങൾ അവർ തകർക്കും. അവർ ഒന്നുകിൽ വീടുകൾ കത്തിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യും. താലിബാൻ എങ്ങനെയാണ് എല്ലാ പ്രവിശ്യകളും പ്രതിരോധമില്ലാതെ കൈവശപ്പെടുത്തിയതെന്ന് അവിശ്വസനീയമാണ്. ഈ പ്രാകൃത ഭരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബങ്ങൾക്ക് രക്ഷപ്പെടാൻ കഴിയണമേയെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങൾ വളരെ ആകാംക്ഷയിലാണ്, ” അസ്വസ്ഥനായി അദ്ദേഹം പറഞ്ഞു.

   അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചതായും അന്താരാഷ്ട്ര സമൂഹവുമായുള്ള സമാധാനപരമായ ബന്ധത്തിന് താലിബാൻ തയ്യാറെടുക്കുകയാണെന്നും രാഷ്ട്രീയ ഓഫീസ് വക്താവ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അൽ ജസീറ ടിവിക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ ഒറ്റപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭരണ രീതിയും രൂപവും ഉടൻ വ്യക്തമാകുമെന്നും വക്താവ് മുഹമ്മദ് നയീം പറഞ്ഞു.
   Published by:Sarath Mohanan
   First published: