ആഫ്രിക്കൻ നാടായ സുഡാനിൽ നിന്ന് ഒരു പ്രാകൃതമായ വിധി ഉണഅടായിരിക്കുന്നു. ഇത്രയെറെ പുരോഗമനം നേടിയ സമകാലിക ലോകത്ത് പലരും ആശ്ചര്യത്തോടെയും നടുക്കത്തോടെയുമാണ് ഈവാർത്തയെ കാണുന്നത്. ലോകത്തിന്റെ പലഭാഗത്തും പ്രാകൃതമായ നിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത്തരം നിയമങ്ങൾക്ക് വിധേയരാവുന്നത് അഥവാ ഇരകളാവുന്നത് സ്ത്രീകളാണ്.
'സ്റ്റോണിംഗ് ഓഫ് സുരയ്യ' എന്ന വിഖ്യാത നോവലിനെയും സിനിമഭാഷ്യത്തേയും അനുസ്മരിപ്പിക്കുന്ന ഒരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി.
അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
രാഷ്ട്രീയ സ്ഥിരതയില്ലാത്ത രാജ്യമാണ് സുഡാന്. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം. സ്ത്രീകള്‍ക്കനുകൂലമായി ജനാധിപത്യ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണങ്ങളെ
അട്ടിമറിക്കാനുളള ശ്രമമാണ് പട്ടാളം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കോടതിവിധിയെന്നാണ് കരുതപ്പെടുന്നു.
അപരിഷ്കൃത ശിക്ഷാ രീതികള്‍ക്ക് ഉദാഹരണമാണ് ഇപ്പോഴത്തെ കല്ലെറിഞ്ഞ് കൊല്ലാനുള്ള കോടതിവിധിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. 2020ല്‍ നിയമവിരുദ്ധമാക്കിയ ചാട്ടവാറടി ഇപ്പോഴും കോടതികള്‍ ശിക്ഷയായി നല്‍കുന്നുണ്ട്.
സുഡാനിലെ കോടതിവിധി ആഭ്യന്തര അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ഉടന്‍ തന്നെ ടെയ്റാബിനെ നിരുപാധികമായി മോചിപ്പിക്കണമെന്നും ഉഗാണ്ടയിലെ ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സ്റ്റഡീസ് ആവശ്യപ്പെട്ടു. വ്യഭിചാര കുറ്റത്തിന് കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര നിയമത്തിന്റെ ഗുരുതര ലംഘനമാണ്. ഇത്തരം രീതികള്‍, ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയണമെന്നും എ.സി.ജെ.പി.എസ് പറഞ്ഞു.
തന്നെ കല്ലെറിഞ്ഞ് കൊല്ലാനുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് ടെയ്റാബ് പ്രതികരിച്ചത്. 2013ല്‍ സുഡാനിലെ സൗത്ത് കോര്‍ഡോഫാനിലാണ് അവസാനമായി സ്ത്രീയെ വ്യഭിചാരത്തിന് കല്ലെറിഞ്ഞ് കൊല്ലാന്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീട് ഈ ശിക്ഷ റദ്ദാക്കുകയായിരുന്നു. സമാനമായ രീതിയില്‍ തന്റെ ശിക്ഷയും റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് ടെയ്റാബ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.