• HOME
 • »
 • NEWS
 • »
 • world
 • »
 • Pakistan | പാകിസ്ഥാനില്‍ മുസ്ലീം പള്ളിക്ക് സമീപം ചാവേര്‍ ആക്രമണം; അക്രമി കൊല്ലപ്പെട്ടു

Pakistan | പാകിസ്ഥാനില്‍ മുസ്ലീം പള്ളിക്ക് സമീപം ചാവേര്‍ ആക്രമണം; അക്രമി കൊല്ലപ്പെട്ടു

സ്‌ഫോടനത്തില്‍ മറ്റാര്‍ക്കും പരിക്കുകളില്ല.

 • Share this:
  പാകിസ്ഥാനില്‍ (Pakistan) ചാവേര്‍ ബോംബാക്രമണം. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഒരു പള്ളിക്ക് സമീപമുള്ള തുറസായ സ്ഥലത്താണ് ആക്രമണം നടന്നത്. ജുമാ നമസ്‌കാരത്തിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു സംഭവം. ചാവേറിന്റെ കൈയിലെ ഗ്രനേഡ് (hand grenade) സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അയാള്‍ കൊല്ലപ്പെട്ടുവെന്നും ജില്ലാ പൊലീസ് ഓഫീസര്‍ ഇര്‍ഫാനുള്ള പറഞ്ഞു. സ്‌ഫോടനത്തില്‍ മറ്റാര്‍ക്കും പരിക്കുകളില്ല.

  പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മര്‍ദാന്‍ ജില്ലയിലാണ് (mardan district) സംഭവം. ഈ ആഴ്ച ആദ്യം, പ്രവിശ്യയില്‍ പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ബോംബാക്രമണം നടന്നിരുന്നു. 21ഓളം സൈനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗോത്ര ജില്ലകളില്‍ തീവ്രവാദി ആക്രമണങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്.

  അടുത്തിടെ, പാകിസ്ഥാനിലെ കറാച്ചി സര്‍വകലാശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 3 ചൈനീസ് പൗരന്മാരടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വാനില്‍ ഏഴോ എട്ടോ ആളുകള്‍ ഉണ്ടായിരുന്നു. കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണ് പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തിരുന്നു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടിരുന്നു.

  ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് (30) ആണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് ലഭിച്ച വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പുറത്തിറക്കിയ പത്രകുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

  രണ്ടു കുട്ടികളുടെ അമ്മയും 30 വയസുകാരിയുമായ ഷാറി സൂവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. എം ഫില്‍ ഗവേഷകയായിരുന്ന ഇവര്‍, ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ദന്തഡോക്ടറാണ്. ഷാറിക്ക് എട്ടും നാലും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനമുണ്ടെന്ന് ഷാറിയുടെ ഭര്‍ത്താവ് ഹബിതാന്‍ ബഷിര്‍ ബലോച് പ്രതികരിച്ചിരുന്നു.

  രണ്ടു വര്‍ഷം മുമ്പാണ് ഷാറി ബിഎല്‍എയുടെ മജീദ് ബ്രിഗേഡില്‍ അംഗമായതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്‌ക്വാഡിലായിരുന്നു ഷാറി പ്രവര്‍ത്തിച്ചു വന്നത്. ചാവേറാകുന്നതിനുള്ള പ്രത്യേക പരിശീലനവും ഇവര്‍ക്ക് ലഭിച്ചിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ളതിനാല്‍ സംഘത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സംഘടനാ നേതൃത്വം ഷാറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചാവേര്‍ പരിശീലനം തുടരാനാണ് ഷാറി തീരുമാനിച്ചതെന്നും ബിഎല്‍എ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
  Published by:Arun krishna
  First published: