ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അൽ ബഗ്ദാദിയെ പിടികൂടുന്നതിനായുള്ള സൈനിക നീക്കത്തിന് മുൻപ് നടന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിഎൻഎ പരിശോധനക്കായി ബാഗ്ദാദിയുടെ അടിവസ്ത്രം ഒരു സിറിയൻ- കുർദിഷ് ഏജന്റ് മോഷ്ടിച്ചെന്നും ഇതാണ് ഓപ്പറേഷനിൽ നിർണായകമായതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.
അടിവസ്ത്രം ഉപയോഗിച്ച് ഡിഎൻഎ പരിശോധന നടത്തിയാണ് അബൂബക്കർ അൽ ബഗ്ദാദിയെ തിരിച്ചറിഞ്ഞതെന്നും കുർദിഷ് വക്താവ് വ്യക്തമാക്കി. യുഎസ് സേന സൈനിക നീക്കം നടത്തുന്നതിനു മുൻപു ലക്ഷ്യമിടുന്നത് അബൂബക്കർ അൽ ബഗ്ദാദിയെ തന്നെയാണന്ന് 100 ശതമാനം ഉറപ്പിക്കുന്നതിനായിരുന്നു ഡിഎൻഎ പരിശോധന. ഇതിനു ശേഷം സൈനിക നീക്കം ആരംഭിച്ചുവെന്ന് കുർദുകൾ നയിക്കുന്ന എസ്.ഡി.എഫിന്റെ ഉപദേശകൻ പൊലാറ്റ് കാൻ ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങളുടെ ആൾക്കാർക്കു ബഗ്ദാദിയുടെ താമസസ്ഥലത്തു വരെ എത്താൻ സാധിച്ചിരുന്നു. ഇവിടെ നിന്നാണ് ബഗ്ദാദിയുടെ അടിവസ്ത്രം ശേഖരിച്ചത്. പല തവണയായി ബഗ്ദാദി വീടുകൾ മാറിയിരുന്നു. ജെറാബലസിലുള്ള മറ്റൊരു സ്ഥലത്തേക്കു താമസം മാറാൻ തയാറെടുക്കുന്നതിനിടയായിരുന്നു ആക്രമണം.
ബഗ്ദാദിയെ ഇല്ലാതാക്കാനുള്ള തീരുമാനം ഒരു മാസം മുൻപേ എടുത്തതാണ്. ആക്രമണം വിജയകരമാക്കുന്നതിൽ അവസാന മിനിറ്റുവരെ ഞങ്ങളുടെ ഇടപെടലുണ്ടായിരുന്നു. ബാരിഷ ഗ്രാമത്തിനു ചുറ്റുമായി വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ഐഎസ് സായുധ വിഭാഗങ്ങളുണ്ട്. ഇവരുടെ കേന്ദ്രങ്ങളെല്ലാം സൈനിക നീക്കത്തിനിടെ ലക്ഷ്യമിട്ടു– പൊലാറ്റ് കാൻ വ്യക്തമാക്കി.
Also Read- IS തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ കണ്ടെത്തിയ നായയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക
അബൂബക്കർ അൽ ബഗ്ദാദിയുടെ പുതിയ താമസ സ്ഥലത്തേക്കുള്ള സുരക്ഷിതമായ സഞ്ചാരത്തിനു നേതൃത്വം നൽകിയത് ഭീകരൻ അബു അൽ ഹസൻ ആയിരുന്നു. ബാരിഷയിൽ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ വിജയിച്ചില്ലെങ്കിൽ, പുതിയ വീട്ടിൽവച്ചു ബഗ്ദാദിയെ വധിക്കാനുള്ള മറ്റൊരു പദ്ധതിയും തയാറായിരുന്നു.
ഓപ്പറേഷനു സഹായമാകുന്ന രീതിയിൽ ചില വിവരങ്ങള്‍ കുർദുകള്‍ നല്‍കിയിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ മേയ് 15 മുതൽ തന്നെ യുഎസ് ചാരസംഘടനയായ സിഐഎയ്ക്കൊപ്പം സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും ബാഗ്ദാദിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നെന്നാണു കാൻ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Donald trump, ISIS connection, Islamic state