നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • താലിബാന്‍ കാണ്ഡഹാറും പിടിച്ചു; കീഴടക്കിയത് അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം

  താലിബാന്‍ കാണ്ഡഹാറും പിടിച്ചു; കീഴടക്കിയത് അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം

  താലിബാന്‍ നഗര കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ എട്ട് ദിവസമായി നടത്തുന്ന മിന്നലാക്രമണം അഫ്ഗാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

  News18

  News18

  • Share this:
   കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. 'കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി,' താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു. അഫ്ഗാന്‍ സേന നഗരത്തിന് പുറത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ പിന്‍വലിഞ്ഞെന്ന് തോന്നുന്നുവെന്ന് ഒരു പ്രദേശവാസിയും സാക്ഷ്യപ്പെടുത്തി.

   സര്‍ക്കാരിന് ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഫലപ്രദമായി നഷ്ടപ്പെട്ടു. താലിബാന്‍ നഗര കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ എട്ട് ദിവസമായി നടത്തുന്ന മിന്നലാക്രമണം അഫ്ഗാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.

   ഖേദമില്ല
   എന്നാല്‍ തന്റെ തീരുമാനത്തില്‍ ഖേദമില്ലെന്ന് ബൈഡന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ താലിബാന്റെ അഫ്ഗാന്‍ പിടിച്ചെടുക്കല്‍ വേഗതയും അനായാസതയും ആശ്ചര്യകരവും പുതിയ കണക്കുകൂട്ടലുകള്‍ക്കാണ് വഴി തുറന്നിരിക്കുന്നതെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

   വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. 'കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

   അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ 3,000 യുഎസ് സൈനികരെ കാബൂളിലേക്ക് വിന്യസിക്കുമെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ താലിബാനെതിരെ ആക്രമണം നടത്താന്‍ അവരെ ഉപയോഗിക്കില്ലെന്നും അടിവരയിടുന്നു.

   ലണ്ടന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലണ്ടന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരിക്കക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക്ക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.

   Also Read-കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരർക്ക് സമ്മാനിച്ച് താലിബാൻ; പ്രായമറിയുന്നത് വസ്ത്രം നോക്കി

   മെയ് അവസാനം അമേരിക്കന്‍ സേന അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന്‍ പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

   കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.

   താലിബാന്‍ അനുകൂലികളായ ട്വിറ്റര്‍ ഉപയോക്താക്കള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. താലിബാന്‍ പിടിച്ചെടുത്ത വാഹനങ്ങള്‍, ആയുധങ്ങള്‍, ഡ്രോണ്‍ എന്നിവയുടെ ചിത്രങ്ങളും ഇതില്‍പ്പെടുന്നു.

   വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു.

   കൂടാതെ വ്യാഴായ്ച കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുള്ള ഗസ്‌നി നഗരവും താലിബാന്‍ കീഴടക്കി. കാബൂളിലേക്കുള്ള പ്രധാന ഹൈവേയും താലിബാന്‍ അധീനതയില്‍ വന്നിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}