നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'അവന്റെ ശരീരം അഴുകണം'; അഫ്ഗാന്‍ മുന്‍ വൈസ്പ്രസിഡന്റിന്റെ സഹോദരന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ താലിബാന്‍

  'അവന്റെ ശരീരം അഴുകണം'; അഫ്ഗാന്‍ മുന്‍ വൈസ്പ്രസിഡന്റിന്റെ സഹോദരന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ താലിബാന്‍

  പഞ്ച്ഷീറിലെ നോര്‍ത്തേണ്‍ റെസിസ്റ്റന്‍സ് ഫ്രണ്ടും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ കനത്ത പോരാട്ടത്തിനൊടുവിലാണ് അംമറുല്ല സലേഹിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് വെള്ളിയാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു

  • Share this:
   അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംമറുല്ല സലേഹിന്റെ സഹോദരനെ വ്യാഴാഴ്ച പഞ്ച്ഷീറില്‍ വച്ച് താലിബാന്‍ ഭീകരന്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൊല്ലപ്പെട്ട അംമറുല്ല സലേഹിന്റെ സഹോദരന്‍ രോഹുല്ല അസീസിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബാംഗങ്ങളെ ഭീകരര്‍ അനുവദിച്ചില്ലെന്ന് ഒരു അടുത്ത ബന്ധുവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 'അവന്റെ ശരീരം അഴുകണം' എന്ന് ഭീകരര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് എബാദുള്ള സാലിഹ് എന്ന കുടുംബാംഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

   പഞ്ച്ഷീറിലെ നോര്‍ത്തേണ്‍ റെസിസ്റ്റന്‍സ് ഫ്രണ്ടും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ കനത്ത പോരാട്ടത്തിനൊടുവിലാണ് അംമറുല്ല സലേഹിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് വെള്ളിയാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ നിരവധി പഞ്ച്ഷീര്‍ നിവാസികളെ പ്രദേശത്ത് നിന്ന് മാറിതാമസിക്കാന്‍ റെസിസ്റ്റന്‍സ് ഫ്രണ്ടും താലിബാനും അനുവദിച്ചിരുന്നു. പ്രദേശം വിട്ടുപോകുന്നവരുടെ കൂട്ടത്തിൽ അംമറുല്ല സാലേഹിന്റെ ജ്യേഷ്ഠന്‍ രോഹുല്ല അസീസിയുമുണ്ടായിരുന്നു.

   എന്നാല്‍ താലിബാന്‍ ഭീകരര്‍ രോഹുല്ല അസീസി, അംമറുല്ലയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞത്തോടെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ''അവര്‍ എന്റെ അങ്കിളിനെ വധിച്ചു.., അവര്‍ ഇന്നലെ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തെ അടക്കം ചെയ്യാന്‍ ഞങ്ങളെ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ശരീരം പുഴുവരിക്കണം -എന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.'' എബാദുള്ള സാലേഹ് പറഞ്ഞു.

   താലിബാന്‍ ഭീകര്‍ക്കെതിരെ പോരാടുന്ന അഫ്ഗാന്‍ രാഷ്ട്രീയ നേതാവും ഗറില്ല കമാന്‍ഡറുമായ അഹ്മദ് ഷാ മസൂദും, അംമറുല്ല സാലേഹും എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. പുസ്തകങ്ങള്‍ക്ക് മുന്നില്‍ തോക്കുമായി നില്‍ക്കുന്ന ഒരു താലിബാന്‍ ഭീകരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അംമറുല്ല സാലിഹ് അടുത്തിടെ താന്‍ പഞ്ച്ഷീറിലുണ്ടെന്ന് അവകാശപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ച വീഡിയോയിലെ അതേ സ്ഥലത് നിന്നായിരുന്നു വൈറലായ ഫോട്ടോയിലെ ആ താലിബാന്‍ ഭീകരന്‍ ചിത്രം പകര്‍ത്തിയത്.

   രാജ്യത്ത് സമാന്തര സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ദൃഡനിശ്ചയമെടുത്തിരിക്കുകയാണെന്ന്, പുറത്താക്കപ്പെട്ട അഫ്ഗാന്‍ ഗവണ്‍മെന്റ് അംബാസഡര്‍ സാഹിര്‍ അക്ബര്‍ ബുധനാഴ്ച പറഞ്ഞിരുന്നു. അഹ്മദ് ഷാ മസൂദും അംമറുല്ല സലേഹും താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്‌തെന്ന താലിബാന്‍ അവകാശവാദങ്ങള്‍ നിഷേധിക്കുകയും അവര്‍ പഞ്ച്ഷീറില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിര്‍ അക്ബര്‍ ഇപ്പോള്‍ താജിക്കിസ്ഥാനിലേ ദുഷാന്‍ബെയിലാണ്.

   ''അഹ്മദ് മസൂദും അംമറുല്ലയും താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തിട്ടില്ല. അഹമ്മദ് മസൂദ് പഞ്ച്ഷീറിനെ ഉപേക്ഷിച്ചു എന്ന വാര്‍ത്ത ശരിയല്ല; അദ്ദേഹം അഫ്ഗാനിസ്ഥാനിലാണ്. ഞാന്‍ നിലവില്‍ പഞ്ച്ഷീറിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അംമറുല്ല സലേഹുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.'' പുറത്താക്കപ്പെട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ കീഴിലുള്ള പ്രതിനിധിയായ സാഹിര്‍ അക്ബര്‍ പറഞ്ഞു.

   കാബൂബിളിലെ അംമറുല്ല സലേഹയുടെ വസതിയില്‍ നിന്ന് വന്‍ തുക കണ്ടെടുത്തതായി താലിബാന്‍ ഭീകര നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. മുന്‍ വൈസ് പ്രസിഡന്റ് ആളുകളെ റെസിസ്റ്റന്‍സ് ഫ്രണ്ടിലേക്ക് കൊണ്ടുവരാന്‍ ബാക്കി പണവുമായി ഒളിച്ചോടിയെന്നും ഭീകരര്‍ ആരോപിക്കുന്നു.
   Published by:Karthika M
   First published: