കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ കൂടുതൽ നഗരങ്ങളിലേക്ക് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളെ തീവ്രാവാദികളുമായി വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്ന് റിപ്പോർട്ട്. താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ സൈനികരെ കൊലപ്പെടുത്തുകയും സാധാരണക്കാരെ പ്രകോപനങ്ങളില്ലാതെ അക്രമിക്കുന്നുവെന്നും റിപ്പോർട്ട്പറയുന്നു.
താലിബാൻ അതിക്രമങ്ങൾ തുടരുന്നത് കാരണം നിരവധി പേരാണ് മറ്റു നഗരങ്ങളിൽ നിന്ന് കാബൂളിലേക്ക് പലായാനം ചെയ്യുന്നത്. വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് വിവാഹം കഴിക്കാത്ത അഫ്ഘാനി സ്ത്രീകളെ തീവ്രവാദികളുടെ ‘ഭാര്യമാർ’ ആക്കി മാറ്റണമെന്നാണ് താലിബാന്റെ ആവശ്യം. ഇത് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്നും, ലൈംഗിക കുറ്റകൃത്യമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
അതേസമയം രാജ്യത്തിന്റെ സിംഹ ഭാഗവും തങ്ങളുടെ അധീനതയിൽ വരുത്തിയ താലിബാൻ ഇതിനകം വിജയം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, രാജ്യത്തെ ജനങ്ങളോടും, സൈനികരോടും, സർക്കാർ ഉദ്യോഗസ്ഥരോടും പേടിക്കേണ്ടതില്ല എന്നാണ് താലിബാൻ പ്രത്യക്ഷത്തിൽ പറയുന്നത്. അതേസമയം അവരുടെ പ്രവർത്തികൾ അവരുടെ വാക്കുകളുടെ നേർവിപരീതമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ സാക്ഷ്യപ്പെടുത്തുന്നു.
വ്യാഴാഴ്ച കാബൂളിലെ അമേരിക്കൻ എംബസി താലിബാനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കീഴടങ്ങിയ അഫ്ഘാനി സൈനികരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു എംബസിയുടെ വിമർശനം. താലിബാന്റെ നീക്കം ഏറെ വിഷമിപ്പിക്കുന്നതാണെന്നും യുദ്ധ കുറ്റമാണെന്നുമാണ് അമേരിക്കൻ എംബസി ട്വിറ്ററിൽ കുറിച്ചത്.
ഇതിനകം രാജ്യത്തെ നിരവധി പ്രധാനപ്പെട്ട നഗരങ്ങൾ താലിബാൻ കീഴിലായിട്ടുണ്ട്. വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കാണ്ഠഹാർ താലിബാന് കീഴിലായി. നഗരത്തിലെ ഗവർണറുടെ ഓഫീസും, മറ്റു സർക്കാർ സ്ഥാപനങ്ങളും താലിബാൻ പോരാളികൾ കയ്യേറിയിട്ടുണ്ട്. കൂടാതെ പിടിച്ചടിക്കിയ പ്രദേശങ്ങളിൽ മുഴുവൻ താലിബാൻ പോരാളികൾ തങ്ങളുടെ കൊടി നാട്ടിയിട്ടുമുണ്ട്. ഇതിനകം 12 ലധികം പ്രദേശങ്ങളുടെ തലസ്ഥാനങ്ങൾ താലിബാന് കീഴിലായി മാറി.
മെയ് അവസാനം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാൻ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന് പോരാളികളും അഫ്ഘാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന് പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന് വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന് അധീനതയിലായിട്ടുണ്ട്.
താലിബാന് അനുകൂലികളായ ട്വിറ്റര്‍ ഉപയോക്താക്കള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. താലിബാന് പിടിച്ചെടുത്ത വാഹനങ്ങള്‍, ആയുധങ്ങള്‍, ഡ്രോണ്‍ എന്നിവയുടെ ചിത്രങ്ങളും ഇതില്‍പ്പെടുന്നു.
വ്യാഴാഴ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന് സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന് സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. കൂടാതെ വ്യാഴാഴ്ച കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുള്ള ഗസ്നി നഗരവും താലിബാന് കീഴടക്കി. കാബൂളിലേക്കുള്ള പ്രധാന ഹൈവേയും താലിബാന് അധീനതയില്‍ വന്നിട്ടുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.