കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീയും-പുരുഷനും റെസ്റ്റോറന്റുകളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്(Taliban). റെസ്റ്റോറന്റുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പുരുഷന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ ഉത്തരവ്. പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയിലാണ് പുതിയ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ദിവസങ്ങളില്‍ മാത്രം പങ്കെടുക്കാന്‍ അനുവാദമുള്ള ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ ലിംഗഭേദം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുവാന്‍ അനുവദിച്ചിരിക്കുന്നത്. ഒരേ ദിവസം അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ പോകുന്നതില്‍ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കുന്നത് ഇതാദ്യമായല്ല. മാര്‍ച്ചിലും താലിബാന് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കണമെന്നും മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത് എന്നും കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിനെതിരെയോ പിതാവിനെതിരെയോ ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്ന് ഭരണകൂടം അറിയിച്ചു. 1996 മുതല്‍ 2001 വരെ താലിബാന് അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും താലിബാന് അറിയിച്ചു.
താലിബാന് അധികാരത്തിലെത്തിയതോടെ രാജ്യത്ത് പൊതുവെ സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതെയായിരുന്നു നടന്നിരുന്നത്. ഇതാണ് പുതിയ ഉത്തരവിന് കാരണമെന്നാണ് വിവരം. അടുത്തിടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് താലിബാന് പുറപ്പെടുവിച്ചിരുന്നു.
അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ അഫ്ഗാന് സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാന് നിയന്ത്രണങ്ങള്‍ക്കെതിരെ ഖേദം പ്രകടിപ്പിച്ചു. എല്ലാ അഫ്ഗാനികള്‍ക്കും അവരുടെ മനുഷ്യാവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.