• HOME
 • »
 • NEWS
 • »
 • world
 • »
 • ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾ മുറിച്ച തണ്ണിമത്തന് തുല്യം; താലിബാൻ യുവാവിന്റെ വീഡിയോ വൈറൽ; പ്രതിഷേധം

ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾ മുറിച്ച തണ്ണിമത്തന് തുല്യം; താലിബാൻ യുവാവിന്റെ വീഡിയോ വൈറൽ; പ്രതിഷേധം

സാധാരണ മതപരമായി മുസ്ലീം സ്ത്രീകള്‍ തല, തലമുടി, മാറിടം, എന്നീ ശരീരഭാഗങ്ങള്‍ മറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന വസ്ത്രമാണ് ഹിജാബ്

afghan-women-hijab

afghan-women-hijab

 • Last Updated :
 • Share this:
  ചെറുത്തുനില്‍പ്പുകളെ നിഷ്പ്രഭമാക്കി കൊണ്ട് അഫ്ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും താലിബാന്‍ പിടിച്ചടക്കി കഴിഞ്ഞു. താലിബാന്റെ ഉയര്‍ന്ന തലത്തിലുള്ള പ്രതിരോധങ്ങളോടും ആള്‍ബലത്തോടും പിടിച്ചുനില്‍ക്കാന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്കും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും സാധിച്ചില്ല. ഇപ്പോള്‍ അമേരിക്കന്‍ സൈനികര്‍ മൊത്തമായി അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്തിരിഞ്ഞു കഴിഞ്ഞു. ഇവർ പൂർണ്ണമായി പിൻമാറിയതിന് ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ താലിബാന്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താലിബാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുതിയ മന്ത്രിസഭയിലെ ഒരംഗം, അമേരിക്ക 36 കോടി രൂപ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഭീകരനാണ്.

  താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത നാള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വസ്ത്രമാണ് ‘ഹിജാബ്.’ സാധാരണ മതപരമായി മുസ്ലീം സ്ത്രീകള്‍ തല, തലമുടി, മാറിടം, എന്നീ ശരീരഭാഗങ്ങള്‍ മറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന വസ്ത്രമാണിത്. താലിബാന്റെ ഉത്തരവ് പ്രകാരം, സ്ത്രീകള്‍ വീടിന് പുറത്ത് പോകുമ്പോഴും, സ്വകാര്യ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ പോകുമ്പോഴും, വസ്ത്രത്തിന് മുകളിലൂടെ അബായ എന്ന മേലങ്കിയും മുഖം മറയ്ക്കുന്ന നിഖാബ് എന്ന വസ്ത്രവും ധരിച്ചിരിക്കണം. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലിംഗാടിസ്ഥാനത്തില്‍ ക്ലാസുകള്‍ തിരിക്കണമെന്നും കുറഞ്ഞ പക്ഷം ഒരു കര്‍ട്ടന്‍ എങ്കിലും ഉപയോഗിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനെല്ലാം പുറമേ താലിബാന്‍ സംഘത്തില്‍പ്പെട്ട ഒരു യുവാവ് ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മുറിച്ച തണ്ണിമത്തനോട് ഉപമിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വൻ പ്രതിഷേധമാണ് വിവാദ പരാമർശത്തിനെതിരെ വന്നു കൊണ്ടിരിക്കുന്നത്.

  ബിബിസിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സിയ ഷഹ്‌റെയാര്‍ ആണ്, വിവാദ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. താലിബാനികളുടെ സ്ത്രീവിരുദ്ധവും, ലിംഗവേര്‍തിരിവും നിറഞ്ഞ മനോഭാവങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്തും നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. കൂടാതെ, വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട താലിബാന്‍ അംഗം സ്ത്രീകളെ ‘വാങ്ങുക’ അല്ലങ്കില്‍ വാങ്ങാന്‍ സാധിക്കുന്ന ഒരു ഉത്പന്നം എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നത് എന്ന വസ്തുതയും ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്.

  Also Read- Jil Biden വൈറ്റ് ഹൗസ് വിട്ട് മുഴുവൻ സമയ ജോലിയ്ക്ക് പോകുന്ന ആദ്യ പ്രഥമ വനിത; വീണ്ടും ക്ലാസ് മുറിയിലേക്ക്

  താലിബാന്‍ ശക്തികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത പുറത്തുവന്ന നാള്‍ മുതല്‍ മനുഷ്യാവകാശ സംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെയും ഏറ്റവും വലിയ ഭീതി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ ഇനി എന്താകും എന്നത് സംബന്ധിച്ചായിരുന്നു. കാരണം, സ്ത്രീകളോടുള്ള താലിബാന്റെ മനോഭാവം ക്രൂരത നിറഞ്ഞതാണ്. താലിബാന്റെ ചരിത്രത്തില്‍ ഇന്നോളം സ്ത്രീകള്‍ക്ക് സ്ഥാനമോ പരിഗണനയോ നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ഭരണം കൈയടക്കി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സ്ത്രീകള്‍ക്കു നേരെയുള്ള താലിബാന്റെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ശരീഅത് നിയമങ്ങളുടെ പരിധിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ‘സംരക്ഷിക്കും’ എന്ന് താലിബാന്‍ നേതാക്കള്‍ ഉറപ്പു നല്‍കിയതിന്, അടുത്ത ദിവസങ്ങളിലാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്ത്രീകളെ തല്ലിച്ചതച്ചതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തെത്തിയിരിക്കുന്നത്.
  Published by:Anuraj GR
  First published: