കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പഠനം അനുവദിക്കുമെന്ന് താലിബാന്‍. എന്നാല്‍ ക്ലാസ് മുറികള്‍ വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികെയും ഒരുമിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി.
സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. അതേസമയം കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി.
20 വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനില്‍ ഇന്ന് അവശേഷിക്കുന്നതില്‍ നിന്ന് പുതിയ വികസനങ്ങള്‍ സര്‍ക്കാര്‍ കെട്ടിപ്പടുക്കുമെന്ന് ഹഖാനി പറഞ്ഞു. 1990കളുടെ അവസാനത്തില്‍ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ അവരുടെ മുന്‍നയങ്ങളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമായി പ്രവര്‍ത്തിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച പ്രതികരണം.
അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മന്ത്രി സഭയില്‍ സ്ത്രീകളുടെ സാന്നിധ്യം ഇല്ല. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സൂചന താലിബാന്‍ വക്താവ് നല്‍കി. സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുകയാണ് വേണ്ടതെന്നാണ് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താലിബാന്റെ ആണ്‍മേല്‍ക്കോയ്മയിലുള്ള മന്ത്രിസഭാ രൂപീകരണം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പ്രകോപിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി അവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പുരുഷന്മാര്‍ മാത്രം അടങ്ങുന്ന സര്‍ക്കാരിനെതിരെയുള്ള രോഷ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും താലിബാന്‍ വക്താവ് സയിദ് സെക്രുള്ള ഹാഷിമിയാണ് മറുപടി നൽകിയത്. “ഒരു സ്ത്രീയ്ക്ക് മന്ത്രിയാകാന്‍ കഴിയില്ല, അത് അവള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരം കഴുത്തില്‍ വെച്ചു കൊടുക്കുന്നതു പോലെയാണ്,” എന്നാണ് ഹാഷിമി ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു സ്ത്രീ മന്ത്രി സഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല എന്നും, സ്ത്രീകള്‍ “പ്രസവിക്കുകയാണ് വേണ്ടതെന്നും” കൂട്ടിച്ചേര്‍ത്തു. “പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാന്‍ സാധിക്കില്ലെന്നും” ഹാഷിമി പറഞ്ഞു.
താലിബാൻ വീണ്ടും ഭരണത്തിലെത്തിയപ്പോള്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ താലിബാന്‍ നേതാക്കള്‍ പറഞ്ഞത് ശരിയാ നിയമങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ്.
അതേസമയം, ഇതിനോടകം തന്നെ സ്ത്രീകള്‍ക്കെതിരായ പല ആക്രമ സംഭവങ്ങള്‍ക്കും അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. സ്ത്രീകൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചു, ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചു, അത് പോലെ താലിബാന്‍ നേതൃത്വം സ്ത്രീകളുടെ ‘അവകാശ പരിധി’യ്ക്ക് പുറത്തെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും അവരെ വിലക്കിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.