നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • സ്ത്രീകൾ മന്ത്രിമാരാകേണ്ട, അവർ പ്രസവിക്കുകയാണ് വേണ്ടത് എന്ന് താലിബാൻ!

    സ്ത്രീകൾ മന്ത്രിമാരാകേണ്ട, അവർ പ്രസവിക്കുകയാണ് വേണ്ടത് എന്ന് താലിബാൻ!

    താലിബാന്റെ ആണ്‍മേല്‍ക്കോയ്മയിലുള്ള മന്ത്രിസഭാ രൂപീകരണം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പ്രകോപിച്ചിരിക്കുകയാണ്

    അഫ്‌ഗാനിസ്ഥാനിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ

    അഫ്‌ഗാനിസ്ഥാനിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ

    • Share this:
      അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മന്ത്രി സഭയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായേക്കുമെന്ന പ്രതീക്ഷ ഇനി വേണ്ട. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സൂചന താലിബാന്‍ വക്താവ് നൽകി. സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുകയാണ് വേണ്ടതെന്നാണ് താലിബാന്‍ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

      താലിബാന്റെ ആണ്‍മേല്‍ക്കോയ്മയിലുള്ള മന്ത്രിസഭാ രൂപീകരണം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പ്രകോപിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി അവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പുരുഷന്മാര്‍ മാത്രം അടങ്ങുന്ന സര്‍ക്കാരിനെതിരെയുള്ള രോഷ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും താലിബാന്‍ വക്താവ് സയിദ് സെക്രുള്ള ഹാഷിമിയാണ് മറുപടി നൽകിയത്. “ഒരു സ്ത്രീയ്ക്ക് മന്ത്രിയാകാന്‍ കഴിയില്ല, അത് അവള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരം കഴുത്തില്‍ വെച്ചു കൊടുക്കുന്നതു പോലെയാണ്,” എന്നാണ് ഹാഷിമി ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

      തന്റെ വാക്കുകള്‍ തുടര്‍ന്ന ഹാഷിമി, ഒരു സ്ത്രീ മന്ത്രി സഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല എന്നും, സ്ത്രീകള്‍ “പ്രസവിക്കുകയാണ് വേണ്ടതെന്നും” കൂട്ടിച്ചേര്‍ത്തു. “പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാന്‍ സാധിക്കില്ലെന്നും” ഹാഷിമി പറഞ്ഞു.



      കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭരണം നിലവില്‍ വന്നതോടു കൂടി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത പൗരാവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ വിറങ്ങലിച്ച് കഴിയുകയാണ് അഫ്ഗാന്‍ വനിതകൾ.

      താലിബാൻ വീണ്ടും ഭരണത്തിലെത്തിയപ്പോള്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ താലിബാന്‍ നേതാക്കള്‍ പറഞ്ഞത് ശരിയാ നിയമങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ്. അതേസമയം, ഇതിനോടകം തന്നെ സ്ത്രീകള്‍ക്കെതിരായ പല ആക്രമ സംഭവങ്ങള്‍ക്കും അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. സ്ത്രീകൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചു, ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചു, അത് പോലെ താലിബാന്‍ നേതൃത്വം സ്ത്രീകളുടെ ‘അവകാശ പരിധി’യ്ക്ക് പുറത്തെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും അവരെ വിലക്കിയിരിക്കുകയാണ്.

      ഇതിന് മുന്‍പ് 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തിലാണ് താലിബാനികള്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്നത്. അന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങി ജോലിയ്ക്ക് പോകാന്‍ സാധിച്ചിരുന്നില്ല, പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ അനുവാദമില്ലായിരുന്നു. സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും പുറത്തു പോകേണ്ട സാഹചര്യം വന്നാല്‍ അവരുടെ മുഖം മറയ്ക്കണമായിരുന്നു. കൂടാതെ തനിയെ പോകാന്‍ അനുവാദമില്ല, അടുത്ത ബന്ധത്തിലുള്ള ആണുങ്ങള്‍ ഒപ്പം വേണം ഇത്തരത്തിലുള്ള അടിച്ചമർത്തലുകളാണ് സ്ത്രീകള്‍ അന്നു നേരിട്ടിരുന്നത്.

      അഫ്ഗാനിസ്ഥാന്റെ പുതിയ പുരുഷ കേന്ദ്രീകൃത സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച അഫ്ഗാന്‍ സ്ത്രീകളെ ബുധനാഴ്ച താലിബാന്‍ ആട്ടിയോടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താലിബാന്‍ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധകരെ ചാട്ടയും വടിയുപയോഗിച്ച് മര്‍ദ്ദിച്ചു എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്.

      പ്രതിഷേധത്തിനെത്തിയ സ്ത്രീകളില്‍ ചിലര്‍ ‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ’ എന്ന് വിളിച്ച് പറയുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സാക്ഷികളുടെ മൊഴി അനുസരിച്ച്, പ്രകടനങ്ങളും പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെയും താലിബാന്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
      Published by:user_57
      First published:
      )}