ടെക്സാസ്: അമേരിക്കയിലെ ഒരു എലിമെന്ററി സ്കൂളിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ കൗമാരക്കാരനായ തോക്കുധാരി 18 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി. അധ്യാപിക ഉൾപ്പടെ ആകെ 21 പേരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഒരു മണിക്കൂറോളം അകലെയുള്ള ടെക്സാസിലെ ഉവാൾഡെയിലെ എലിമെന്ററി സ്കൂളിലാണ് ആക്രമണം. 18 കാരനായ തോക്കുധാരി തന്റെ മുത്തശ്ശിയെ വെടിവെച്ചിട്ട ശേഷം റോബ് എലിമെന്ററി സ്കൂളിലേക്ക് കടക്കുകയും പിഞ്ചു കുട്ടികൾക്കുനേരെ നിറയൊഴിക്കുകയുമായിരുന്നുവെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രദേശവാസിയായ സാൽവഡോർ റാമോസ് എന്നയാളാണെ പ്രതിയെന്നും ഇയാളെ പൊലീസ് വെടിവെച്ചു കൊന്നതായും ഗവർണർ പറഞ്ഞു. ഏഴ് വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനഞ്ച് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന് നടുക്കം രേഖപ്പെടുത്തി. അക്രമങ്ങളില്‍ മനംമടുത്തെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മുതിർന്നവരും ആക്രമണത്തിൽ മരിച്ചതായി ടെക്സസ് സ്റ്റേറ്റ് സെനറ്റർ റോളണ്ട് ഗുട്ടറസ് സിഎൻഎന്നിനോട് പറഞ്ഞു, ഏഴ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്കൂളിലാണ് സംഭവം. 2012ൽ 20 കുട്ടികളും ആറ് ജീവനക്കാരും കൊല്ലപ്പെട്ട കണക്റ്റിക്കട്ടിലെ സാൻഡി ഹുക്ക് വെടിവയ്പ്പിന് ശേഷം അമേരിക്കയെ ഏറ്റവും നടുക്കിയ സംഭവമാണിത്. സാൻഡി ഹുക്കിന്റെ ഭീകരതയിൽ ഇപ്പോഴും മുറിവുണങ്ങാത്ത അമേരിക്കയിൽ പുതിയ സംഭവം അതീവ ഞെട്ടലുണ്ടാക്കുന്നതാണ്. ഇരകളുടെ ദുഃഖത്തിൽ പങ്കുചേരാൻ പതാകകൾ പകുതി താഴ്ത്തി ഉയർത്താൻ വൈറ്റ് ഹൗസ് ഉത്തരവിട്ടു.
Also Read-
അമേരിക്കയെ കത്തിയെരിച്ച് കാട്ടുതീ; ആഘാതം ടെക്സസ് മുതൽ അരിസോന വരെ
എന്നാൽ സാൻഡി ഹുക്ക് വെടിവയ്പ്പ് നടന്ന കണക്റ്റിക്കട്ടിൽ നിന്നുള്ള ഡെമോക്രാറ്റ് പാർട്ടി പ്രതിനിധിയായ സെനറ്റർ ക്രിസ് മർഫി, തുടർന്നുള്ള അക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടി വേണമെന്ന് അഭ്യർഥിച്ചു. “ഈ കുട്ടികൾ നിർഭാഗ്യവാന്മാരല്ല. ഇത് ഈ നാട്ടിൽ മാത്രമേ സംഭവിക്കൂ, മറ്റെവിടെയുമല്ല. വെടിവെപ്പുണ്ടാകുമെന്ന് കരുതി മറ്റെവിടെയും കൊച്ചുകുട്ടികൾ സ്കൂളിൽ പോകാതിരിക്കുന്നില്ല," വാഷിംഗ്ടണിലെ സെനറ്റ് ഫ്ലോറിൽ മർഫി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.