• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പ്രാര്‍ഥനയോടെ ലോകം; രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

News18 Malayalam
Updated: July 8, 2018, 11:01 PM IST
പ്രാര്‍ഥനയോടെ ലോകം; രക്ഷാപ്രവര്‍ത്തനം ഇങ്ങനെ
News18 Malayalam
Updated: July 8, 2018, 11:01 PM IST
വടക്കൻ തായ്ലന്റിലെ ചിയാംഗ് റായി പ്രവിശ്യയിലെ താംലുവാങ് ഗുഹയിലേക്കാണ് ലോകശ്രദ്ധ.

ഫുട്ബോൾ ടീമംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും ഉൾപ്പെട്ട സംഘം ജൂൺ 23നാണ് ഗുഹക്കുള്ളിൽ അകപ്പെട്ടത്. കനത്ത മഴയിൽ ഗുഹക്കുള്ളിലേക്കുള്ള വഴികളും അറകളും നിറഞ്ഞതോടെയാണ് സംഘം ഒറ്റപ്പെട്ടത്. ഗുഹയുടെ ഉൾഭാഗത്തെ അപകടകരമായ അവസ്ഥവച്ച് ഇവരെ ജീവനോടെ പുറത്തെത്തിക്കുക പ്രയാസകരമായേക്കുമെന്ന വിലയിരുത്തലായിരുന്നു ആദ്യം. പത്ത് ദിവസത്തെ തിരച്ചിലിനൊടുവിൽ‌ കുട്ടികളും പരിശീലകനും ഗുഹക്കുള്ളിൽ ഒറ്റപ്പെട്ട ഭാഗത്ത് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി.

വിശപ്പും കൊടുംതണുപ്പും കാരണം അവശരാണെങ്കിലും എല്ലാവരും ജീവൻ നിലനിർത്തുന്നുവെന്ന വാർത്ത രക്ഷാപ്രവർത്തനത്തിന് പുതിയ ഊർജം നൽകി. ഇവരെ ജീവനോടെ എങ്ങനെ പുറത്തെത്തിക്കുമെന്ന ചോദ്യം പിന്നാലെ ഉയർന്നു. പല വഴികളും ആലോചനയിലെത്തി. മഴ ഭീഷണിയായി തുടരുന്നു. ഗുഹക്കുള്ളിലെ പ്രാണവായുവിന്റെ അളവും കുറയുന്നു. കളയാൻ അധികം സമയമില്ലെന്ന തിരിച്ചറിവ് പെട്ടെന്നായിരുന്നു.ആരായിരുന്നു ഗുഹക്കുള്ളിൽ അകപ്പെട്ട  കുട്ടികൾ ?

ചിയാംഗ് റായിലെ മൂ പാ അക്കാദമിയിലെ കുട്ടികളാണ് 12 പേരും. 11നും 16നും ഇടക്ക് പ്രായമുള്ളവർ. അവരിൽ ഒരാളായ അദുൽ സാമഓൻ മ്യാൻമർ സ്വദേശിയാണ്. പഠനത്തിനായി തായ്ലന്റിലെത്തിയതാണ്. അദുലിന് ഇംഗ്ലീഷ്, ബർമീസ്, തായ്, ചൈനീസ് ഭാഷകൾ സംസാരിക്കാൻ കഴിയും. ഇതു രക്ഷാ ദൗത്യത്തിൽ നിർണായകയമായി. പത്ത് ദിവസത്തിന് ശേഷം കുട്ടികളെ കണ്ടെത്തിയ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരുമായി ആശയവിനിമയം നടത്താൻ അദുലിന്റെ ഭാഷാപ്രാവീണ്യം തുണയായി.

ഫുട്ബോൾ പരിശീലനത്തിന്ശേഷം ജൂൺ 23ന് പരിശീലകനൊപ്പം സൈക്ലിംഗിനായി ഗുഹയിലെത്തിയതായിരുന്നു അവർ. പിറ്റേദവസം കുട്ടികൾ തിരികെ വീട്ടിലെത്താതെ വന്നതോടെ ബന്ധുക്കൾ പരിഭ്രാന്തരായി. കുട്ടികൾ ഗുഹക്കുള്ളിൽ പ്രവേശിച്ചതിനുശേഷം കനത്ത മഴ പെയ്തതാണ് സ്ഥിതി വഷളാക്കിയത്. ഗുഹക്കുള്ളിലും പുറത്തും വെള്ളം നിറയുകയായിരുന്നു.
Loading...ഭീമാകാരമായ ഗുഹ‌

മ്യാൻമർ അതിര്‍ത്തിയിലുള്ള ഡോയി നാങ് നോൺ പർവത നിരയിലെ അടിഭാഗത്താണ് താംലുവാങ് ഗുഹയുള്ളത്. സൈക്കിളുകളും സോക്കർ ഷൂവും കുട്ടികൾ കൊണ്ടുവന്ന മറ്റ് വസ്തുക്കളും ഗുഹാകവാടത്തിന് പുറത്ത് നിന്ന് കണ്ടെടുത്തു. ജൂലൈയിൽ തുടങ്ങുന്ന മഴക്കാലത്ത് ഗുഹക്കുള്ളിലേക്ക് പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് പുറത്ത് വച്ചിട്ടുണ്ട്. നവംബറിലാണ് മഴക്കാലം അവസാനിക്കുന്നത്. എന്നാൽ കുട്ടികളും കോച്ചും ഇതുകണക്കിലെടുക്കാതെ ഉള്ളിലേക്ക് പോയതാണ് തിരിച്ചടിയായത്. വെള്ളക്കെട്ട് ഉയർന്നതോടെ സംഘം അകത്ത് കുടുങ്ങി. ആയിരത്തോളം പേർ പത്ത് ദിവസം പണിപ്പെട്ടശേഷമാണ് സംഘം കുടുങ്ങിയിരിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചത്. പ്രവേശന കവാടത്തിൽ നിന്ന് മൂന്ന് മൈലുകൾക്കപ്പുറമുള്ള അറയിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്.ആരാണ് ആ ഫുട്ബോൾ പരിശീലകൻ?

ഏകാപോൾ ചാന്ദാവോങ് എന്ന് 25 വയസുകാരനാണ് കുട്ടികൾക്കൊപ്പമുള്ള പരിശീലകൻ. സന്ന്യാസ ജീവിതം നയിച്ചിരുന്ന 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഴുവന്‍ സമയ സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്ബോള്‍ പരിശീലകനായത്. ജൂണ്‍ 23 ന് കുട്ടികളെ ഡോയ് നാംഗ്നോണ്‍ പർവതത്തിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള ചുമതല വൈല്‍ഡ് ബോര്‍ എന്ന ഫുട്ബോള്‍ ടീമിന്റെ പ്രധാന പരിശീലകനായ നോപ്പാരത്ത് കാന്‍ത്വോങിനായിരുന്നു. എന്നാല്‍ മറ്റു ചില ആവശ്യങ്ങള്‍ പ്രധാന പരിശീലകന് ഉണ്ടായതിനെ തുടര്‍ന്നാണ് ടീമിന്റെ സഹപരിശീലകനായ ഏകാപോള്‍ കുട്ടികളെയും കൊണ്ട് പോയത്.
കുട്ടികളെ ഫുട്ബോള്‍ പരിശീലനത്തിനൊപ്പം പഠനവിഷയങ്ങളിലും സഹായിക്കുന്ന ആളായിരുന്നു ഏകാപോള്‍. ഫുട്ബോള്‍ പരിശീലനത്തില്‍ കാര്‍ക്കശ്യക്കാരനായ ഏകാപോള്‍ സ്വീകരിച്ച രീതികളാണ് പതിനാറാം ദിവസവും പിടിച്ച് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വളരെ കുറഞ്ഞ രീതിയില്‍ ഊര്‍ജ്ജം ചെലവിട്ട് കഴിയാനും ഉള്ള ഭക്ഷണവും ജലവും ടീമിലെ എല്ലാര്‍ക്കും പങ്കിട്ട് കഴിയാനും ആശങ്കപ്പെടാതിരിക്കാനും കുട്ടികളെ സഹായിച്ചത് ഏകാപോളിന്റെ സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്.

ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ കുട്ടിഫുട്ബോള്‍ പരിശീലകര്‍ ഭയപ്പെടാതിരിക്കാനും ആത്മ സംയമനം പുലര്‍ത്താനും സന്ന്യാസി കൂടിയായ ഏകാപോളിന്റെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും വിശദമാക്കുന്നു. ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ കുറച്ച് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഏകാപോളിന്റെ ധ്യാന രീതികള്‍ ഉതകുന്നുണ്ട്. എന്നാല്‍ പതിനാറ് ദിവസം നീണ്ട ഗുഹാ ജീവിതം ഏകാപോളിനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കുട്ടികള്‍ അപകടത്തിലായതില്‍ ഏകാപോള്‍ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഏകാപോളിന് ശക്തമായ പിന്തുണയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കുന്നത്. അദ്ദേഹം അവര്‍ക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നാണ രക്ഷിതാക്കള്‍ പ്രതികരിക്കുന്നത്.എന്തു കൊണ്ടാണ് ദൗത്യം ദുഷ്കരമാവുന്നത് ?.

കുട്ടികൾ ഗുഹക്കുള്ളിൽ അകപ്പെട്ട വാർത്ത പുറത്ത് വന്നതോടെ ഇവരെ പുറത്തെത്തിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നായിരുന്നു അധികൃതർ പ്രതികരിച്ചത്. വെള്ളം ഇറങ്ങുന്നതുവരെ അവർക്ക് ഗുഹക്കുള്ളിൽ തന്നെ തങ്ങേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷെ ഗുഹക്കുള്ളിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതും മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങളും രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ അധികൃതരെ നിർബന്ധിതരാക്കി.
എട്ടു കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള ഗുഹയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഗുഹയുടെ മുകള്‍ ഭാഗം തുരന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മണ്ണ് ഇടിയാന്‍ സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ നീക്കം ഉപേക്ഷിച്ചു. ആദ്യം ഗുഹക്കുള്ളിലേക്ക് ആവശ്യത്തിന് വായു എത്തിക്കുക എന്നതിനായിരുന്നു മുൻഗണന നൽകിയത്. പിന്നീട് ആശയവിനിമയ സംവിധാനം ഒരുക്കാനും. 140 മുങ്ങൽ വിദഗ്ധർ കുട്ടികളുടെ ഒരു മൈൽ അകലെ വരെ എത്തിയിരുന്നു. കുട്ടികളിൽ കുറച്ചുപേർക്ക് നീന്തലോ സ്കൂബാ ഡൈവിംഗോ അറിയില്ല. അവരെ നീന്തൽ പഠിപ്പിച്ച് പുറത്ത് കടത്താനും പദ്ധതിയിട്ടിരുന്നു.

എത്രനാൾ പിടിച്ചുനിൽക്കാനാകും?

വായു കുറഞ്ഞുവരികയോ വെള്ളക്കെട്ട് വർധിക്കുകയോ ചെയ്താൽ സ്ഥിതിഗതികൾ മാറിമറിയും. നല്ല അടിയൊഴുക്കും കാഴ്ചക്കുറവും അപകടകരമായ പാറ ഇടുക്കുകളുമാണ് പ്രധാന തടസം. ചിലയിടങ്ങളിൽ വഴിയുടെ വീതി രണ്ടര അടി മാത്രം. കുട്ടികൾ മാത്രമല്ല. രക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുന്നവരും അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഓക്സിജൻ കിട്ടാതെ മുങ്ങൽ വിദഗ്ധൻ സമൻ കുനാന് ജീവൻ നഷ്ടമായിരുന്നു. ഗുഹയില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്‍കി തിരികെ വരുന്നതിനിടയില്‍ സമന്‍ കുനാന്റെ ഓക്സിജന്‍ തീര്‍ന്ന് പോയതാണ് മരണകാരണം.

തായ്ലന്റ് മാത്രമല്ല, ലോകം മുഴുവനും പ്രാർത്ഥനയിലാണ് . ആ കുട്ടികളും പരിശീലകനും മടങ്ങിവരുന്ന ആ കാഴ്ച കാണാൻ.
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...