സ്വവർഗ വിവാഹത്തിന് (Same-Sex Marriage) നിയമസാധുത നൽകാനൊരുങ്ങി തായ്ലൻഡ് (Thailand). നിയമം നടപ്പിലായാൽ തായ്വാനു ശേഷം സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമാകും തായ്ലൻഡ്.
നിരവധി ലെസ്ബിയൻ (lesbian), ഗേ (gay), ബൈസെക്ഷ്വൽ (bisexual), ട്രാൻസ്ജെൻഡർ (transgender) കമ്മ്യൂണിറ്റികൾ തായ്ലൻഡിലുണ്ട്. ഒരു ലിബറൽ അവധിക്കാല കേന്ദ്രം എന്ന നിലക്ക് നിരവധി വിനോദ സഞ്ചാരികൾ തായ്ലൻഡിലേക്ക് എത്താറുമുണ്ട്. എന്നാൽ രാജ്യത്തെ നിയമങ്ങളും സ്ഥാപനങ്ങളും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും എൽജിബിടി കമ്യൂണിറ്റിയിൽ പെട്ടവരോടും സ്വവർഗ ദമ്പതികളോടും ഇപ്പോഴും വിവേചനം കാണിക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകൾ പറയുന്നു.
സ്വവർഗ പങ്കാളികൾക്ക് മറ്റുള്ളവർക്കു തുല്യമായ നിയമപരമായ അവകാശങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടുള്ള നാല് ഡ്രാഫ്റ്റുകളാണ് ബുധനാഴ്ച തായ്ലൻഡ് പാർലമെന്റ് അംഗീകരിച്ചത്. നിലവിലുള്ള നിയമങ്ങളിലെ നിബന്ധനകൾ മാറ്റി ലിംഗഭേദമന്യേ എല്ലാ ആളുകൾക്കും വിവാഹത്തിന് അനുമതി നൽകണമെന്നും കരട് ബില്ലിൽ പറയുന്നു.
എല്ലാത്തരം ആളുകൾക്കും വിവാഹം ചെയ്യാൻ ഒരേ മാനദണ്ഡങ്ങളായിരിക്കണം ഉണ്ടാകേണ്ടതെന്നും ഇത് സ്വാഗതാർഹമായ നീക്കമാണെന്നും തായ്ലൻഡിലെ എൽജിബിടി സമൂഹം പ്രതികരിച്ചു. മഴവിൽ നിറത്തിലുള്ള പതാകകൾ വീശി രാജ്യത്ത് പലരും പരേഡുകൾ നടത്തുകയും ചെയ്തിരുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ തായ്വാനിൽ മാത്രമേ ഇപ്പോൾ സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകിയിട്ടുള്ളൂ.
എന്നാൽ സർക്കാർ അംഗീകാരം നൽകിയ രണ്ട് ബില്ലുകളെ ചില തായ് എൽജിബിടി പ്രവർത്തകർ വിമർശിച്ചു. സ്വവർഗ ദമ്പതികൾക്ക് പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള നിയമങ്ങൾ ഇവരെക്കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്താൽ മതിയെന്നും അവർ പറഞ്ഞു.
Also read-
'സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; സൗദിഅറേബ്യയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു
നാല് ബില്ലുകളും 25 അംഗ കമ്മിറ്റി ചർച്ച ചെയ്തതിനു ശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയക്കും.
2018 സെപ്റ്റംബർ ആറിന് സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന ചരിത്ര വിധി പ്രസ്താവം ഇന്ത്യയിലെ സുപ്രീം കോടതി നടത്തിയിരുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റമല്ല. ലൈംഗിക ആഭിമുഖ്യം ജന്മനാ ഉണ്ടാകുന്നതാണ്. ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത് ഒരാളുടെ ലൈംഗികത. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിച്ച് വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നായിരുന്നു സ്വവർഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള സെക്ഷൻ 377 റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞത്. അന്നത്തെ ആ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് അഭിഭാഷക പങ്കാളികളായ അരുദ്ധതി കട്ജുവും മേനക ഗുരുസ്വാമിയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെതിരെ നിയമയുദ്ധം നയിച്ച ഇരുവര്‍ക്കും ജീവിത പോരാട്ടം കൂടിയായിരുന്നു അത്. കേസില്‍ ഹര്‍ജിക്കാരായിരുന്ന ഐഐടി വിദ്യാര്‍ത്ഥികള്‍ക്കും അലുമ്നി സംഘത്തിനും വേണ്ടി വാദിച്ച അഭിഭാഷകരാണ് മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. തൊഴില്‍പരമായ പോരാട്ടം മാത്രമായിരുന്നില്ല ഇതെന്നും തങ്ങളുടെ ജീവിതത്തിലേക്കുള്ള വഴിതെളിയിക്കല്‍ കൂടിയായിരുന്നെന്നും സിഎന്‍എനിലെ ഫരീദ് സക്കരിയയുമായി നടത്തിയ അഭിമുഖത്തില്‍ ഇരുവരും തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും കുട്ടികൾക്കായുള്ള മഴവിൽ നിറമുള്ള വസ്ത്രങ്ങളും പിടിച്ചെടുത്തത് വാർത്തയായിരുന്നു. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സൗദിയിലെ സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.