Boris Johnson | നല്ല വാർത്തയാണല്ലോ; ബോറിസ് ജോൺസണിന്റെ രാജിയറിഞ്ഞ യുവതിയുടെ പ്രതികരണം
Boris Johnson | നല്ല വാർത്തയാണല്ലോ; ബോറിസ് ജോൺസണിന്റെ രാജിയറിഞ്ഞ യുവതിയുടെ പ്രതികരണം
ബോറിസ് ജോൺസൺ രാജി വെച്ച കാര്യം താൻ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും എന്നാൽ പടിയിറങ്ങിയതിൽ സന്തോഷമുണ്ടെന്നും ആണ് യുവതി പറഞ്ഞത്. ''അദ്ദേഹം രാജിവച്ചെ കാര്യം എനിക്കറിയില്ലായിരുന്നു. അതൊരു നല്ല വാർത്തയാണ്. അല്ലേ?", ബിബിസിയോട് യുവതി പറഞ്ഞു.
ബോറിസ് ജോൺസൺ (Boris Johnson) രാജി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ നേതാവിനെ കാത്തിരിക്കുകയാണ് ബ്രിട്ടൻ. രാജിയെക്കുറിച്ച് രാജ്യമെമ്പാടും സമ്മിശ്രപ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് ബ്രിട്ടീഷ് സ്വദേശിയായ ഒരു സ്ത്രീയുടെ പ്രതികരണം ഇപ്പോൾ വൈറലാകുകയാണ്. ബോറിസ് ജോൺസൺ രാജി വെച്ചതിനെ എങ്ങനെ കാണുന്നു എന്ന ബിബിസിയുടെ (BBC) ചോദ്യത്തോടുള്ള പ്രതികരണമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിബിസി മാധ്യമപ്രവർത്തകനിൽ നിന്നാണ് ബോറിസ് ജോൺസൺ രാജി വച്ച വിവരം ഇവർ അറിഞ്ഞത്. ബോറിസ് ജോൺസൺ രാജി വെച്ച കാര്യം താൻ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും എന്നാൽ പടിയിറങ്ങിയതിൽ സന്തോഷമുണ്ടെന്നും ആണ് യുവതി പറഞ്ഞത്. ''അദ്ദേഹം രാജിവച്ചെ കാര്യം എനിക്കറിയില്ലായിരുന്നു. അതൊരു നല്ല വാർത്തയാണ്. അല്ലേ?", ബിബിസിയോട് യുവതി പറഞ്ഞു. വേഗം ഇവരെ ഡൗണിങ്ങ് സ്ട്രീറ്റിൽ എത്തിക്കൂ എന്നാണ് വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് ഹാരിസൺ ബ്രോക്ക്ലെഹർസ്റ്റ് എന്നയാൾ കുറിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഡൗണിങ്ങ് സ്ട്രീറ്റിലാണ്. വീഡിയോ കണ്ട് ചിരി അടക്കാനാകുന്നില്ലെന്നും യുവതി ഇക്കാര്യം പറയുന്നതു രസകരമായിട്ടാണെന്നുമൊക്കെ വീഡിയോക്കു താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
— Harrison Brocklehurst (@harrisonjbrock) July 7, 2022
ഇന്ത്യൻ വംശജനായ ഋഷി സുനകിന്റെ പേരും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച പദവി ഒഴിഞ്ഞതിൽ തനിക്ക് ദുഃഖമുണ്ടെന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ബോറിസ് ജോൺസൺ പറഞ്ഞത്. രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്തവരല്ല എന്നും അദ്ദേഹം പറഞ്ഞു. "ഡാർവിനിയൻ" തിരഞ്ഞെടുപ്പ് സംവിധാനം ഒരു പുതിയ നേതാവിനെ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൻ കൂട്ടിച്ചേർത്തു. നിരാശരായവരുണ്ടാകുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ജോലി ഉപേക്ഷിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്, അദ്ദേഹം പറഞ്ഞു. 1987 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയും 1979 ന് ശേഷമുള്ള ഏറ്റവും വലിയ വോട്ട് വിഹിതത്തോടെയുമാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ജോൺസൺ പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പാക്കാനും മഹാമാരിയെ നിയന്ത്രിക്കാനും വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ നേതൃത്വം നൽകാനുമായി. യുക്രെയ്നെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടൻ നേതൃത്വം നൽകിയെന്നും ബോറിസ് ജോൺസൻ വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ താൻ രാജിവയ്ക്കാൻ പോകുന്നില്ലെന്നും രാജ്യത്തിന് ഇപ്പോൾ വേണ്ടത് ദേശീയ തിരഞ്ഞെടുപ്പാണെന്നും ബോറിസ് ജോൺസൺ പറഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പാണ് നാടകീയമായി രാജി പ്രഖ്യാപനം പുറത്തുവന്നത്. ഋഷി സുനക് ധനമന്ത്രി സ്ഥാനവും സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനവും രാജിവെച്ചതോടെയാണ് ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.