റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും യുക്രേനിയന്‍ പ്രദേശത്ത് രണ്ടാഴ്ച മുമ്പ് ആക്രമണം ആരംഭിച്ചതു മുതല്‍ റഷ്യന്‍ ടാങ്കുകളുടെയും (Russian Tanks) വാഹനങ്ങളുടെയും വശങ്ങളില് കാണുന്ന 'Z' എന്ന അടയാളത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അടുത്തിടെ ദോഹയില്‍ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പ് വേളയില്‍ റഷ്യന്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റ് ഇവാന് കുലിയാക്, യുക്രേനിയന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഇല്ലിയ കോവ്റ്റൂണിന്റെ അടുത്ത് നില്ക്കുമ്പോള് തന്റെ ഷര്‍ട്ടില്‍ 'Z' എന്ന് അടയാളപ്പെടുത്തിയിരുന്നു. നിരവധി പ്രതിഷേധക്കാര്‍, പ്രത്യേകിച്ച് റഷ്യയെ പിന്തുണയ്ക്കുന്നവര്‍ ടീ ഷര്‍ട്ടുകളില്‍ ഈ അടയാളം പതിക്കുന്നത് കണ്ടുവരുന്നുണ്ട്. Z എന്ന അക്ഷരം യുക്രെയ്നിനെതിരായി റഷ്യ നടത്തുന്ന യുദ്ധത്തിനുള്ള പിന്തുണയുടെ പ്രതീകമായി മാറിക്കഴിഞ്ഞു.
Z എന്ന ചിഹ്നം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
യുക്രെയ്നിലേക്ക് പുറപ്പെടുന്ന വാഹനങ്ങളില്‍ റഷ്യന്‍ സേന 'Z' എന്ന അക്ഷരം പതിക്കുന്നുണ്ട്. 'Za pobedy' (വിജയത്തിനായി), അല്ലെങ്കില്‍ 'Zapad' (പടിഞ്ഞാറ്) എന്നാണ് ഈ അക്ഷരം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് റഷ്യന്‍ അനലിസ്റ്റ് കാമില്‍ ഗലീവ് പറയുന്നത്. ഈ അടയാളം റഷ്യയുടെ പുതിയ പ്രത്യയശാസ്ത്രത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുവശത്ത്, യുദ്ധമേഖലയിലെ സ്വന്തം വാഹനങ്ങള്‍ തിരിച്ചറിയുന്നതിനും തീപിടിത്തം ഒഴിവാക്കുന്നതിനും റഷ്യക്കാര്‍ക്ക് ഇത് ഒരു സൂചനയായിരിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. യുദ്ധസമയത്ത് വാഹനങ്ങളുടെ കമ്പനിയെയോ അവയുടെ ലക്ഷ്യസ്ഥാനത്തെയോ തിരിച്ചറിയാനുള്ള മാര്‍ഗമാണ് ചിഹ്നമെന്നാണ് മറ്റൊരു വാദം.
എവിടെയൊക്കെയാണ് ഈ അടയാളം കാണപ്പെട്ടത്?
ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും പുറമെ ട്രക്കുകളിലും ആംഫിബിയസ് റിഗുകളിലും ഈ അടയാളങ്ങള്‍ കാണപ്പെട്ടു. നിരവധി റഷ്യന്‍ പൗരന്മാരും ബിസിനസ്സ് ഉടമകളും അവരുടെ വാഹനങ്ങളില്‍ 'Z' എന്ന് അടയാളപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരിയില്‍ ഡൊനെറ്റ്സ്ക് മേഖലയില്‍ പ്രവേശിച്ച റഷ്യന്‍ വാഹനങ്ങളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നിരുന്നാലും, 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തപ്പോള്‍ അവിടത്തെ വാഹനങ്ങളിലും ഈ ചിഹ്നം ഉണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാസി ചിഹ്നവുമായുള്ള ബന്ധം
യുക്രെയ്ന് പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് ഈ അടയാളത്തിന് നാസി ചിഹ്നവുമായി സാമ്യമുണ്ടെന്നാണ് പറയുന്നത്. 1943ല്‍ കൂട്ടക്കൊലകള്‍ നടന്ന സക്സെന്ഹൗസൻ തടങ്കല്‍പ്പാളയത്തിന് സമീപം Z എന്ന ഒരു സ്റ്റേഷന് ഉണ്ടായിരുന്നുവെന്ന് റെസ്നിക്കോവ് അനുസ്മരിക്കുന്നു. സൈനിക വാഹനങ്ങളില്‍ വെള്ള നിറത്തിൽ 'Z' ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നതിന്റെ ഒരു ചിത്രം പ്രതിരോധ മന്ത്രി പങ്കുവെക്കുകയും ചെയ്തു.
ചിഹ്നങ്ങളോടുള്ള റഷ്യയുടെ സ്നേഹം
കഴിഞ്ഞയാഴ്ച, യുക്രെയ്ൻ അധികാരികള്‍ ഒരു നിഗൂഢചിഹ്നത്തെക്കുറിച്ച് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെയും ഗ്യാസ് പൈപ്പുകളുടെയും മേല്‍ക്കൂരകളിലാണ് അത് കാണപ്പെട്ടത്. റഷ്യ അവയെ ലക്ഷ്യം വെക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് അധികാരികള്‍ അവകാശപ്പെടുന്നു. കടുത്ത നിറത്തിലുള്ള X, അമ്പ് എന്നീ ചിഹ്നങ്ങള്ക്കെതിരെയാണ് അധികാരികള്‍ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയത്. കീവിലുടനീളം ഇത്തരം ടാഗുകള്‍ കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia-Ukraine war