ന്യൂയോർക്ക്: ന്യൂയോർക്കിലെ മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിൽ മെറ്റ് ഗാല 2023ന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രശസ്തരും പരിപാടിയുടെ ഭാഗമായി എത്തിയിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര ജൊനാസ്, ആലിയ ഭട്ട് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. മെറ്റ് ഗാലയിലെ പ്രധാന ആകർഷണം അവിടെ വിരിച്ചിരുന്ന പരവതാനിയാണ്.
ഈ പരവതാനി നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള കലാകാരൻമായിരുന്നു. ചുവപ്പ്, നീല നിറങ്ങളിലാണ് കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത്. ജപ്പാനീസ് ആർക്കിടെക്റ്റ് തഡാവോ ആൻഡോയുടെ നിർദേശ പ്രകാരം നിർമ്മിച്ച ഈ പരവതാനി കേരളത്തിലെ നെയ്ത്ത് ബൈ എക്‌സ്ട്രാവീവാണ് നിർമ്മിച്ചത്. ഏകദേശം 60 ദിവസമെടുത്താണ് കലാകാരൻമാർ ഈ പരവതാനി നിർമ്മിച്ചത്.
ആലപ്പുഴയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ശിവൻ സന്തോഷ്, നിമിഷ ശ്രീനിവാസ്, എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. സിസൽ ഫൈബർ കൊണ്ടാണ് പരവതാനി നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ ഡിസൈനർമാരാണ് ഇവ പെയ്ന്റ് ചെയ്തിരിക്കുന്നത്. നിരവധി സെലിബ്രിറ്റികൾ പരവതാനിയിൽ നിന്ന് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇവയെല്ലാം മെറ്റ് ഗാലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
Also Read-മെറ്റ് ഗാലയില്‍ നിറവയറുമായി സെറീന വില്യംസ്
കിം കർദാഷിയാൻ, റിഹാന, ഡോജ ക്യാറ്റ്, ലേഡി ഗാഗ ബിയോൺസ്, ടെയ്‌ലർ സ്വിഫ്റ്റ്, തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്തരിച്ച ഡിസൈനറും ക്രിയേറ്റീവ് ഡയറക്ടറുമായ കാൾ ലാഗർഫെൽഡിനാണ് പരിപാടിയുടെ പ്രമേയം സമർപ്പിച്ചിരിക്കുന്നത്.
അതേസമയം മെറ്റ് ഗാലയിൽ തിളങ്ങുന്ന താരങ്ങളാണ് ഫാഷൻ ലോകത്തെ ഏറ്റവും പുതിയ കൗതുകം. ഭർത്താവ് നിക്ക് ജോനസിന്റെ കൈപിടിച്ച്, തൈ ഹൈ സ്ലിറ്റുള്ള ബ്ലാക്ക് ഗൗണിൽ പ്രിയങ്ക ചോപ്രയും തൂവെള്ള ഗൗണിൽ ആലിയ ഭട്ടും ഏവരുടെയും ശ്രദ്ധയാകർഷിച്ചെങ്കിൽ നിറവയറുമായാണ് ടെന്നീസ് താരം സെറീന വില്യംസ് എത്തിയത്.
മെറ്റ് ഗാലയിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ഗർഭിണിയാണെന്ന സന്തോഷ വാർത്ത സെറീന ആരാധകരെ അറിയിച്ചിരിക്കുന്നത്. നിറവയറിൽ സുന്ദരിയായി എത്തിയ സെറീനയ്‌ക്കൊപ്പം ഭർത്താവും റെഡ്ഡിറ്റ് സഹ സ്ഥാപകനുമായ അലെക്സിസ് ഒഹാനിയനുമുണ്ടായിരുന്നു. ‘ഞങ്ങൾ മൂന്നു പേരേയും മെറ്റ് ഗാലയിലേക്ക് ക്ഷണിച്ചപ്പോൾ വളരേയധികം ആവേശത്തിലായിരുന്നു’ എന്നായിരുന്നു ഈ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.
പ്രബൽ ഗുരുംഗിന്റെ വെളുത്ത മുത്ത് കൊണ്ട് അലങ്കരിച്ച ഗൗണിൽ മെറ്റ് ഗാലയിൽ തിളങ്ങിയ ആലിയ ഭട്ട് തന്റെ വിശിഷ്ടമായ വസ്ത്രത്തിന് പിന്നിലെ പ്രചോദനം എന്തെന്ന് പറയാൻ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. മെറ്റ് ഗാല 2023 പ്രമേയമാക്കിയ ഫാഷൻ ഇതിഹാസമായ കാൾ ലാഗർഫെൽഡിന്റെ ബഹുമാനാർത്ഥമായിരുന്നു ഈ ഗൗൺ. ഒരു ലക്ഷം മുത്തുകൾ ഉപയോഗിച്ച് നിർമ്മിച്ച തന്റെ ബില്ലിംഗ് ബ്രൈഡൽ ഗൗൺ ആണ് ആലിയ പരിചയപ്പെടുത്തിയിരുന്നു. തന്റെ ആദ്യ മെറ്റ് ഗാലയിൽ ഇത് ധരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും’ അവർ കൂട്ടിച്ചേർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.