• HOME
 • »
 • NEWS
 • »
 • world
 • »
 • താലിബാൻ: 'വിദ്യാർത്ഥി പോരാളികളിൽ' നിന്ന് സ്വാധീനശേഷിയുള്ള രാഷ്ട്രീയശക്തി എന്ന നിലയിലേക്കുള്ള വളർച്ച

താലിബാൻ: 'വിദ്യാർത്ഥി പോരാളികളിൽ' നിന്ന് സ്വാധീനശേഷിയുള്ള രാഷ്ട്രീയശക്തി എന്ന നിലയിലേക്കുള്ള വളർച്ച

യു എസിന്റെ പിന്മാറ്റത്തിന് ശേഷം നടത്തിയ ശക്തമായ ആക്രമണത്തിന്റെ ഫലമായി രാജ്യത്തിൻറെ 65 ശതമാനത്തോളം പ്രദേശം ഇപ്പോൾ താലിബാൻ അധീനതയിലായിക്കഴിഞ്ഞു.

 • Share this:
  ചൊവ്വാഴ്ചയോടെ ഉത്തര അഫ്ഗാനിസ്ഥാന് മേലെയുള്ള തങ്ങളുടെ നിയന്ത്രണം താലിബാൻ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശത്തെ ഏറ്റവും വലിയ നഗരത്തിലേക്കുള്ള കടന്നുകയറ്റം താലിബാൻ ഊർജിതമാക്കിയിരിക്കുന്നു. യു എസിന്റെ പിന്മാറ്റത്തിന് ശേഷം നടത്തിയ ശക്തമായ ആക്രമണത്തിന്റെ ഫലമായി രാജ്യത്തിൻറെ 65 ശതമാനത്തോളം പ്രദേശം ഇപ്പോൾ താലിബാൻ അധീനതയിലായിക്കഴിഞ്ഞു. യു എസിനെതിരെ 2001 സെപ്റ്റംബർ 11-ന് ആക്രമണം നടന്ന് ആഴ്ചകൾക്കുള്ളിൽ താലിബാൻ തീവ്രവാദികൾ ഭരണത്തിൽ നിന്ന് പുറത്തായിരുന്നു. ഈ ശക്തികൾ വീണ്ടും അഫ്ഗാനിസ്ഥാനിലെ മസർ-ഇ-ഷരിഫിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഈ നഗരത്തിന്റെ നിയന്ത്രണം പൂർണമായി താലിബാൻ ഏറ്റെടുത്താൽ അത് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘനിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയൊരു തിരിച്ചടി ആയിരിക്കും.

  അഫ്ഗാനിസ്ഥാനിലെ ഏഴ് പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ഉത്തര അഫ്ഗാനിസ്ഥാൻ പ്രവിശ്യയായ സമൻഗനിന്റെ തലസ്ഥാനവും ദക്ഷിണപശ്ചിമ പ്രവിശ്യയായ ഫറായുടെ തലസ്ഥാനവും താലിബാൻ പിടിച്ചെടുത്തു. നിമ്രോസ് എന്ന ദക്ഷിണ പ്രവിശ്യയുടെ തലസ്ഥാനമായ സറഞ്ച്, സമാനമായ പേരുള്ള ഉത്തര പ്രവിശ്യയുടെ തലസ്ഥാനമായ സർ-ഇ-പുൽ, ഉത്തരപൂർവ പ്രവിശ്യയായ തഖറിന്റെ തലസ്ഥാനം തലോഖാൻ എന്നീ പ്രദേശങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ താലിബാൻ തങ്ങളുടെ അധീനതയിലാക്കി. കൂടാതെ, ഉത്തര പ്രവിശ്യയുടെ ഭാഗമായ തലസ്ഥാന നഗരം കുന്ദുസ്, ദക്ഷിണപശ്ചിമ പ്രവിശ്യയായ ഹെൽമന്ദിന്റെ തലസ്ഥാനം ലഷ്കർ ഗാ എന്നിവയും താലിബാന്റെ നിയന്ത്രണത്തിലാണ്.

  എത്രയോ വർഷങ്ങളായി യുദ്ധം നടക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അവസാനഘട്ട പിൻവാങ്ങൽ യു എസ് സൈനികസംഘം ആരംഭിച്ചതോടെയാണ് താലിബാൻ ആക്രമണം രൂക്ഷമാക്കിയത്. തിരികെ അധികാരത്തിൽ തിരിച്ചെത്താനായി സായുധപോരാട്ടത്തിൽ ഏർപ്പെടുന്ന താലിബാന്റെ സൈനിക ആക്രമണം മൂലം അഫ്ഗാനിസ്ഥാനിലെ സാധാരണ ജനത വലിയ ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലെ താലിബാൻ ആക്രമണങ്ങളിൽ സാധാരണക്കാരായ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ദക്ഷിണ പ്രവിശ്യയായ കാണ്ഡഹാറിൽ മാത്രം 20 കുട്ടികൾ മരിച്ചു വീണതായും 130 കുട്ടികൾക്ക് പരിക്ക് പറ്റിയതായും യൂണിസെഫ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

  ആരാണ് താലിബാൻ?
  ശീതയുദ്ധത്തിന്റെ കാലഘട്ടത്തിൽ 1990-കളുടെ തുടക്കത്തിലാണ് താലിബാൻ രൂപപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ ഒരു പതിറ്റാണ്ടോളം കാലം അഫ്ഗാൻ മുജാഹിദീൻ അഥവാ ഇസ്ലാമിക ഗറില്ല പോരാളികൾ യുദ്ധം ചെയ്തു. പി ടി ഐ റിപ്പോർട്ട് പ്രകാരം, അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെയുള്ള ബാഹ്യശക്തികളുടെ ഒരു നിര തന്നെ അവർക്ക് വേണ്ട ധനസഹായവും മറ്റ് സഹായങ്ങളും പിന്തുണയും നൽകിയിട്ടുണ്ട്. 1989-ൽ സോവിയറ്റുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി. സോവിയറ്റ് യൂണിയനെ അമിതമായി ആശ്രയിച്ച് നിലകൊണ്ടിരുന്ന അഫ്ഗാൻ സർക്കാരിന്റെ പതനത്തിനാണ് അത് തുടക്കം കുറിച്ചത്.

  1992-ൽ ഒരു മുജാഹിദീൻ സർക്കാർ അധികാരത്തിൽ എത്തിയെങ്കിലും അവർക്ക് രാജ്യതലസ്ഥാനത്ത് രക്തരൂക്ഷിതമായ കലാപങ്ങൾ നേരിടേണ്ടി വന്നു. രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യം താലിബാന്റെ ഉദയത്തിന് വളക്കൂറുള്ള മണ്ണൊരുക്കി. 1990-കളുടെ തുടക്കത്തിൽ ഉത്തര പാകിസ്ഥാനിൽ സൗദി അറേബ്യയുടെ സാമ്പത്തിക പിന്തുണയിൽ പ്രവർത്തിച്ചുവന്ന മദ്രസകളിലാണ് താലിബാൻ ആദ്യമായി രൂപം കൊള്ളുന്നത് എന്ന് കരുതപ്പെടുന്നു. അവരിൽ പലരും സോവിയറ്റിനെതിരെ പോരാട്ടം നടത്തിയ മുജാഹിദീൻ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു. 1994-ൽ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ ഭാഗത്ത് നിന്ന് ഒരു സൈനിക ക്യാമ്പയിന് താലിബാൻ തുടക്കം കുറിച്ചു. 1996-ൽ വലിയ പ്രതിരോധമൊന്നും ഇല്ലാതെ തന്നെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തു.

  യു എസിന്റെ പിൻവാങ്ങൽ
  ഓഗസ്റ്റ് 31 ആകുമ്പോഴേക്കും യു എസ് സൈനികസംഘങ്ങൾ അഫ്ഗാനിസ്ഥാൻ പൂർണമായും വിടുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ജോ ബൈഡൻ ഭരണകൂടം സൈനിക പിന്മാറ്റത്തിന് വേഗം കൂട്ടി. കാബൂളിലെ യു എസ് എംബസിയുടെ സുരക്ഷയ്ക്കായി 650 ട്രൂപ്പുകളെ മാത്രം അവേശേഷിപ്പിച്ച് സൈനിക പിന്മാറ്റം പൂർത്തിയാക്കാനാണ് അമേരിക്കയുടെ പദ്ധതി. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം 20 വർഷങ്ങൾ നീണ്ടുനിന്ന സൈനിക സാന്നിധ്യത്തിന് ശേഷമാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുന്നത്.

  അൽ ഖ്വെയ്ദ തീവ്രവാദ സംഘത്തെ ഇല്ലാതാക്കുക, അമേരിക്കയ്‌ക്കെതിരെ അഫ്ഗാന്റെ മണ്ണിൽ നിന്നുള്ള മറ്റൊരു ആക്രമണത്തിന് അവസരം നൽകാതിരിക്കുക എന്നീ ലക്ഷ്യങ്ങൾ അമേരിക്ക നിറവേറ്റിയതായി പ്രസിഡന്റ് ജോ ബൈഡൻ ഉറച്ചു വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രനിർമാണം പൂർണമായും അഫ്ഗാൻ ജനതയ്ക്ക് വിട്ടു നൽകുക എന്ന ആദർശമാണ് അമേരിക്ക സൈനിക പിന്മാറ്റത്തിന് ന്യായവാദമായി ഉയർത്തുന്നത്.

  "ആ ലക്ഷ്യങ്ങൾ ഞങ്ങൾ നിറവേറ്റിയിരിക്കുന്നു. അതിന് വേണ്ടിയാണ് ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ പോയത്. രാഷ്ട്രനിർമാണത്തിന് വേണ്ടിയല്ല ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ എത്തിയത്. തങ്ങളുടെ ഭാവി നിർണയിക്കാനും തങ്ങളുടെ രാജ്യം എങ്ങനെ മുന്നോട്ടു പോകണം എന്ന് നിശ്ചയിക്കാനുമുള്ള പൂർണമായ അവകാശവും ഉത്തരവാദിത്തവും അഫ്ഗാൻ ജനതയ്ക്കുണ്ട്", ജോ ബൈഡൻ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിൽ വെച്ച് പറഞ്ഞു.

  യു എസ് സൈനികസംഘം ബഗ്രാം എയർബേസിൽ നിന്ന് പൂർണമായും പിൻവാങ്ങിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ യു എസിന്റെ സൈനിക പ്രവർത്തനങ്ങളുടെ പ്രധാന താവളമായിരുന്നു അത്. ബഗ്രാം എയർബേസിൽ നിന്നുള്ള പിന്മാറ്റം രാജ്യത്തെ യു എസ് ഇടപെടലുകളുടെ പ്രതീകാത്മകമായ പൂർത്തീകരണമായിരുന്നു. അമേരിക്കൻ ശക്തികളുടെ പിൻവാങ്ങൽ 90 ശതമാനവും പൂർത്തിയായതായി പെന്റഗൺ ഇതോടെ അറിയിക്കുകയും ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ഘാനി സർക്കാരിനെ അപകടകരമാം വിധം പ്രതിസന്ധിയിലാക്കും എന്ന വസ്തുത ജോ ബൈഡൻ അംഗീകരിക്കുന്നുണ്ട്.

  ചൈനയുടെ ഇടപെടൽ
  കഴിഞ്ഞ മാസം അവസാനം ചൈനയുടെ വിദേശകാര്യ മന്ത്രി താലിബാന്റെ ഉന്നത തലത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു എസ് പിൻവാങ്ങലിന് ശേഷം താലിബാനുമായുള്ള ഊഷ്മളമായ ബന്ധത്തിന്റെ സൂചന നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ച. താലിബാന്റെ മുതിർന്ന നേതാവ് മുല്ല അബ്ദുൽ ഘാനി ബരദാറുമായും സംഘവുമായും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ടിയാൻജിൻ നഗരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. താലിബാൻ അഫ്ഗാൻ ഭരണം കാംക്ഷിക്കുന്ന അവസരത്തിൽ നടന്ന ഈ സൗഹൃദ പ്രകടനം ഒരു നയതന്ത്ര ദൗത്യത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കപ്പെടുന്നു.

  താലിബാനെ സമാധാന ചർച്ചയുടെ ഭാഗമാക്കാനും കുറഞ്ഞ പക്ഷം അവരുടെ ആക്രമണത്തിന്റെ രൂക്ഷത കുറയ്ക്കാനും ചൈന താത്പര്യപ്പെടുന്നുണ്ട്. വഖാൻ താഴ്‌വരയിൽ ചൈന അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നുണ്ട്. ഏറെ അസ്ഥിരമായി നിലകൊള്ളുന്ന ഷിൻജിയാങ് മേഖലയിൽ ഇസ്ലാമിക തീവ്രവാദം വ്യാപിക്കുമോ എന്ന ആശങ്ക ഏറെക്കാലമായി ചൈനയ്ക്കുണ്ട്. ഏറെക്കാലമായി പ്രവർത്തനരഹിതമാണെങ്കിലും എണ്ണ, വാതകം, ചെമ്പ് എന്നിവയുടെ ഖനനവുമായി ബന്ധപ്പെട്ട കരാറുകളിൽ ചൈന അഫ്ഗാനിസ്ഥാനുമായി ഒപ്പു വെച്ചിട്ടുണ്ട്.

  പാകിസ്ഥാനുമായുള്ള ബന്ധം
  പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രിയും ഇന്റലിജൻസ് മേധാവിയും ചൈന സന്ദർശിച്ചതിന് പിന്നാലെയാണ് താലിബാൻ നേതൃത്വവും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനപ്രക്രിയയിൽ പാകിസ്ഥാന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. താലിബാൻ നേതൃത്വത്തിന്റെ ആസ്ഥാനം പാകിസ്ഥാനിലാണ്. സമാധാന ചർച്ചകൾക്കായി താലിബാന് മേൽ സമ്മർദ്ദം ചെലുത്താൻ പാകിസ്ഥാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്.

  കഴിഞ്ഞ ജൂലൈ 29-ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താലിബാൻ സൈനിക സംഘമല്ലെന്നും അവർ സാധാരണ പൗരന്മാരാണെന്നും പറഞ്ഞിരുന്നു. അഫ്ഗാനിൽ നിന്നുള്ള മുപ്പത് ലക്ഷം അഭയാർത്ഥികൾക്ക് പാകിസ്ഥാൻ അഭയം നൽകുന്നതായും അവരിൽ ഭൂരിഭാഗം പേരും താലിബാൻ ഉൾക്കൊള്ളുന്ന പഷ്തൂൺ വിഭാഗത്തിൽപ്പെടുന്നവർ ആണെന്നും ചൊവ്വാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത, പി ബി എസ് ന്യൂസ്ഹവറിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

  ഇന്ത്യയുടെ താൽപ്പര്യങ്ങൾ
  അഫ്ഗാനിസ്ഥാനിൽ സമാധാനം കാംക്ഷിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. പുനർനിർമാണ പ്രക്രിയകൾക്കായി ഇതിനകം മൂന്ന് ബില്യൺ യു എസ് ഡോളർ നിക്ഷേപം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പു വരുത്തുന്നതിനും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയരംഗത്തെ എല്ലാവരും ഒന്നിച്ച് മുന്നോട്ടുവരണം എന്ന് ഇന്ത്യ ആഹ്വാനം ചെയ്യുന്നു.

  കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അഫ്ഗാനിസ്ഥാനിലെ സാഹചര്യം വഷളായതോടെ രാജ്യത്ത് അരങ്ങേറുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര ശക്തികളുമായും അഫ്ഗാൻ സർക്കാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുചേർക്കാനുള്ള സാധ്യത ആരായാൻ അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറുമായി സംസാരിച്ചിരുന്നു. ഓഗസ്റ്റ് മാസം യു എൻ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്.
  Published by:Karthika M
  First published: