നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Cassowary | മരപ്പണിക്കാരന്റെ പണിശാലയിലേക്ക് കടന്നുചെന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി

  Cassowary | മരപ്പണിക്കാരന്റെ പണിശാലയിലേക്ക് കടന്നുചെന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി

  വന്യജീവികളിൽ ക്ലാസ് 2 വിഭാഗത്തിലാണ് കാസോവാരികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • Share this:
   ലോകത്തിലെ ഏറ്റവും അപകടകാരിയായ കാസോവാരി പക്ഷി (Cassowary) തന്റെ വർക്ക്‌ഷോപ്പിലേക്ക് നടന്നു കയറുന്നത് കണ്ടപ്പോൾ ഓസ്‌ട്രേലിയക്കാരനായ (Australia) കാർപെന്റർ (Carpenter) അക്ഷരാർത്ഥത്തിൽ സ്തബ്ധനായിപ്പോയി. മരപ്പണിക്കാരനായ ടോണി ഫ്ലെമിങ് തടി കൊണ്ടുള്ള ഒരു ഫർണിച്ചർ ഉണ്ടാക്കുന്നതിന്റെ തിരക്കിൽ വ്യാപൃതനായിരിക്കെയാണ് ഈ സംഭവം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ നോർത്ത് ക്വീൻസ്‌ലാൻഡിലെ അദ്ദേഹത്തിന്റെ പണിശാലയിലേക്ക് അപ്രതീക്ഷിതമായി ഒരു കാസോവാരി പക്ഷി കടന്നു ചെല്ലുകയായിരുന്നു.

   പക്ഷി തന്റെ പണിശാലയിലേക്ക് കടന്നപ്പോൾ ആദ്യം ഫ്ലെമിങ് പരിഭ്രാന്തനായെങ്കിലും പിന്നീട് കാസോവാരി അവിടെ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. കാസോവാരി ഫ്ലെമിങ്ങിന് ദോഷമൊന്നും വരുത്തിയില്ല. ഈ പട്ടണത്തിൽ മുമ്പും ഈ കാസോവാരിയെ ആളുകൾ കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ആ പ്രദേശത്തെ പബ്ബുകളിൽ ഈ പക്ഷി കടന്നുചെന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.

   പറക്കാൻ കഴിയാത്ത ഈ പക്ഷിയെ കണ്ടു പരിചയമായ പ്രദേശവാസികൾ അതിന് റോമ്പർ സ്റ്റോമ്പർ എന്ന ഓമനപ്പേരും നൽകിയിട്ടുണ്ട്. "കഴിഞ്ഞ ഒരു വർഷക്കാലമായി ഈ കാസോവാരി എന്റെ പറമ്പിലൂടെ ചുറ്റിത്തിരിഞ്ഞ് നടക്കാറുണ്ട്. പ്ലം പഴമോ മറ്റെന്തെങ്കിലുമോ ഒക്കെ കൊത്തിത്തിന്നാറുമുണ്ട്", ഫ്ലെമിങ് പ്രാദേശിക പത്രമാധ്യമത്തോട്‌ പറഞ്ഞു.

   കണ്ടാൽ നാണം കുണുങ്ങിയാണെന്നൊക്കെ തോന്നാമെങ്കിലും ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷിയാണ് കാസോവാരി. റിപ്പോർട്ടുകൾ പ്രകാരം, 2019ൽ യുഎസിലെ (US) ഫ്ലോറിഡയിൽ ഒരു മനുഷ്യൻ കാസോവാരിയുടെ അതിദാരുണമായ ആക്രമണത്തിന് വിധേയനായിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. വന്യജീവികളിൽ ക്ലാസ് 2 വിഭാഗത്തിലാണ് കാസോവാരികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

   കാസോവാരികൾക്ക് 1.8 മീറ്റർ വരെ ഉയരവും 70 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. നീളമുള്ളതും മൂർച്ചയേറിയതുമായ കാൽവിരലുകൾ ഉപയോഗിച്ചാണ് ഈ പക്ഷി ആക്രമിക്കുക. വളരെ ശക്തിയും തടിയുമുള്ള കാലുകൾ ഉള്ളതിനാൽ ഒരൊറ്റ ചവിട്ട് കൊണ്ടുതന്നെ വലിയ അപകടം ഉണ്ടാക്കാൻ കാസോവാരികൾക്ക് കഴിയും.

   Also Read-പിതാവ് മരിച്ചു; ഇന്ത്യയിലേക്ക് വീസ അപേക്ഷിക്കാനെത്തിയ വനിതയോട് ആക്രോശിച്ച് ഉദ്യോഗസ്ഥന്‍; നടപടി

   18,000 വർഷങ്ങൾക്ക് മുമ്പാണ് ഈ പക്ഷികൾ തിരിച്ചറിയപ്പെടുന്നത്. രൂപഭംഗിയും ആകൃതിയും കൊണ്ട് ഇവയെ ദിനോസറുകളുമായി ആളുകൾ താരതമ്യം ചെയ്യാറുണ്ട്. പാപ്പുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ പക്ഷികളെ കണ്ടുവരുന്നത്. അപകടകാരി ആയതുകൊണ്ട് അധികമാരും വളർത്താൻ തിരഞ്ഞെടുക്കാത്ത പക്ഷി കൂടിയാണ് കാസോവാരി.

   ഒട്ടകപ്പക്ഷിയും എമുവും കഴിഞ്ഞാൽ ലോകത്ത് വലിപ്പത്തിന്റെ കാര്യത്തിൽ മൂന്നാമനാണ് കാസോവാരി പക്ഷി. പൊതുവെ ലജ്ജാശീലരായ ഇവ അപായ ആശങ്ക ഉണ്ടാകുമ്പോഴാണ് ആക്രമണത്തിന് മുതിരാറുള്ളത്. ഇലകളും പ്രാണികളും പഴങ്ങളുമാണ് കാസോവാരികളുടെ പ്രധാന ഭക്ഷണം. മഴക്കാടുകളുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടു വരുന്നത്.
   Published by:Jayesh Krishnan
   First published: