• HOME
  • »
  • NEWS
  • »
  • world
  • »
  • Narendra Modi | 'ഇത് കരുത്തു തെളിയിക്കുന്ന സഖ്യം'; മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോ ബൈഡൻ

Narendra Modi | 'ഇത് കരുത്തു തെളിയിക്കുന്ന സഖ്യം'; മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോ ബൈഡൻ

ഇന്ത്യയുടെ അധ്യക്ഷതക്കു കീഴിലുള്ള ജി 20 യുടെ പ്രവർത്തനങ്ങളെ തുടർന്നും പിന്തുണയ്ക്കണമെന്നാണ് ബൈഡന്റെ ആ​ഗ്രഹമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു

  • Share this:
ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്തോനേഷ്യൻ പ്രധാനമന്ത്രി ജോക്കോ വിഡോഡോയുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആഗോള തലത്തിലുള്ള വെല്ലുവിളികൾക്കിടയിലും ഈ സഖ്യം കരുത്ത് തെളിയിക്കുന്നതു തുടരുകയാണെന്നും ബൈഡൻ പറഞ്ഞു. ചൊവ്വാഴ്ചയാണ് മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അതിനു ശേഷം രണ്ടു ദിവസങ്ങൾ കഴിഞ്ഞായിരുന്നു ബൈഡന്റെ ട്വീറ്റ്.

''ആഗോള സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം എന്ന നിലയിൽ ജി 20 യോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെയും ഇന്തോനേഷ്യൻ പ്രസിഡന്റ് വിഡോഡോയെയും കണ്ടു. ലോകം പല തരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഞങ്ങളുടെ സഖ്യം കരുത്തോടെ മുന്നോട്ടു പോകുന്നു'', എന്നും ബൈഡൻ ട്വീറ്റ് ചെയ്തു. ജി-20 ഉച്ചകോടിക്കിടെ മോദിയും വിഡോഡോയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും ബൈഡൻ പങ്കുവച്ചു.

ഇന്തോനേഷ്യയുടെ ജി 20 ആതിഥേയത്തെ ബൈഡൻ അഭിനന്ദിച്ചുവെന്നും ഇന്ത്യ അധ്യക്ഷത‍ വഹിക്കുന്ന ജി 20 യുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകാൻ ആഗ്രഹിക്കുന്നുവെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ അധ്യക്ഷതക്കു കീഴിലുള്ള ജി 20 യുടെ പ്രവർത്തനങ്ങളെ തുടർന്നും പിന്തുണയ്ക്കണമെന്നാണ് ബൈഡന്റെ ആ​ഗ്രഹമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മോദി-ബൈഡൻ കൂടിക്കാഴ്ചയെ 'ഫലപ്രദമായ ആശയവിനിമയം' എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി, സാമ്പത്തിക മാന്ദ്യം, വർദ്ധിച്ചുവരുന്ന ഭക്ഷ്യ ക്ഷാമം, ഊർജം ക്ഷാമം എന്നീ ആ​ഗോള പ്രതിസന്ധികൾക്കെല്ലാമിടയിലാണ് ഇന്ത്യ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും ചൂണ്ടിക്കാട്ടി.

ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ജോ ബൈഡൻ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉച്ചകോടിക്കിടെ രാഷ്ട്രത്തലവൻമാർ കണ്ടല്‍വനം കാണാന്‍ പോയിരുന്നു. ഈ അവസരത്തിൽ പകർത്തിയതാണ് ചിത്രം. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

ജി 20 ഉച്ചകോടിക്കിടെ, തങ്ങൾ നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. 'ഏക് മസ്ബൂത് ദോസ്തി' (സൗഹൃദം മൂലമുള്ള ഐക്യം) എന്ന് ഹിന്ദിയിലാണ് സുനക് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. മൂന്നാഴ്ച മുൻപാണ് ഇന്ത്യൻ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റത്. അതിനു ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
Published by:Anuraj GR
First published: