സംഘര്‍ഷാവസ്ഥ രൂക്ഷമായ യുക്രെയ്നില്‍ (Ukraine) ആയിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ (Indian Medical Students) ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളോട് എത്രയും വേഗം രാജ്യം വിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് യുക്രെയ്ന് തലസ്ഥാനമായ കീവിലെ (Kyiv) ഇന്ത്യന്‍ എംബസി (Indian Embassy) കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചു. റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. ഏതാനും ആഴ്ചകളായി പ്രശ്നം നിലനിൽക്കുകയാണെങ്കിലും വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിലേക്ക് എത്തുന്നതിന് കൂടുതല്‍ സമയമെടുത്തേക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ.
പഠനം അപൂര്‍ണ്ണമായി നിർത്താൻ ഈ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ, യുക്രെയ്നില്‍ നിന്ന് ഇന്ത്യയിലേക്ക് കുറച്ച് വിമാനസർവീസുകൾ മാത്രമേ ഉള്ളൂ എന്നതും യാത്ര വളരെ ചെലവേറിയതാണ് എന്നതും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ മടി കാണിക്കുന്നതിന് കാരണമാണ്. എന്നാൽ, യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം അടുത്ത് വരുന്നതോടെ കൂടുതല്‍ ആശങ്കകൾ ഉടലെടുക്കുകയാണ്.
യുക്രെയ്നിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യക്കാരാണ്. ഇവരില്‍ 18,000-ത്തോളം പേര് നിലവില്‍ യുക്രെയ്നില്‍ തന്നെയുണ്ട്. ഈ വിദ്യാര്‍ത്ഥികളില്‍ മുക്കാല്‍ ഭാഗവും മെഡിക്കല്‍ സ്കൂളുകളില്‍ പഠിക്കുന്നവരാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ നേടാനോ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കാനോ പാടുപെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്രേനിയന്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു അനുഗ്രഹമാണ്. കോഴ്സുകള്‍ക്കുള്ള കുറഞ്ഞ ഫീസും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും പഠിക്കാൻ യുക്രെയ്നിലേക്ക് പോകാൻ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് യുക്രെയ്ന് വിടാന്‍ തയ്യാറായിരിക്കുന്നത്. എയര്‍ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയ്ക്കെല്ലാം ഇന്ത്യയിലേക്ക് വിമാനങ്ങളുണ്ട്. മാത്രമല്ല, വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ അടുത്ത നാല് ദിവസങ്ങളില്‍ പ്രത്യേക വിമാനസർവീസുകൾ നടത്തുന്നുമുണ്ട്.
അതിനിടെ, നാട്ടിലേക്ക് മടങ്ങിയാല്‍ തങ്ങളുടെ ഡിഗ്രി പഠനം അപകടത്തിലായേക്കുമെന്നാണ് പല വിദ്യാര്‍ത്ഥികളും പറയുന്നത്. ''യുക്രെയ്നിലെ സാഹചര്യങ്ങള്‍ ഇത്ര രൂക്ഷമായിരുന്നിട്ടും, ചില സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യം വിടാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ നൽകാനും തയ്യാറാകുന്നില്ല'', യുക്രെയ്നിലെ ഇവാനോ ഫ്രാങ്കിവ്സ്ക് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹര്‍ഷ് ഗോയല്‍, എന്‍ഡിടിവിയോട് വെളിപ്പെടുത്തി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.