• HOME
  • »
  • NEWS
  • »
  • world
  • »
  • Defamation | CNN എതിരെ ട്രംപിന്റെ മാനനഷ്ട കേസ്: നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 475 മില്യണ്‍ ഡോളര്‍

Defamation | CNN എതിരെ ട്രംപിന്റെ മാനനഷ്ട കേസ്: നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 475 മില്യണ്‍ ഡോളര്‍

സിഎന്‍എന്നിന് പുറമെ പ്രമുഖ മാധ്യമ സ്ഥാപനമായ ദ ന്യൂയോര്‍ക്ക് ടൈംസിനെതിരെയും ട്രംപ് ഇതിന് മുമ്പ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    വാര്‍ത്ത മാധ്യമ ശൃംഖലയായ സിഎന്‍എന്നിനെതിരെ (CNN) മാനനഷ്ട കേസ് ( Defamation Case) ഫയൽ ചെയ്ത് മുന്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ( Donald Trump). കേസില്‍ 475 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്‌ളോറിഡയിലെ യുഎസ് ജില്ലാ കോടതിയില്‍ തിങ്കാളാഴ്ചയാണ് കേസ് ഫയല്‍ ചെയ്തത്.

    2024 ല്‍ താൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഭയപ്പെടുന്ന സിഎന്‍എന്‍, തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. വിശ്വസനീയമായ വാര്‍ത്താ മാധ്യമമെന്ന സ്വാധീനം ഉപയോഗിച്ച് കാഴ്ചക്കാരുടെയും വായനക്കാരുടെയും മനസ്സില്‍ ട്രംപിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പരാതിയില്‍ പറഞ്ഞു.

    എന്നാല്‍ വരും നാളുകളില്‍ മറ്റ് പല വാര്‍ത്താ മാധ്യമ കമ്പനികള്‍ക്കെതിരെയും പ്രത്യേകിച്ച് 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ ഇടതുപക്ഷത്തേക്ക് മാറ്റാനുള്ള ശ്രമത്തില്‍ സിഎന്‍എന്‍ പങ്കാളിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

    ഇതിന് പുറമെ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടന്നുവെന്ന് ട്രംപ് തന്നെ ആരോപിക്കുന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് 76 കാരനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ട്രംപ് വെളിപ്പെടുത്തിയിരുന്നു. 2021 ജനുവരി ആറിന് ക്യാപിറ്റോളില്‍ ട്രംപ് അനുയായികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണമാണ് കമ്മിറ്റി നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

    Also read : ദേശീയ കോൺഗ്രസിനൊരുങ്ങി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി; ലോകം ഉറ്റു നോക്കുന്നത് എന്തുകൊണ്ട്?

    അതേസമയം, സിഎന്‍എന്നിന് പുറമെ പ്രമുഖ മാധ്യമ സ്ഥാപനമായ ദ ന്യൂയോര്‍ക്ക് ടൈംസിനെതിരെയും ട്രംപ് ഇതിന് മുമ്പ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സിഎന്‍എന്നും ന്യൂ യോര്‍ക്ക് ടൈംസും വ്യാജ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ തുറന്നടിച്ചിരുന്നു.

    വംശീയത, റഷ്യയുടെ സേവകന്‍, വിപ്ലവകാരി, ഹിറ്റ്ലര്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സിഎന്‍എന്‍ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ സിഎന്‍എന്‍ തയാറാകാത്ത പക്ഷം കമ്പനിക്കെതിരെ കേസ് നല്‍കുമെന്ന് ജൂലൈയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

    എന്നാല്‍, തങ്ങളുടെ വാര്‍ത്തകളില്‍ ഉറച്ച് നില്‍ക്കുകയും അത് പിന്‍വലിക്കില്ലെന്നും സിഎന്‍എന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 2020 ലെ തിരഞ്ഞെടുപ്പ് ഡെമോക്രാറ്റ് ജോ ബൈഡന്‍ തട്ടിയെടുത്തവെന്ന തന്റെ അവകാശവാദങ്ങളെ 'വലിയ നുണ' എന്ന് സിഎന്‍എന്‍ വിശേഷിപ്പിച്ചതായും ട്രംപ് പറഞ്ഞു.

    വലിയ നുണ എന്ന പദത്തിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിലൂടെ താനും പുടിനും തമ്മിലുള്ള ബന്ധം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സിഎന്‍എന്നിന്റെ ബോധപൂര്‍വമായ ശ്രമമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 2021 ജനുവരി മുതല്‍ സിഎന്‍എന്‍ 7,700-ലധികം തവണ ട്രംപിനെ പരാമര്‍ശിക്കാന്‍ 'വലിയ നുണ' എന്ന പദം ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

    അര്‍പ്പണബോധമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിൽ തന്റെ സല്‍പ്പേര് നിലനിര്‍ത്താനും സിഎൻഎന്നിന്റെ അപകീര്‍ത്തികരവും പ്രകോപനപരവുമായ വിശേഷങ്ങൾ തന്റെ പ്രശസ്തിക്ക് മങ്ങൽ ഏൽപ്പിച്ചുവെന്ന് സ്ഥാപിക്കുന്നതിനുമാണ് താന്‍ കേസ് നല്‍കിയതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
    Published by:Amal Surendran
    First published: