ബെയ്റൂറ്റ്: കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ. സിറിയയുടെ വടക്കു പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ച് തുർക്കി സേന നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവാദ് പിടിയിലായത്. 'സ്വർണ്ണ ഖനി'യെന്നാണ് ഇവരുടെ അറസ്റ്റിനെ ഇന്റലിജന്‍സ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
ആലെപ്പോയിലെ അസാസ് ടൗണിൽ ഒരു ട്രെയിലര്‍ കണ്ടയ്നറിൽ നിന്നാണ് 65 കാരിയായ റസ്മിയയും കുടുംബവും തുര്‍ക്കി സേനയുടെ പിടിയിലാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുർദിഷ് സേന, തുർക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. സഖ്യത്തിന്റെ ഭാഗമായി തുർക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് ആലെപ്പോ.
റസ്മിയയ്ക്കും ഭർത്താവിനുമൊപ്പം മരുമകളെയും അഞ്ച് മക്കളെയുമാണ് തുര്‍ക്കി സേന പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.റസ്മിയയും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയാണെന്നും ഇവരിൽ നിന്ന് സംഘടനയെക്കുറിച്ച് കൂടുതൽ മനസിലാക്കാനും കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നതെന്നും സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ക്രൂരമായ കൊലപാതകങ്ങളിലൂടെയും ആക്രമണ പരമ്പരകളിലൂടെയും ലോകത്തെ ഞെട്ടിച്ച ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ മേധാവിയായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയെ ഇക്കഴിഞ്ഞയാഴ്ചയാണ് സൈനിക നടപടിയിലൂടെ അമേരിക്ക വധിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.