തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 കവിഞ്ഞു. തിങ്കളാഴ്ചത്തെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തുർക്കിയിൽ 8,574 പേരും സിറിയയിൽ 2,662 പേരും മരിച്ചു. തുർക്കിയിൽ 50,000 ത്തോളം പേർക്കും സിറിയയിൽ 5,000 പേർക്കും പരിക്കേറ്റതായി ഇരു രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും അറിയിച്ചു.
അതേസമയം തെക്കൻ തുർക്കിയിൽ ഉണ്ടായ വൻ ഭൂകമ്പങ്ങളെത്തുടർന്ന് ഉടനടി രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിൽ ചില പാളിച്ചകൾ സംഭവിച്ചതായി തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ പറഞ്ഞു. എന്നാൽ രക്ഷാപ്രവർത്തനം ഇപ്പോൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള കഹ്‌റമൻമാരാസ് പ്രവിശ്യയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എർദോഗൻ. അധികം വൈകാതെ തന്നെ രാജ്യം സാധാരണനിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെക്കൻ തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ലെന്നും ഭൂകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കുകയാണെന്നും ബിബിസിയുടെ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ അടുത്ത മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഹതായിലും മറ്റും ദുരിതാശ്വാസപ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭൂകമ്പമുണ്ടായി ആദ്യ 12 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ആരും എത്തിയില്ലെന്നും, അതിനാൽ തങ്ങൾ സ്വയം രക്ഷാപ്രവർത്തനം നടത്താൻ നിർബന്ധിതരാവുകയായിരുന്നുവെന്നും ജനങ്ങൾ പറഞ്ഞു.
ഭൂകമ്പത്തെത്തുടർന്ന് വൻതോതിലുള്ള വിറ്റഴിക്കലിന് ടർക്കിഷ് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇതോടെ 24 വർഷത്തിന് ശേഷം ടർക്കിഷ് ഓഹരി വിപണി ആദ്യമായി വ്യാപാരം നിർത്തിവച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.