കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ 90 പേർ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഭീകരാക്രമണത്തില്‍ 12 യു.എസ്. ദൗത്യസംഘാംഗങ്ങളും ഒരു ഡോക്ടറും ഉള്‍പ്പെടെ കൊല്ലപ്പെട്ടു. താലിബാനികളടക്കം 150ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ് ) അഫ്ഗാന് ഘടകമായ ഐ എസ് ഖൊരാസന് പുലര്‍ച്ചേ 2.30 ഓടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചു.
ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ആബ്ബേ കവാടത്തിനു സമീപമാണ് ആദ്യം സ്ഫോടനമുണ്ടായത്. പിന്നാലെ ബ്രിട്ടീഷ് അധികൃതര്‍ വിസരേഖകള്‍ പരിശോധിക്കുന്ന ബാരണ്‍ ഹോട്ടലിനുസമീപം കൂട്ടംകൂടിനിന്ന അഭയാര്‍ഥികള്‍ക്ക് നടുവിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചു. വെടിവെപ്പും റിപ്പോര്‍ട്ടുചെയ്തു.
വിമാനത്താവളത്തിലെത്തിയ ആയിരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനിയും സ്ഫോടന സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വിമാനത്താവളപരിസരത്തുനിന്ന് മാറണമെന്ന് ഫ്രഞ്ച് അംബാസഡര്‍ ആവശ്യപ്പെട്ടു. താവളത്തിന്റെ മൂന്നുകവാടങ്ങള്‍ അടച്ചു. പൗരന്മാര് എത്രയുംവേഗം വിമാനത്താവളം വിട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ നേരത്തേതന്നെ വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവില്‍ യു എസിനാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സംഭവത്തില്‍ അടിയന്തരയോഗം വിളിച്ചു.
2014 ൽ ഇറാഖിലും സിറിയയിലും ഐ എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ അഫ്ഗാനിൽ രൂപംകൊണ്ട ഉപവിഭാഗമാണ് ഖൊരാസൻ. ഐ എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനിൽനിന്ന് കൊഴിഞ്ഞുപോയ ഭീകരർ രൂപംനൽകി. വടക്കുകിഴക്കൻ അഫ്ഗാനിലെ കുനാർ, നംഗർഹാർ, നൂരിസ്താൻ എന്നിവിടങ്ങളിൽ വേരൂന്നിയതോടെ തൊട്ടടുത്തകൊല്ലം ഐ എസ്. നേതൃത്വവും ഇവരെ അംഗീകരിച്ചു.
പാകിസ്ഥാനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. ഇരുരാജ്യങ്ങളിലെയും പള്ളികളിലും പൊതുയിടങ്ങളിലും ആശുപത്രികളിലുമടക്കം ഒട്ടേറെ പൗരന്മാരെ കൊന്നു. ഷിയാക്കളാണ് പ്രധാന ഇര. സംഘടനയ്ക്ക് താലിബാനുമായി ഏറ്റുമുട്ടിയതിന്റെ ചരിത്രവുമുണ്ട്. ഇന്നത്തെ പാകിസ്ഥാനും ഇറാനും അഫ്ഗാനും മധ്യേഷ്യയും ഉൾപ്പെട്ട മേഖലയുടെ പഴയ പേരാണ് ഖൊരാസൻ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.