• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

പൊതുമാപ്പ് കേന്ദ്രങ്ങളിലെ ജീവകാരുണ്യത്തിന്‍റെ മഹാമുദ്രകൾ

news18india
Updated: August 4, 2018, 9:17 PM IST
പൊതുമാപ്പ് കേന്ദ്രങ്ങളിലെ ജീവകാരുണ്യത്തിന്‍റെ മഹാമുദ്രകൾ
news18india
Updated: August 4, 2018, 9:17 PM IST
മനുഷ്യരുടെ എല്ലാ ദൈന്യതയും നിസ്സഹായതയും ആത്മനിന്ദയും സങ്കടവും തളംകെട്ടി നിൽക്കുകയാണ് യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ. അനിശ്ചിതത്വത്തിന്‍റെ നീണ്ട കാലത്തിലൂടെ അവർ കടന്നു പോകുകയായിരുന്നു. എങ്ങിനെയെങ്കിലും രക്ഷപ്പെടണം, കണ്ണീരിന്‍റെ നൂൽപ്പാലത്തിൽ നിന്ന് കരകയറണം, ആശ്വാസത്തിന്‍റെ സമതലത്തിൽ എത്തണം. ഇപ്പോൾ, ചിലർക്ക് നാട് മണക്കുകയാണ്, മറ്റു ചിലർക്ക് പുതിയൊരു ജീവിതവഴി തെളിഞ്ഞു വരുന്നു, അതിന്‍റെ ആത്മഹർഷം മിക്ക മുഖങ്ങളിലുമുണ്ട്. നന്ദി, ഭരണാധികാരികളെ നന്ദി.

പലരും സ്വയമറിയാതെയാണ് അനധികൃത താമസക്കാരായത്. സ്ഥാപനം പൂട്ടിയപ്പോൾ, ഒരു പ്രത്യേക സാഹചര്യത്തിൽ സ്പോൺസറുടെ കീഴിൽ നിന്ന് കടന്നുകളയേണ്ടി വന്നപ്പോൾ അങ്ങനെ പല വിധത്തിൽ പലരും അനധികൃത താമസക്കാരായി. പൊതുമാപ്പിന് ദുബായിലെയോ മറ്റു എമിറേറ്റുകളിലെയോ താത്കാലിക കൂടാരത്തിൽ എത്തുമ്പോൾ സാഹചര്യമാണ് തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുറ്റസമ്മതം നടത്തുമ്പോൾ സാരമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പുറത്തെ കനത്ത ചൂടിൽ വാടിത്തളർന്നെത്തുന്നവർക്ക് ശീതീകരിച്ച കൂടാരം. കുടിക്കാൻ വെള്ളമോ പഴച്ചാറോ കൊടുക്കുന്നു. പാസ്‌പോർട്ടുണ്ടെങ്കിൽ നാട്ടിലേക്ക് മടങ്ങണോ, പുതിയ വിസയിൽ ഇവിടെ തുടരണോ എന്ന് ചോദിക്കുന്നു. മഹാകാരുണ്യം നിറഞ്ഞു പരക്കുകയാണ് ആ കൂടാരങ്ങളിൽ.

അവീറിൽ, വനിതകളുടെ കൂടാരം, അഗതികളുടെ സ്‌നേഹ ഭവനമാണ്. പല പ്രായത്തിലുള്ള സ്ത്രീകൾ ഊഴം കാത്തു കസേരകളിൽ ഇരിക്കുമ്പോൾ വിശാലമായ കാർപറ്റിൽ കുട്ടികൾ കളിച്ചുല്ലസിക്കുന്നു. ഈ ഭൂമിയിലെ കാനേഷുമാരി കണക്കിലൊന്നിലും പെടാത്ത തങ്ങളുടെ ജൻമം സഫലമാകാൻ പോകുകയാണെന്ന് അറിയുന്നവരും അറിയാൻ പ്രായമാകാത്തവരും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം സാന്ത്വനത്തിന്‍റെ മടിയിലാണ് എത്തിയിരിക്കുന്നത്.
Loading...

മൂന്നു കുട്ടികളുമായി ഒരു ഫിലിപ്പൈൻ സ്ത്രീ എത്തിയപ്പോൾ പലരുടെയും ശ്രദ്ധ അവരിലായി. കുട്ടികളെ കണ്ടാൽ ഫിലിപ്പൈൻ ആണെന്ന് തോന്നുന്നില്ല. മാത്രമല്ല, മൂത്ത കുട്ടി ആ സ്ത്രീയുടെ വരുതിയിൽ നിൽക്കുന്നുമില്ല. ഓട്ടിസം ബാധിച്ച കുട്ടിയാണ്. വനിതാ ഉദ്യോഗസ്ഥർ മാതൃ വാൽസ്യത്തോടെ കുട്ടികൾക്ക് മധുരം നൽകുന്നു, ചേർത്തു നിർത്തുന്നു. കുട്ടികളെയും കൂട്ടി ആ സ്ത്രീ ഉദ്യോഗസ്ഥരുടെ മുമ്പിലേക്ക്. പാകിസ്ഥാനിയാണ് ഭർത്താവ്. രണ്ടുവർഷം മുമ്പുവരെ ഒന്നിച്ചു താമസിച്ചു. ഭർത്താവിന് അജ്മാനിൽ കമ്പനി ആയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പൊളിഞ്ഞു. എല്ലാവരുടെയും വിസാ കാലാവധി കഴിഞ്ഞു. ഭർത്താവ് പാകിസ്ഥാനിലേക്ക് പോയി. തനിക്ക്, കുട്ടികളെയും കൂട്ടി ഫിലിപ്പൈൻസിലേക്കു പോകണം. വിസാ കാലാവധി നേരത്തെ കഴിഞ്ഞതിനാൽ, പിഴ ഒരുപാടുണ്ട്. അതൊന്നും അടക്കേണ്ടതില്ലെന്നു ഉദ്യോഗസ്ഥർ. രേഖ ശരിയാക്കി ഉടൻ നാട്ടിലേക്ക് പോകാം, അവർ കുട്ടികളെ നെഞ്ചോട് ചേർത്ത് ആനന്ദാശ്രു പൊഴിക്കുന്നു.

പുരുഷന്മാരുടെ കൂടാരത്തിൽ, ഊഴം കാത്തു കണ്ണൂർ സ്വദേശി ഫായിസ്. വിസാകാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. സ്ഥാപനം തകർന്നത് തന്നെ കാരണം. പാസ്പോർട്ടും ജോലി ചെയ്തതിന്‍റെ രേഖകളുമുണ്ട്. എല്ലാം ശരിയായാൽ നാട്ടിലേക്ക് മടങ്ങണം. പറ്റുമെങ്കിൽ പിന്നെയും യു എ ഇയിൽ ജീവിതോപാധി തേടി വരണം. അരമണിക്കൂറിനകം ഫായിസ് കൗണ്ടറിലേക്ക്. വിരലടയാളം എടുത്തപ്പോൾ കുറ്റവാളി അല്ലെന്നു തെളിഞ്ഞു. 221 ദിർഹം അടച്ചപ്പോൾ എക്‌സിറ്റ് പെർമിറ്റ് തയ്യാർ. ഉടൻ നാട്ടിലേക്ക് പോകാം. അയാൾക്ക് വിശ്വാസം വരുന്നില്ല. വിമാനത്താവളത്തിൽ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ? ഒരു പ്രയാസവും നേരിടില്ല. നാട്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാനും കഴിയും. അയാൾക്ക് സ്വർഗം കിട്ടിയ സന്തോഷം. 18 വയസുള്ള ഒരു കുട്ടി എത്തി. ജനിച്ചത് തന്നെ അനധികൃത താമസക്കാരനായി. കണക്കുപ്രകാരം 10 ലക്ഷം ദിർഹം പിഴയുണ്ട്. ഉദ്യോഗസ്ഥർ എല്ലാം ഒഴിവാക്കിക്കൊടുത്തു. 20 വർഷമായി വിസാ കാലാവധി തീർന്ന നാട്ടിൽ പോകാൻ കഴിയാത്ത അറബ് സ്ത്രീക്കും പൊതു മാപ്പ്. വഴിച്ചെലവിനു നൽകാനും ചില മനുഷ്യസ്‌നേഹികൾ രംഗത്ത്.

പൊതുമാപ്പ് അതിശയങ്ങളുടെ കൂടാരമാണ്. ഒക്‌ടോബർ 31വരെ അനധികൃത താമസക്കാർക്ക് വിട്ടുവീഴ്ചയുടെ മഹാകവാടം യു എ ഇയിലെ ഭരണാധികാരികൾ തുറന്നു കൊടുത്തിരിക്കുന്നു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ പ്രസരിപ്പിച്ച ജീവകാരുണ്യവെളിച്ചം രാജ്യമെങ്ങും കെടാതെ നിൽക്കുകയാണ്.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍