• HOME
 • »
 • NEWS
 • »
 • world
 • »
 • UK Heatwave | ബ്രിട്ടനില്‍ ഉഷ്ണതരംഗം; താപനില ആദ്യമായി 40 ഡിഗ്രി സെൽഷ്യസിൽ

UK Heatwave | ബ്രിട്ടനില്‍ ഉഷ്ണതരംഗം; താപനില ആദ്യമായി 40 ഡിഗ്രി സെൽഷ്യസിൽ

'യുകെയില്‍ ആദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു, പലയിടത്തും ഇപ്പോഴും താപനില ഉയരുകയാണ്'-കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 • Last Updated :
 • Share this:
  പടിഞ്ഞാറന്‍ യൂറോപ്പില്‍ ചൊവ്വാഴ്ച കടുത്ത ഉഷ്ണതരംഗം (Heatwave) രൂപപ്പെട്ടു. ഇത് കാട്ടുതീക്ക് കാരണമാകുകയും ബ്രിട്ടനിലെ (UK) താപനില ( Temperature) ആദ്യമായി 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തുകയും ചെയ്തു. ഉയര്‍ന്ന താപനില യുകെയിലെ ഏറ്റവും ചൂടേറിയ രാത്രിയാണ് ജനങ്ങള്‍ക്ക് നൽകിയത്. ഇതിന് പുറമെ, പടിഞ്ഞാറന്‍ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിന്റെ (Heathrow Airport) ഭാഗത്ത് 40.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് അറിയിച്ചു.

  2019ല്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ സ്ഥിരീകരിച്ച 38.7 ഡിഗ്രി സെല്‍ഷ്യസ് എന്ന ബ്രിട്ടന്റെ മുന്‍കാല താപനില തിരുത്തിക്കുറിക്കുന്നതായിരുന്നു ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയ താപനില. 'യുകെയില്‍ ആദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു, പലയിടത്തും ഇപ്പോഴും താപനില ഉയരുകയാണ്'-കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

  അതേസമയം, കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വരും വര്‍ഷങ്ങളിലെ തീവ്രമായ കാലാവസ്ഥ വ്യതിയാനും താപനില ഇനിയും ഉയര്‍ത്തുമെന്നും വിദഗ്ധര്‍ പറയുന്നു.

  താപനില ഉയര്‍ന്നത് ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടിന് കാരണമാകുകയും ഇതുമൂലം റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ ചില റെയില്‍വേ ലൈനുകള്‍ അടച്ചിടുകയും മറ്റു ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടക്കുകയും ചെയ്തു. ലണ്ടനിലെ തിരക്കുള്ള കിംഗ്‌സ് ക്രോസ് സ്റ്റേഷനില്‍ നിന്നുളള എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. ഇത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.

  also read: 2060 വരെയെങ്കിലും ഉഷ്ണതരംഗം ആവർത്തിക്കും; മുന്നറിയിപ്പുമായി UN

  'ഇത് വളരെ നിരാശാജനകമാണ്,''താപനില ഉയര്‍ന്നതോടെ ട്രെയിനുകള്‍ റദ്ദാക്കിയതില്‍ പ്രതികരിക്കവെ സ്‌കോട്ട്‌ലന്‍ഡിലേക്ക് യാത്ര പുറപ്പെടാന്‍ പദ്ധതിയിട്ട അമേരിക്കന്‍ ടൂറിസ്റ്റ് ഡെബോറ ബൈറണ്‍ പറഞ്ഞു.

  അതേസമയം, താപനില ഉയരുമ്പോള്‍ റോഡും റണ്‍വേകളും ഉരുകുകയും റെയിൽ പാളങ്ങള്‍ വളയുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ ഈ താപനിലയ്ക്ക് അനുയോജ്യമായി നിര്‍മ്മിച്ചതല്ലെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി.

  കാട്ടുതീ

  ബ്രിട്ടന്റെ പടിഞ്ഞാറന്‍ പ്രദേശം സാധാരണയായി തണുപ്പുള്ളതും വേനല്‍ക്കാലത്ത് പോലും ഈര്‍പ്പമുള്ളതുമായ പ്രദേശമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇവിടുത്തെ താപനില.

  എന്നാല്‍ ഉഷ്ണ തരംഗം വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നതും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള തണുത്ത കാറ്റ് വീശിയതും ബ്രിട്ടന് വലിയൊരു ആശ്വാസമാണ് നല്‍കിയത്. ഇതേതുടര്‍ന്ന് കാലാവസ്ഥാ അധികൃതര്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു.

  രാജ്യത്തെ കിഴക്ക്, തെക്ക് എന്നിവിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാകാന്‍ സാധ്യതയുള്ളതിനാലും ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാലും 12ഓളം വകുപ്പുകളില്‍ അധികൃതര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

  ഈ അടുത്ത ആഴ്ചകളില്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ രൂപപ്പെട്ട രണ്ടാമത്തെ ഉഷ്ണതരംഗമാണിത്. ഇത് ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കാട്ടുതീക്ക് കാരണമാകുകയും വിശാലമായ ഭൂപ്രദേശങ്ങള്‍ കത്തി നശിക്കാൻ കാരണമാകുകയും ചെയ്തു.

  ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ രണ്ട് വന്‍ തീപിടിത്തങ്ങള്‍ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ഇത് വ്യാപകമായ നാശത്തിന് കാരണമാവുകയും പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകള്‍ ഒഴിഞ്ഞു പോകാൻ നിര്‍ബന്ധിരതാക്കുകയും ചെയ്തു.

  ഇതുവരെ 17,000 ഹെക്ടര്‍ (42,000 ഏക്കര്‍) വനം കത്തിനശിക്കാന്‍ കാരണമായ രണ്ട് തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് രാജ്യമെമ്പാടുമുള്ള ഏകദേശം 1,700 അഗ്‌നിശമന സേനാംഗങ്ങള്‍ ഇപ്പോഴും പോരാടുകയാണെന്നാണ് വിവരം.

  'ഇത് വളരെ ഹൃദയഭേദകമാണ്,' വന്‍തോതില്‍ കുടിയൊഴിപ്പിക്കലിന് വേദിയായ ലാ ടെസ്റ്റെ-ഡി-ബുച്ചിന്റെ മേയറായ പാട്രിക് ഡാവെറ്റ് പറഞ്ഞു. 'സാമ്പത്തികമായി, ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കും, മാത്രമല്ല നഗരത്തെയും ഇത് ദോഷകരമായി ബാധിക്കും, എന്തെന്നാല്‍ ഇത് ഒരു ടൂറിസ്റ്റ് നഗരമാണ്, നഗരത്തിന് ടൂറിസ്റ്റുകളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  ബ്രിട്ടനില്‍, കാട്ടുതീ സാധാരണ ഉണ്ടാകാത്ത മേഖലയായ ഫിനിസ്റ്റെറില്‍ ഉണ്ടായ തീപിടുത്തം നൂറുകണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ പ്രത്യേക വാഹനങ്ങള്‍, വാട്ടര്‍ബോംബിംഗ് വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്തുടനീളം നിരവധി ചെറിയ തീപിടിത്തങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

  മരണം

  തിങ്കളാഴ്ച തീപിടുത്തത്തിന് കാരണമായെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി തെക്കുപടിഞ്ഞാറന്‍ നഗരമായ ബോര്‍ഡോയിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. സ്പെയിനില്‍ പുതിയ ഉഷ്ണ തരംഗം രുപപ്പെട്ടിട്ട് ഏകദേശം 10 ദിവസം പിന്നിടുമ്പോള്‍, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സമോറയില്‍ ഉള്‍പ്പെടെ ചൊവ്വാഴ്ച പത്തിലധികം തീപിടുത്തങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ മാസവും ഇവിടെ വലിയ തീപിടിത്തം ഉണ്ടായിരുന്നു.

  യൂറോപ്പിലെ ഏറ്റവും വലിയ ചെന്നായ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ ജൂണില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏകദേശം 30,000 ഹെക്ടര്‍ ഭൂമിയാണ് നശിച്ചത്.
  ആയിരക്കണക്കിന് ഹെക്ടര്‍ പുല്‍മേടുകളും വനങ്ങളും അഗ്‌നിക്ക് ഇരയായതിനെ തുടര്‍ന്ന് 6,000 ത്തോളം ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു.

  ഇതിന് പുറമെ, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള മാഡ്രിഡിനും ഗലീഷ്യയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം ട്രാക്കിന്റെ ഇരുവശത്തെയും തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. സമീപ ദിവസങ്ങളില്‍ തീപിടുത്തത്തില്‍ നിരവധി പേരാണ് മരിച്ചത്. മാഡ്രിഡില്‍ 50 വയസ്സുള്ള ഒരു ഓഫീസ് ജീവനക്കാരന്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.

  അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ താപനിലയില്‍ കാര്യമായ കുറവുണ്ടായിട്ടും, 1,400-ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ പോര്‍ച്ചുഗലില്‍ ഉണ്ടായ തീപിടുത്തങ്ങള്‍ അണയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്. അതേസമയം, എഴുപത് വയസ് പ്രായമായ ദമ്പതികള്‍ തങ്ങളുടെ കാറില്‍ ഉണ്ടായ തീപിടുത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

  എന്നാല്‍ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടും രാജ്യത്ത് കാട്ടുതീ സംബന്ധിച്ച് ജാഗ്രത നിലനില്‍ക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച 47 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തീപിടിത്തത്തില്‍ ഇതിനകം മറ്റ് രണ്ട് പേര്‍ കൊല്ലപ്പെടുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 12,000 മുതല്‍ 15,000 ഹെക്ടര്‍ ഭൂമി നശിപ്പിക്കുകയും ചെയ്തിരുന്നു.

  also read: ചുട്ടുപൊള്ളി യൂറോപ്പ്; 200 വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടിയ താപനില; ഉഷ്ണ തരം​ഗത്തിന് കാരണമെന്ത്?

  ചൂട്

  ഫ്രഞ്ച് അതിര്‍ത്തിക്കടുത്തുള്ള ബെല്‍ജിയത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആകാന്‍ സാധ്യതയുള്ളതിനാല്‍ റോയല്‍ മെറ്റീരിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി ബ്രസ്സല്‍സിലെ മ്യൂസിയങ്ങളില്‍, 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചൊവ്വാഴ്ച സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യാന്‍ അധികൃതര്‍ തീരുമനിച്ചിരുന്നു.

  ജര്‍മ്മനിയുടെ, പടിഞ്ഞാറ് ഭാഗത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച, സാക്സണി എന്ന പര്‍വതപ്രദേശത്ത് കാട്ടുതീ അണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

  ഇതുവരെ രേഖപ്പെടത്തിയ ചൂട് ജനങ്ങള്‍ക്കിടയില്‍ ഭയം ഉയര്‍ത്തിയിട്ടുണ്ട്, ഇത് ഭക്ഷ്യ ഉല്‍പാദനത്തില്‍ 'വലിയ നഷ്ടം' ഉണ്ടാക്കുമെന്ന് ജര്‍മ്മന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

  'തന്റെ കൃഷിയിടത്തിന്റെ ശരാശരി വാര്‍ഷിക വിളവിൽ 20 ശതമാനം കുറവ് ഉണ്ടായതായി' ബ്രാന്‍ഡന്‍ബര്‍ഗില്‍ ഗോതമ്പും മറ്റ് വിളകളും കൃഷി ചെയ്യുന്ന ഹെന്നിംഗ് ക്രൈസ്റ്റ് എന്ന കര്‍ഷകന്‍ എഎഫ്പിയോട് സംസാസാരിക്കവെ പറഞ്ഞു.

  'മാസങ്ങളായിമഴ ലഭിക്കാറില്ലെന്നും, താപനില വളരെ ഉയർന്നതാണെന്നും' അദ്ദേഹം പറഞ്ഞു. 'വരള്‍ച്ചയും വരണ്ട കാലവസ്ഥയും ഞങ്ങള്‍ക്ക് ഒരു ശീലമായി. പക്ഷേ ഈ വര്‍ഷത്തേത് വളരെ അസാധാരണമാണെന്ന് ഹെന്നിംഗ് ക്രൈസ്റ്റ് പറഞ്ഞു.
  Published by:Amal Surendran
  First published: