• HOME
  • »
  • NEWS
  • »
  • world
  • »
  • Rishi Sunak | ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്? നാലാം റൗണ്ട് വോട്ടെടുപ്പിലും മുന്നിൽ  

Rishi Sunak | ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്? നാലാം റൗണ്ട് വോട്ടെടുപ്പിലും മുന്നിൽ  

കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് തുടങ്ങിയത് മുതൽ സുനക് സ്ഥിരമായി പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. 120 വോട്ടുകൾ ലഭിച്ചാൽ കൺസർവേറ്റീവ് എം.പിമാരുടെ മൂന്നിലൊന്ന് പിന്തുണ ഉറപ്പിക്കാൻ സാധിക്കും.

  • Last Updated :
  • Share this:
    ബ്രിട്ടണിൻെറ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടം മുറുകുമ്പോൾ നാലാം റൗണ്ടിലും ലീഡ് നേടി ഋഷി സുനക് (Rishi Sunak) മുന്നിൽ. 118 വോട്ട് സ്വന്തമാക്കിയാണ് ഋഷി ലീഡ് നേടിയത്. രാജിവെച്ച ബോറിസ് ജോൺസണിന് (Boris Johnson) പിൻഗാമിയെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് കൺസർവേറ്റീവ് പാർട്ടി (Conservative Party). ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന ടോറി നേതാവായിരിക്കും പാർട്ടിയുടെ പുതിയ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മാറുക.

    കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് തുടങ്ങിയത് മുതൽ സുനക് സ്ഥിരമായി പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. 120 വോട്ടുകൾ ലഭിച്ചാൽ കൺസർവേറ്റീവ് എം.പിമാരുടെ മൂന്നിലൊന്ന് പിന്തുണ ഉറപ്പിക്കാൻ സാധിക്കും. നാലാം റൗണ്ടിൽ രണ്ട് വോട്ടിൻെറ കുറവ് മാത്രമാണ് അദ്ദേഹത്തിനുണ്ടായത്. 92 വോട്ടുകൾ ലഭിച്ച മുൻ പ്രതിരോധമന്ത്രി പെന്നി മോർഡ്വാൻറ് രണ്ടാമതെത്തിയപ്പോൾ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 86 വോട്ട് നേടി. 59 വോട്ടുമായി നാലാം സ്ഥാനത്തെത്തിയ കെമി ബെയ്ഡ്നോച്ച് മത്സരത്തിൽ നിന്ന് പുറത്തായി.

    അവസാനത്തെ രണ്ട് റൗണ്ടിലും സുനക് തന്നെയാണ് മുന്നിലെത്തിയത്. തിങ്കളാഴ്ച 115 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 83 വോട്ടുകളുമായി മോർഡ്വാൻറ് രണ്ടാമതെത്തി. ട്രസ്സ് 71 വോട്ടുമായി മൂന്നാം സ്ഥാനത്തും ബെയ്ഡ്നോച്ച് 58 വോട്ടുമായി നാലാമതുമായിരുന്നു. ടോറി പ്രതിനിധികൾ വീണ്ടും ബുധനാഴ്ച വോട്ട് ചെയ്യും. അഞ്ചാം റൗണ്ട് കൂടി കഴിഞ്ഞാൽ അവസാനഘട്ടത്തിലെ ചിത്രം തെളിയും. പിന്നീട് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നവർ രാജ്യവ്യാപകമായി പ്രചാരണം നടത്തും. കൺസർവേറ്റീവ് പാർട്ടിയിലെ ആകെയുള്ള 180000 വോട്ടുകൾ ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യം. സെപ്തംബർ 5ന് ബ്രിട്ടൻെറ പുതിയ പ്രധാനമന്ത്രി ആരെന്ന് പാർട്ടി പ്രഖ്യാപിക്കും.

    സെപ്തംബർ 7നായിരിക്കും പുതിയ പ്രധാനമന്ത്രി ചുമതലയേറ്റെടുത്ത് ആദ്യമായി പാർലമെൻറിൽ പങ്കെടുക്കുക. അഴിമതി ആരോപണങ്ങളെ തുടർന്ന് തൻെറ മന്ത്രിസഭയിലെ അംഗങ്ങൾ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. നിലവിൽ കാവൽ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുകയാണ്. പുതിയ ടോറി നേതാവ് സെപ്തംബറിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുന്നതോടെ ജോൺസൺ പിൻനിരയിലേക്ക് മാറും.

    ജോൺസൺ സ്ഥാനം രാജിവെച്ചതിന് ശേഷം കൺസർവേറ്റീവ് പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സാധിക്കുമോയെന്നാണ് എതിരാളികൾ സുനകിനോട് ചോദിക്കുന്ന ചോദ്യം. കോവിഡ് 19 പടർന്ന് പിടിച്ചതും യുക്രൈയ്നിലെ റഷ്യൻ അധിനിവേശവുമെല്ലാം ബ്രിട്ടൻെറ സാമ്പത്തികനില താറുമാറാക്കിയിട്ടുണ്ട്.

    എന്നാൽ ഇപ്പോഴത്തെ മുന്നേറ്റം കൊണ്ട് സുനക് ജയിക്കുമെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ടുകൾ പറയുന്നത്. യൂഗവ് പോൾ റിപ്പോർട്ട് പ്രകാരം ഫൈനൽ റൗണ്ടിൽ സുനക് പിന്തള്ളപ്പെടാൻ സാധ്യതയുണ്ട്. രാജ്യം മൊത്തം പ്രചരണം നടത്തിയതിന് ശേഷം നടക്കുന്ന വോട്ടെടുപ്പിൽ സുനകിന് പിന്തുണ ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പെന്നി മോർഡ്വാൻറ്, ലിസ് ട്രസ് എന്നിവരായിരിക്കും കടുത്ത എതിരാളികളാവുക.
    Published by:Amal Surendran
    First published: