ചാൾസ് രാജാവിന് നേരെ മുട്ടകൾ എറിഞ്ഞ സംഭവത്തിൽ ഇരുപത്തിമൂന്നൂകാരൻ കുറ്റക്കാരനാണെന്ന് കോടതി. ഇയാൾ ശമ്പളമില്ലാതെ നൂറ് മണിക്കൂർ കമ്യൂണിറ്റി സേവനം ചെയ്യണം എന്നും കോടതി വിധിച്ചു. ബ്രിട്ടനിലെ യോർക്ക് നഗരത്തിലായിരുന്നു സംഭവം നടന്നത്. പാട്രിക് തെൽവെൽ എന്ന യുവാവിനെതിരെയാണ് കോടതി വിധി. ഇയാൾ ആദ്യം കുറ്റം നിധേഷിച്ചെങ്കിലും വിചാരണക്കിടെ കുറ്റസമ്മതം നടത്തിയിരുന്നു.
യോർക്ക് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് ജഡ്ജി പോൾ ഗോൾഡ്‌സ്‌പ്രിംഗാണ് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ രാജാവും കമില രാജ്ഞിയും നവംബർ 9 ന് നഗരത്തിൽ എത്തിയിരുന്നു. അവിടെ വെച്ചാണ് സംഭവം നടന്നത്.
ചാൾസ് രാജാവിനെ ലക്ഷ്യം വെച്ച് പാട്രിക് തെൽവെൽ അഞ്ചു മുട്ടകൾ എറിഞ്ഞെന്നും ഇവയെല്ലാം രാജാവിന്റെ തൊട്ടുസമീപത്തു വരെ എത്തിയിരുന്നു എന്നും വിചാരണ വേളയിൽ യോർക്ക് മജിസ്‌ട്രേറ്റ് പറഞ്ഞു. ”ഈ രാജ്യം കെട്ടിപ്പടുത്തത് അടിമകളുടെ രക്തം കൊണ്ടാണ്” എന്നും ”ചാൾസ് എന്റെ രാജാവല്ല” എന്നും പാട്രിക് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ ഈ യുവാവിനെ ദൈവം രക്ഷിക്കട് എന്നും ”എന്തൊരു നാണക്കേടാണ് ഇത്” എന്നും പ്രതികരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.