നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'ഭക്ഷണപ്പേടി'; ജീവിതത്തിൽ ഇന്നേവരെ പച്ചക്കറി കഴിക്കാത്ത ഒരു സ്ത്രീയെ പരിചയപ്പെടാം

  'ഭക്ഷണപ്പേടി'; ജീവിതത്തിൽ ഇന്നേവരെ പച്ചക്കറി കഴിക്കാത്ത ഒരു സ്ത്രീയെ പരിചയപ്പെടാം

  തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പച്ചക്കറി പോലും കഴിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്.

  News18

  News18

  • Share this:
   ലോകത്തിൽ പല തരം ഭയങ്ങളുള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. പ്രാണികളോടുള്ള പേടി, ഉയരത്തെ പേടി, യാത്രകളെ പേടി, രോഗത്തെ പേടി, ലിഫ്റ്റില്‍ കയറുന്നതിനോടുള്ള പേടി, വാഹനത്തെ പേടി എന്നിങ്ങനെ പലതരം ഫോബിയകൾ ഉള്ളവർ നമുക്ക് ചുറ്റുമുണ്ട്. 34 വയസ്സുള്ള ഈ ബ്രിട്ടീഷ് സ്ത്രീക്ക് വ്യത്യസ്തമായ ഒരു ഫോബിയ ആണുള്ളത്. തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പച്ചക്കറി പോലും കഴിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. ഭക്ഷണത്തോടുള്ള ഭയമാണ് (Extreme Food Phobia) ഇതിന് കാരണമെന്നും അവര്‍ അവകാശപ്പെടുന്നു.

   ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള ഷാര്‍ലറ്റ് വിറ്റില്‍ എന്ന യുവതിയാണ് 'എക്‌സ്ട്രീം ഫുഡ് ഫോബിക്‌സ്' എന്ന ടിവി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ തന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ടിവി ഷോ ഷാര്‍ലറ്റിനെപ്പോലുള്ളവര്‍ക്ക് അവരുടെ ഭയത്തെക്കുറിച്ച് തുറന്ന് പറയാനും ഭയത്തിന്റെ കാരണങ്ങളെ അഭിസംബോധന ചെയ്യാനും അവസരം നല്‍കുന്നു. പരിപാടിയ്ക്കിടെ ഷാര്‍ലറ്റിനെ ബ്രോക്കോളി നിറഞ്ഞ ഒരു മുറിയ്ക്കുള്ളിലേക്ക് കടത്തിവിട്ടു. പച്ചക്കറികള്‍ കണ്ടപ്പോള്‍ തന്നെ താന്‍ വിറച്ചുപോയെന്ന് ഷാര്‍ലറ്റ് പറയുന്നു.

   കുട്ടിയായിരിക്കുമ്പോള്‍ പച്ചക്കറികള്‍ കഴിക്കുമ്പോൾ ഛര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും, അത് പിന്നീട് സോസ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളോടും മില്‍ക്ക് ഷെയ്ക്കുകള്‍ പോലെയുള്ള കട്ടിയുള്ള ദ്രാവകങ്ങളോടും പോലും ഭയം വളര്‍ത്തിയെന്നും ഷാര്‍ലറ്റ് പറയുന്നതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ശീലം താനേ മാറുമെന്ന് കരുതി അമ്മ തന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയില്ലെന്നും വയറു നിറയാന്‍ ഹോട്ട്‌ഡോഗുകള്‍, ചിക്കന്‍ നഗ്ഗറ്റുകള്‍ തുടങ്ങിയ സുരക്ഷിത ഭക്ഷണങ്ങള്‍ നല്‍കിയിരുന്നതായും ഈ 34-കാരി പറയുന്നു.

   ഒരു കുതിരലായത്തില്‍ അപ്രന്റീസ് ജോലി ലഭിച്ചപ്പോള്‍ 18-ാം വയസ്സില്‍ ഷാര്‍ലറ്റിന് വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടിവന്നു. ഷാര്‍ലറ്റിന്റെ ഭക്ഷണരീതി അവരുടെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു തമാശയായി മാറി. ഷാര്‍ലറ്റിന്റെ ജോലിസ്ഥലത്ത്, തൊഴിലുടമ തൊഴിലാളികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ടായിരുന്നു, പക്ഷേ ഒടുവില്‍ തനിയെ ഭക്ഷണം തയ്യാറാക്കിക്കൊള്ളാം എന്ന് ഷാർലറ്റ് അവരെ അറിയിച്ചു. കുതിരലായത്തിലെ മറ്റ് തൊഴിലാളികള്‍ ആരോഗ്യകരമായ പച്ചക്കറികളും മറ്റും നിറച്ച സാന്‍ഡ്വിച്ചുകള്‍ കഴിക്കുമ്പോള്‍, അവള്‍ ഇറച്ചി മാത്രം കഴിക്കും.

   ഷാര്‍ലറ്റിന്റെ ഭക്ഷണ ശീലങ്ങള്‍ അവരുടെ സാമൂഹിക ജീവിതത്തെയും കാര്യമായി ബാധിച്ചു. പത്ത് വര്‍ഷത്തിലേറെയായി അവർ അവിവാഹിതയാണ്. ഇപ്പോള്‍ ഒഴിവുസമയങ്ങള്‍ പ്രിയപ്പെട്ട നായയോടൊപ്പം ചെലവഴിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും അവർ പറയുന്നു.

   ഷാര്‍ലെറ്റിന് വിറ്റാമിന്‍ സിയുടെ അപര്യാപ്തതയുണ്ടെന്നും ഇത് ക്ഷീണം, മോണയിലെ രക്തസ്രാവം, വിഷാദമായ മാനസികാവസ്ഥ എന്നിവയ്ക്ക് കാരണമാകുമെന്നും ടി വി അവതാരകന്‍ ഡോ.രഞ്ജ് സിംഗ് വിശദീകരിച്ചു. ഷോ സംപ്രേഷണം ചെയ്തതിനുശേഷം ഭക്ഷണശീലത്തിൽ ഷാര്‍ലറ്റ് ചില നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സോസും മുന്തിരിയും ഉപയോഗിച്ച് പാസ്ത കഴിക്കാൻ ശ്രമിച്ചതായി അവര്‍ പറഞ്ഞു. കൂടാതെ ധാന്യങ്ങളും പിസ്സയും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള ഭയം കൂടാതെ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുക എന്നതാണ് ഷാര്‍ലറ്റിന്റെ സ്വപ്നം.
   Published by:Jayesh Krishnan
   First published: