• HOME
  • »
  • NEWS
  • »
  • world
  • »
  • War in Ukraine| ബെലാറസിൽ വെച്ച് റഷ്യയുമായി ചര്‍ച്ചയാകാം; സമ്മതമറിയിച്ച് യുക്രെയ്ൻ

War in Ukraine| ബെലാറസിൽ വെച്ച് റഷ്യയുമായി ചര്‍ച്ചയാകാം; സമ്മതമറിയിച്ച് യുക്രെയ്ൻ

ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപം ഗോമെലില്‍ വെച്ചാണ് ചർച്ച. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കിയും ബലാറസ് രാഷ്ട്രത്തലവന്‍ അലക്‌സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിച്ചു.

  • Share this:
    യുദ്ധസംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി (Vladimir Putin) ചർച്ചകൾക്ക് തയാറെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യ നിർദേശിച്ച ബെലാറസ് വേദിയാക്കാമെന്ന് സെലെൻസ്കി പറഞ്ഞു. ആക്രമണം നിർത്തിവച്ചാൽ ചർച്ചയ്ക്കു തയാറാണെന്നും എന്നാൽ ബെലാറസ് വഴി യുക്രെയ്ൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നാണ് യുക്രെയ്‌ൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് റഷ്യൻ നിർദേശത്തിന് വഴങ്ങുകയായിരുന്നു.

    ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപം ഗോമെലില്‍ വെച്ചാണ് ചർച്ച. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കിയും ബലാറസ് രാഷ്ട്രത്തലവന്‍ അലക്‌സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിച്ചു. ബലാറസില്‍വെച്ച് ചര്‍ച്ച നടത്തുന്നതിന് യുക്രൈന്‍ സമ്മതിച്ചെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചയ്ക്കായി യുക്രൈന്റേയും റഷ്യയുടേയും അയല്‍രാജ്യമായ ബലാറസില്‍ റഷ്യന്‍ പ്രതിനിധി സംഘം എത്തിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പ്രതികരിച്ചിരുന്നു.

    റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റേയും പ്രതിരോധമന്ത്രാലയത്തിന്റേയും പ്രതിനിധികളും പ്രസിഡന്റ് ഓഫീസ് പ്രതിനിധികളുമാണ് ബെലാറസിലെത്തിയത്. ബെലാറസിലെ ഗോമെലില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുകയെന്നും പെസ്‌കോവിനെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.

    Also Read- War in Ukraine| ആണവ ഭീഷണിയുമായി വ്ളാഡിമിർ‌ പുട്ടിൻ; സജ്ജമാകാൻ സേനാ തലവന്മാർക്ക് നിർദേശം

    റഷ്യന്‍ പ്രതിനിധി സംഘം എത്തിയതായി ബലാറസ് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കായുള്ള സജ്ജീകരണങ്ങള്‍ നടത്തിയെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനാടോലി ഗ്ലാസ് പ്രതികരിച്ചതായും ടാസ് റിപ്പോര്‍ട്ട് ചെയ്തു.

    ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താമെന്ന് നേരത്തെ റഷ്യ പറഞ്ഞിരുന്നുവെങ്കിലും ഈ നിര്‍ദേശം യുക്രെയ്ന്‍ അംഗീകരിച്ചിരുന്നില്ല. റഷ്യ ആക്രമണം നടത്തുന്നത് ബെലാറസില്‍ നിന്നാണ്. അവിടെവെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇതിന് പകരമായി വാഴ്‌സോ, ഇസ്താംബുള്‍ തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ ഒന്നില്‍വെച്ചാകാമെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ നിലപാട്.

    Also Read- Google | ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ മാധ്യമങ്ങളുടെ പരസ്യ വരുമാനം വിലക്കി ഗൂഗിൾ

    അതേസമയം, ആണവ ഭീഷണി മുഴക്കിയ പുട്ടിൻ, ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടു പുറത്തുവന്നു. നാറ്റോ സേന യുക്രെയ്‌നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പുട്ടിൻ, സേനാംഗങ്ങളോട് മനോവീര്യം കളയാതെ പൊരുതണമെന്ന് ആഹ്വാനം ചെയ്‌തു.

    പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുട്ടിൻ റഷ്യയ്ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്നും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുന്നതായി പുട്ടിൻ അഭിപ്രായപ്പെട്ടത്.

    യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്.

    ''റഷ്യയോടുള്ള പാശ്ചാത്യ രാജ്യങ്ങളുടം നിലപാട് സൗഹാർദപരമല്ല. സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതു മാത്രമല്ല, നാറ്റോ നേതാക്കൾ നമ്മുടെ രാജ്യത്തിനെതിരെ വളരെ പ്രകോപനപരമായ പ്രസ്താവനകളും പുറപ്പെടുവിക്കുന്നു''- പുട്ടിൻ ടെലിവിഷൻ ചാനലിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

    യുക്രെയ്നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദേശം അതിനാൽ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
    Published by:Rajesh V
    First published: