• HOME
  • »
  • NEWS
  • »
  • world
  • »
  • Ukraine | 'സഹായത്തിന് നന്ദി'; 12 വയസ്സുകാരന്റെ കത്തിന് മറുപടി നല്‍കി യുക്രേനിയന്‍ പ്രസിഡന്റ്

Ukraine | 'സഹായത്തിന് നന്ദി'; 12 വയസ്സുകാരന്റെ കത്തിന് മറുപടി നല്‍കി യുക്രേനിയന്‍ പ്രസിഡന്റ്

യുകെയിലെ ഡര്‍ഹാമില്‍ നിന്നുള്ള തോമസ് ഹാന്‍ഡ്ലി എന്ന കുട്ടിയാണ് പ്രസിഡന്റിന് കത്തെഴുതിയത്

  • Share this:
റഷ്യന്‍ (Russian) അധിനിവേശത്തിനു പിന്നാലെ യുക്രെയ്നിന് (Ukraine) സഹായ വാഗ്ദാനവുമായി നിരവധി രാജ്യങ്ങളും മാനുഷിക സംഘടനകളും സ്‌കൂളുകളും രംഗത്തെത്തിയിരുന്നു. യുകെയില്‍ (UK) നിന്നുള്ള 12 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയും (12 year old boy) യുക്രേനിയൻ സ്വദേശികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതാണ് ഇപ്പോൾ വാർത്തയായി മാറിയത്. പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളോടൊപ്പം 12കാരൻ യുക്രെയ്ന്‍ പ്രസിഡന്റിന് ഒരു കത്തും അയച്ചിരുന്നു. ഈ കത്തിന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി ഹൃദയസ്പര്‍ശിയായ ഒരു മറുപടിയും നല്‍കി.

യുകെയിലെ ഡര്‍ഹാമില്‍ നിന്നുള്ള തോമസ് ഹാന്‍ഡ്ലി എന്ന കുട്ടിയാണ് പ്രസിഡന്റിന് കത്തെഴുതിയത്. ഡര്‍ഹാം ട്രിനിറ്റി സ്‌കൂള്‍ ആന്‍ഡ് സ്പോര്‍ട്സ് കോളേജിലാണ് തോമസ് പഠിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് പഠിച്ചതിനു ശേഷമാണ് അവന്‍ പ്രസിഡന്റിന് കത്തെഴുതാന്‍ തീരുമാനിച്ചത്. തോമസ് യുക്രേനിയന്‍ പ്രസിഡന്റിന് ഒരു കത്തെഴുതാനും പിന്തുണ അറിയിക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന് യുകെ വിദ്യാഭ്യാസ വകുപ്പിന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

അങ്ങനെ കുട്ടി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കത്തെഴുതി. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാതാപിതാക്കളും ജീവനക്കാരും സഹപാഠികളും സംഭാവന ചെയ്ത സാധനങ്ങള്‍ക്കൊപ്പം കത്ത് അയയ്ക്കുകയായിരുന്നു. തോമസിന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ കത്തിന്റെ ചിത്രവും വിദ്യാഭ്യാസ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. തോമസ് വരച്ച യുക്രേനിയന്‍ പതാകയും കത്തില്‍ കാണാം.

തോമസിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റിന്റെ മറുപടി ഇങ്ങനെയായിരുന്നു; '' യുക്രെയ്‌നില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭക്ഷണം നല്‍കുമെന്നും നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' തോമസിന്റെ വാക്കുകളും യുകെയുടെ പിന്തുണയും എന്റെയും മറ്റ് നിരവധി പേരുടെയും മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മറ്റൊരു ട്വീറ്റില്‍, തോമസിന്റെ കത്ത് പോളണ്ടിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നുവെന്നും ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. സെലന്‍സ്‌കിയുടെ ഈ മറുപടി തോമസിനെ മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ സ്‌കൂളിനെയാകെ അത്ഭുതപ്പെടുത്തി. കത്തിന് മറുപടി ലഭിച്ചതോടെ തോമസ് വളരെ സന്തോഷവാനായിരുന്നുവെന്നും കത്ത് ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കുമെന്നും തോമസിന്റെ അമ്മ കിംബര്‍ലി പറഞ്ഞു.

അതേസമയം, യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി തന്റെ കാക്കി നിറത്തിലുള്ള ജാക്കറ്റ് ലേലത്തില്‍ വിറ്റു. 85 ലക്ഷം രൂപയ്ക്കാണ്( 90,000 പൗണ്ട്) അദ്ദേഹം ജാക്കറ്റ് ലേലം ചെയ്തത്. ലണ്ടനില്‍ നടന്ന ചാരിറ്റി ലേലത്തിലാണ് സെലെന്‍സ്‌കിയുടെ ജാക്കറ്റ് ലേലത്തിന് വെച്ചത്. മെയ് 6-ന് ടേറ്റ് മോഡേണില്‍ വെച്ച് ഉക്രെയ്ന്‍ എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്. റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ധനസമാഹാരണത്തിനു വേണ്ടിയായിരുന്നു ലേലം. 50,000 പൗണ്ടാണ് ജാക്കറ്റിന്റെ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലേലത്തില്‍ പങ്കെടുത്തവരോട് കൂടുതല്‍ തുകയ്ക്ക് ലേലം വിളിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

Summary: Volodymyr Zelenskyy thanked a 12-year-old for his letter
Published by:user_57
First published: