യുദ്ധ പശ്ചാത്തലത്തിലും യുക്രെയ്നിലെ (Ukraine) കീവിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ബാങ്കിംഗ് സംവിധാനം സുസ്ഥിരമാണ്, ഹ്രസ്വകാലത്തേക്ക് എങ്കിലും കടബാധ്യതകളുടെ തിരിച്ചടയ്ക്കലുകൾ രാജ്യത്ത് സാധ്യമാണ്. എന്നാൽ റഷ്യയുടെ (Russia) യുക്രെയ്ൻ അധിനിവേശം രാജ്യത്തെ വലിയ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ് - IMF) തിങ്കളാഴ്ച വ്യക്തമാക്കി.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഐഎംഎഫ് യുദ്ധത്തിന്റെ അനന്തരഫലങ്ങൾ വളരെ വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഈ യുദ്ധം വിലക്കയറ്റത്തിന് കാരണമാവുകയും ആഗോള ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും ഗോതമ്പ് കൃഷിയ്ക്ക് തടസ്സമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നും റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഒരു വിശകലനത്തിൽ ഐഎംഎഫ് വ്യക്തമാക്കി.
രാജ്യത്തെ “വലിയ അനിശ്ചിതത്വ”ത്തെക്കുറിച്ച് ഐഎംഎഫ് മുന്നറിയിപ്പ് നൽകിയതിനൊപ്പം യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ, സ്ഥിതി കൂടുതൽ വഷളാകുമെന്നും വ്യക്തമാക്കി. ഇറാഖ്, ലെബനൻ, സിറിയ, യെമൻ എന്നിവിടങ്ങളിലെ യുദ്ധകാല ഡാറ്റ വിശകലനം ചെയ്ത്, യുക്രെയ്നിലെ വാർഷിക ഉൽപ്പാദന ഇടിവ് വളരെ കൂടുതലായിരിക്കുമെന്നും 25-35 ശതമാനം പരിധിയിൽ ആയിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി.
റെക്കോർഡ് ധാന്യവിളവെടുപ്പിനെയും ഉപഭോക്തൃ ചെലവിനെയും തുടർന്ന് 2021-ൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 3.2 ശതമാനം വളർന്നിരുന്നു. എന്നാൽ ഫെബ്രുവരി 24ന് റഷ്യ ആരംഭിച്ച യുദ്ധത്തെ തുടർന്ന്, 'യുക്രെയ്ൻ സമ്പദ്വ്യവസ്ഥ നാടകീയമായി മാറിമറിഞ്ഞു,' ഐഎംഎഫ് ബോർഡിലെ യുക്രെയ്നിന്റെ ഓൾട്ടർനേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ വ്ലാഡിസ്ലാവ് റാഷ്കോവൻ പറഞ്ഞു.
ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവയുടെ നാശവും പതിനായിരക്കണക്കിന് കിലോമീറ്റർ റോഡുകളുടെയും നിർണായക അടിസ്ഥാന സൗകര്യങ്ങളുടെയും നഷ്ടവും അതിൽ ഉൾപ്പെടുന്നു, ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.
ഇതുവരെ രാജ്യത്ത് 100 ബില്യൺ ഡോളറിന്റെ നാശനഷ്ടം കണക്കാക്കിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡമിയർ സെലെൻസ്കിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഒലെഗ് ഉസ്റ്റെങ്കോ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
നാശമുണ്ടായിട്ടും, രാജ്യത്തെ സർക്കാരും ബാങ്കുകളും പ്രവർത്തനം തുടരുന്നു. മാർച്ച് 1 വരെ രാജ്യം 27.5 ബില്യൺ ഡോളറിന്റെ വിദേശ കരുതൽ ശേഖരം കൈവശം വച്ചിട്ടുണ്ട്. യുക്രെയ്നിനായി 1.4 ബില്യൺ ഡോളറിന്റെ അടിയന്തര സഹായ പദ്ധതിക്ക് കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയ ഐഎംഎഫ് 'വളരെ വലിയ' അനിശ്ചിതത്വങ്ങൾ ഉണ്ടെങ്കിലും 'കടത്തിന്റെ സുസ്ഥിരത അപകടത്തിലാണെന്ന് തോന്നുന്നില്ലെന്ന്' വ്യക്തമാക്കി.
രാജ്യത്തെ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്കപ്പുറം യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഐഎംഎഫ് മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതു മുതൽ, ഊർജത്തിന്റെയും കാർഷിക ഉത്പന്നങ്ങളുടെയും വില ലോകമെമ്പാടും കുതിച്ചുയർന്നു. അവ കൂടുതൽ വഷളാകുമെന്നും അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നൽകി. ഇത് പണപ്പെരുപ്പത്തിന് കാരണമാകും.
ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരാണ് യുക്രെയ്നും റഷ്യയും. യുദ്ധത്തെ തുടർന്ന് കർഷകർക്ക് കൃഷിയിൽ ഏർപ്പെടാൻ കഴിയുന്നില്ലെങ്കിൽ ആഗോള ഭക്ഷ്യ വിതരണത്തെ വരെ ഇത് ബാധിച്ചേക്കാം. 'യുക്രെയ്നിലെ യുദ്ധം എന്നാൽ ആഫ്രിക്കയിലെ പട്ടിണി എന്നാണ് അർത്ഥമാക്കുന്നത്,' എന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ ഞായറാഴ്ച പറഞ്ഞിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.