• HOME
  • »
  • NEWS
  • »
  • world
  • »
  • Heatwave | 2060 വരെയെങ്കിലും ഉഷ്ണതരംഗം ആവർത്തിക്കും; മുന്നറിയിപ്പുമായി UN

Heatwave | 2060 വരെയെങ്കിലും ഉഷ്ണതരംഗം ആവർത്തിക്കും; മുന്നറിയിപ്പുമായി UN

ഉഷ്ണതരം​ഗം പലയിടങ്ങളിലും കാട്ടുതീ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ബ്രിട്ടനിൽ ഇതാദ്യമായാണ് താപനില 40 ഡിഗ്രി സെൽഷ്യസിൽ (104 ഡിഗ്രി ഫാരൻഹീറ്റ്) എത്തുന്നത്.

  • Last Updated :
  • Share this:
    പടിഞ്ഞാറൻ യൂറോപ്പിനെ (western Europe) ഞെരുക്കിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗം (Heatwave) കുറഞ്ഞത് 2060 വരെയെങ്കിലും ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. (United Nations). അന്തരീക്ഷത്തിലേക്ക് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് (carbon dioxide) പുറന്തള്ളുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉഷ്ണതരം​ഗമെന്നും യുഎന്നിന്റെ കീഴിലുള്ള വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (World Meteorological Organization- WMO)) പറഞ്ഞു.

    കാലാവസ്ഥ സന്തുലിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്കിടെയും 2060 വരെയെങ്കിലും ഇത്തരം ഉഷ്ണതരം​ഗങ്ങൾ ഉണ്ടാകുമെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെരി താലസ് മുന്നറിയിപ്പ് നൽകി. ''കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോർഡുകളെല്ലാം ഭേദിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങൾ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ'', പെറ്റെരി താലസ് ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ''കാർബൺ പുറന്തള്ളൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ 2060 ഓടെ ഇപ്പോഴത്തേതിലും ശക്തമായ ഉഷ്ണതരം​ഗം ഉണ്ടാകും, പ്രത്യേകിച്ചും ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ഏഷ്യൻ രാജ്യങ്ങളിൽ'', അദ്ദേഹം കൂട്ടിച്ചേർത്തു.

    ഉഷ്ണതരം​ഗം പലയിടങ്ങളിലും കാട്ടുതീ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ബ്രിട്ടനിൽ ഇതാദ്യമായാണ് താപനില 40 ഡിഗ്രി സെൽഷ്യസിൽ (104 ഡിഗ്രി ഫാരൻഹീറ്റ്) എത്തുന്നത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ട് ഭാഗത്ത് താപനില 40.2 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരുന്നു. ''ഫ്രാൻസ്, യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനില ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്'', ഡബ്ല്യുഎംഒയുടെ അപ്ലൈഡ് ക്ലൈമറ്റ് സർവീസ് വിഭാ​ഗം മേധാവി റോബർട്ട് സ്റ്റെഫാൻസ്കി പറഞ്ഞു. ഇത് എപ്പോൾ അവസാനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും നിലവിലെ ഉഷ്ണതരം​ഗം അടുത്തയാഴ്ചയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കഴിഞ്ഞ വർഷം തെക്കൻ ഇറ്റലിയിലെ സിസിലിയിൽ താപനില 48.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. യൂറോപ്പിലെ ചൂടും റെക്കോർഡ് തകർത്തിരുന്നു. ഗ്രീസിൽ 1977 നു ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് 2021 ൽ രേഖപ്പെടുത്തിത്. ഈ വർഷവും സമാനമായ അവസ്ഥയാകും ഉണ്ടാകുകയെന്നും റോബർട്ട് സ്റ്റെഫാൻസ്കി പറഞ്ഞു.

    2003-ൽ യൂറോപിലുണ്ടായ ഉഷ്ണ തംരം​ഗം 70,000-ലധികം പേരെ ബാധിച്ചിരുന്നെന്നും ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി-കാലാവസ്ഥ- ആരോഗ്യ വിഭാ​ഗം ഡയറക്ടർ മരിയ നെയ്‌റ ചൂണ്ടിക്കാട്ടി. ''ഇപ്പോഴത്തെ ഈ ഉയർന്ന ചൂട്, ആന്തരിക താപനില നിയന്ത്രിക്കാനുള്ള നമ്മുടെ ശരീരത്തിന്റെ ശേഷിയെയും ബാധിച്ചേക്കാം. ഇത് ക്ഷീണം, ഹീറ്റ് സ്ട്രോക്ക്, ഹൈപ്പർതെർമിയ തുടങ്ങിയ രോ​ഗങ്ങൾക്കും കാരണമായേക്കാം'', മരിയ നെയ്‌റ കൂട്ടിച്ചേർത്തു.

    കടുത്ത ചൂടു കാരണം ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ചില പ്രദേശങ്ങളിൽ റെയില്‍വേ ലൈനുകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ലണ്ടനിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനായ കിംഗ്‌സ് ക്രോസ് സ്റ്റേഷനില്‍ നിന്നുളള എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്.
    First published: