• HOME
 • »
 • NEWS
 • »
 • world
 • »
 • Ukraine Crisis | ഉക്രെയ്ൻ പ്രതിസന്ധിയുടെ നാനാർത്ഥങ്ങൾ; ബൈഡന്റെയും പുടിന്റെയും ലക്ഷ്യമെന്ത്?

Ukraine Crisis | ഉക്രെയ്ൻ പ്രതിസന്ധിയുടെ നാനാർത്ഥങ്ങൾ; ബൈഡന്റെയും പുടിന്റെയും ലക്ഷ്യമെന്ത്?

വര്‍ത്തമാനകാലത്തെ പ്രതിസന്ധി കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം

ഉക്രെയ്ന്‍ വിഷയം

ഉക്രെയ്ന്‍ വിഷയം

 • Last Updated :
 • Share this:
  റഷ്യയും (Russia) അമേരിക്കയും (USA) തമ്മിൽ നിലവിൽ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഉക്രെയ്നുമായുള്ള (Ukraine) ബന്ധം ചെറുതാണ്. മറിച്ച്, ലോകത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങളായ വാഷിംഗ്ടണ്‍ ഡിസിയും മോസ്‌കോയും തമ്മിലുള്ള വിശാലമായ പ്രശ്നങ്ങളെയാണ് നിലവിലെ പ്രതിസന്ധി പ്രതിഫലിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ യൂറോപ്പുമായി, കൃത്യമായി പറഞ്ഞാൽ ജർമനിയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും (Joe Biden) റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും (Vladimir Putin) വേണ്ടതെന്ത് എന്നതിനെ കേന്ദ്രീകരിച്ചാണ് ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നത്.

  വര്‍ത്തമാനകാലത്തെ പ്രതിസന്ധി കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം. 2021ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോൾ തന്നെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യയുമായുള്ള തര്‍ക്കം രൂപപ്പെടുകയും യുദ്ധ അന്തരീക്ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ വിഘടനവാദികളായ വിമതര്‍ റഷ്യയുടെ പിന്തുണയോടെ എട്ട് വര്‍ഷമായി ഉക്രെയ്ൻ സേനയുമായി പോരാടുകയാണ്. ഈ വര്‍ഷങ്ങളിലെല്ലാം വിമതരില്‍ നിന്ന് ലുഹാന്‍സ്‌കിനെയും ഡൊനെറ്റ്‌സ്‌കിനെയും തിരിച്ചുപിടിക്കാനുള്ള കടുത്ത സൈനിക നടപടിയില്‍ നിന്ന് ഉക്രെയ്‌നെ തടഞ്ഞത് മോസ്‌കോ ചെലുത്തിയ സമ്മര്‍ദ്ദമാണ്. വ്ളാഡിമിര്‍ പുടിനെ നേരിടാന്‍ ബൈഡന്‍ തീരുമാനിച്ചു എന്നതാണ് 2021ൽ ഉണ്ടായ മാറ്റം. അത് പ്രതിസന്ധിയുടെ തീവ്രത കൂട്ടി.

  അതേസമയം, റഷ്യയുടെ സൈനികമായ സജ്ജീകരണങ്ങളും യുഎസ്എയുടെ നയതന്ത്ര പിന്തുണയും പുടിനെ എതിര്‍ക്കാനുള്ള ശക്തമായ സമ്മര്‍ദവും, അകലം പാലിച്ചുകൊണ്ടുള്ളതാണെങ്കിലും യൂറോപ്പിന്റെ അനുകൂല നിലപാടുമൊക്കെ കാരണം ഉക്രെയ്ന്‍ ഒരു യുദ്ധക്കളത്തിന് സമാനമായ നിലയിലേക്ക് മാറി. തുടര്‍ന്ന്, പുടിനും ബൈഡനും ഒരു കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങളുടെ തീവ്രത ഒന്ന് കുറയുകയും ചെയ്തു. പിന്നാലെ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒറ്റപ്പെടുകയും ചെയ്തു.

  2021ല്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. ഏകദേശം അഞ്ച് മാസം മുമ്പ് യൂറോപ്പ് രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങി. റഷ്യയ്ക്കാണ് അത് പരിഹരിക്കാന്‍ കഴിയുക, കാരണം ആ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് കാരണവും അവര്‍ തന്നെയായിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാസ്‌പ്രോമിന് യൂറോപ്പിലെ ഊര്‍ജ്ജ വിതരണത്തില്‍ കാര്യമായ സ്വാധീനമുണ്ട്. റഷ്യയില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെ യൂറോപ്പില്‍ ഗ്യാസ് വില കുതിച്ചുയരുകയാണ്. റഷ്യയ്ക്ക് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തില്‍ നിർണായകമായ സ്വാധീനമുണ്ടെന്നും അത് സമ്മര്‍ദ്ദ തന്ത്രമായോ ശിക്ഷാനടപടിയായോ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അതിന് മടിക്കില്ലെന്നും പുടിന്‍ യൂറോപ്പിന് നല്‍കുന്ന സന്ദേശമാണ് ഈ പ്രതിസന്ധി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുടിന്റെ ലക്ഷ്യം എന്താണ്?

  പുടിന് എന്താണ് വേണ്ടത്?

  യുഎസ്എയ്ക്ക് കടുത്ത വിയോജിപ്പുള്ള പുടിന്റെ മൂന്ന് പ്രധാന ആവശ്യങ്ങളെക്കുറിച്ച് അറിവുള്ളതാണല്ലോ. ആദ്യത്തേത്, കിഴക്കൻ പ്രദേശങ്ങളിലേക്ക് നാറ്റോ സൈന്യത്തിന്റെ വിപുലീകരണം വേണ്ട എന്നതാണ്. യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലേക്കുള്ള ജോര്‍ജിയ പോലുള്ള മുന്‍ സോവിയറ്റ് രാജ്യങ്ങളുടെയും ഉക്രെയ്‌നിന്റെയും പ്രവേശനം പാടില്ല എന്നതും അതിൽ ഉൾപ്പെടുന്നു. രണ്ടാമത്തേത്, റഷ്യന്‍ അതിര്‍ത്തികള്‍ക്ക് സമീപം ആക്രമണങ്ങള്‍ക്കുള്ള ആയുധങ്ങള്‍ വിന്യസിക്കരുത് എന്നതാണ്. മൂന്നാത്തെ ആവശ്യം, യൂറോപ്പിലെ നാറ്റോയുടെ സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ 1997ലെ നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്നതും.

  ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ അതിന്റെ സൈനിക ശക്തി വര്‍ധിപ്പിച്ചപ്പോഴും, അത്തരമൊരു നിര്‍ദിഷ്ട ഉടമ്പടി യുഎസിന് സംബന്ധിടത്തോളം പ്രാവർത്തികമാക്കാൻ കഴിയുന്നതായിരുന്നില്ല. പകരമായി അമേരിക്ക പുടിനോട് രണ്ടു സാദ്ധ്യതകൾ നിർദ്ദേശിച്ചു - ഒന്നുകിൽ ചർച്ച ചെയ്ത് സമവായത്തിലെത്താം, അല്ലെങ്കിൽ ഒരു യുദ്ധത്തിലേക്ക് കടക്കാം. റഷ്യയുടെ നയതന്ത്രപരവും സൈനികവുമായ നിലപാടുകള്‍ ഉക്രെയ്‌നെ ആക്രമിക്കാനും അട്ടിമറിക്കാനുമുള്ള പദ്ധതികളായാണ് ബൈഡൻ ഭരണകൂടം ചിത്രീകരിക്കുന്നത്.

  അതേസമയം അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആദ്യം തന്നെ കടുത്ത നീക്കത്തിന് പുടിൻ തയ്യാറായത് എന്തുകൊണ്ടാണ്? ഒന്ന്, ഗ്യാസ് പ്രതിസന്ധിയിലൂടെ റഷ്യ യൂറോപ്പിന്റെ കരങ്ങള്‍ പൂട്ടിയിട്ടിരിക്കുന്നു. പുടിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ യുഎസിനുമേൽ സമ്മർദ്ദം ചെലുത്താൻ യൂറോപ്പിനെ പ്രേരിപ്പിക്കുന്നതിനുള്ള മികച്ച അവസരമായി റഷ്യ ഇതിനെ കാണുന്നു. ജര്‍മ്മനിയുടെ പുതിയ ചാന്‍സലറായ ഒലാഫ് ഷോള്‍സ് ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കുമെന്ന് റഷ്യ കരുതിയിരിക്കണം. ജര്‍മ്മനിയിലെ ഇപ്പോഴത്തെ ഭരണപാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) റഷ്യയോട് മൃദുസമീപനം പുലര്‍ത്തുന്നതായിട്ടാണ് അറിയപ്പെടുന്നത്. എസ്പിഡിയുടെ മുന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡര്‍ റഷ്യയുടെ ഗാസ്‌പ്രോമിലെ ബോര്‍ഡില്‍ ചേരുകയും പുടിനുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്തു. കൂടാതെ, ഉക്രെയ്‌നെ ഉടന്‍ നാറ്റോയിലേക്ക് സ്വാഗതം ചെയ്തേക്കാനും സാധ്യതയില്ല. പക്ഷേ ഭാവിയില്‍ അത് റഷ്യയ്ക്ക് ശക്തമായ സൈനിക ഭീഷണിയായി നിലനിൽക്കുകയാണ്. അതിനാല്‍, പുടിന്റെ ആവശ്യങ്ങള്‍ ഉക്രെയ്‌നെ അടക്കിനിർത്തുക എന്ന റഷ്യയുടെ ദീര്‍ഘകാല ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണ്.

  ഈ ആവശ്യങ്ങളോടെ റഷ്യയുമായി സമാധാനം സ്ഥാപിക്കാൻ ഉയർന്ന വില നല്കേണ്ടിവരുമെന്ന് പുടിന്‍ കാണിച്ചുകൊടുത്തു. അതിന്റെ ഫലം യൂറോപ്പ് നേരിട്ട് അനുഭവിക്കുന്നു. ജര്‍മ്മനിയ്ക്ക് ആവശ്യമായ ഗ്യാസിന്റെ 50 മുതല്‍ 75 ശതമാനം വരെ റഷ്യയില്‍ നിന്നാണ് ലഭിക്കുന്നതെന്ന് ഓർക്കണം.

  ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ പ്രതിവര്‍ഷം 110 ബില്യണ്‍ ക്യുബിക് മീറ്റര്‍ റഷ്യന്‍ ഗ്യാസ് യൂറോപ്പിലേക്ക് പമ്പ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ നോര്‍ഡ് സ്ട്രീം 1 പമ്പ് ചെയ്യുന്ന ഗ്യാസിന്റെ ഇരട്ടി അളവാണിത്. ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിലൂടെയും ബാള്‍ട്ടിക് കടലിലൂടെയുമാണ് ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. മധ്യേഷ്യയിലൂടെയും കിഴക്കന്‍ യൂറോപ്പിലൂടെയും കടന്നുപോകുന്ന നിലവിലുള്ള പൈപ്പ്ലൈനുകളെ മറികടന്ന് യൂറോപ്പിന്റെ ഊര്‍ജ മേഖലയില്‍ റഷ്യയുടെ സ്വാധീനം ഉയര്‍ത്തുന്ന ബൃഹത്തായ പദ്ധതിയാണിത്. ഉക്രെയ്‌നിനെയും മറികടന്നാണ് ഈ പൈപ്പ്ലൈൻ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

  യുഎസും ഉക്രെയ്‌നും സ്വന്തം കാരണങ്ങളാല്‍ ഈ പൈപ്പ്‌ലൈനിനെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി നടപ്പിലായാല്‍ യൂറോപ്പിന് മേലുള്ള അമേരിക്കൻ സ്വാധീനം കൂടുതല്‍ ദുര്‍ബലമാകും. ഉക്രെയ്‌ന് ഭൂമിശാസ്ത്രപരമായി കൈവന്ന നയതന്ത്ര മൂല്യം നഷ്ടപ്പെടും. അതുകൊണ്ടാണ് പൈപ്പ് ലൈനില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുമ്പ് ആവശ്യപ്പെട്ടത്. ഒപ്പം പദ്ധതി ഉപേക്ഷിക്കാന്‍ ജര്‍മ്മനിയെ സമ്മര്‍ദ്ദത്തിലുമാക്കി. എന്നാല്‍ ആംഗല മെര്‍ക്കലിന്റെ (മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍) കീഴിലായാലും ഇപ്പോള്‍ ഷോള്‍സിന്റെ കീഴിലായാലും പദ്ധതിയെ ജര്‍മ്മനി അനുകൂലിക്കുകയാണ്. ജര്‍മ്മനിയുമായി കാര്യങ്ങള്‍ പരിഹരിക്കാന്‍ ബൈഡൻ മറ്റൊരു തന്ത്രം പുറത്തെടുത്തു. പൈപ്പ്ലൈന്‍ പദ്ധതിയിൽ ചില പ്രധാന ജിയോസ്ട്രാറ്റജിക്, ജിയോ ഇക്കണോമിക് ഗുണങ്ങൾ നേടുന്നതിൽ നിന്ന് ഉക്രെയ്നെ ഒഴിവാക്കുന്നതില്‍ ജര്‍മ്മനി കക്ഷിയായിരുന്നു. എന്നാല്‍ ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ പങ്കാളികളാകരുത് എന്നതാണ് ബൈഡന്റെ ആവശ്യം. ജർമനിയുടെ ആത്മാർത്ഥത വിലയിരുത്തപ്പെടാൻ വേണ്ടിയെങ്കിലും ഉക്രെയ്നിൽ റഷ്യൻ അധിനിവേശം നടക്കണമെന്ന് ബൈഡന്‍ ആഗ്രഹിക്കുന്നു.

  ബൈഡന്‍ എന്താണ് ആഗ്രഹിക്കുന്നത്?

  യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം, യുദ്ധഭീതി പരത്താനും അമേരിക്കന്‍ മാധ്യമങ്ങളില്‍ റഷ്യന്‍ കഥകള്‍ പ്രചരിപ്പിക്കാനും അനുയോജ്യമായ സമയമാണിത്. 2022ലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ സമയത്ത് രാജ്യത്തെ പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട രാജ്യത്തെ മരണങ്ങള്‍ പ്രസിഡന്റിന്റെ സ്വീകാര്യതയെ സാരമായി ബാധിച്ചു. അഫ്ഗാനിസ്ഥാനിലെ സൈനിക പിന്മാറ്റത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല, ഈ സംഭവം അദ്ദേഹത്തിന്റെ കടുത്ത അനുയായികളെപ്പോലും ഭീതിയിലാഴ്ത്തി. ഈ സാഹചര്യങ്ങള്‍ക്കിടയിലും ബൈഡന് പുടിന്റെ യൂറോപ്പിനെ ചുറ്റിപ്പറ്റിയുള്ള തന്ത്രത്തെ നേരിടാനും യൂറോപ്പിനെ യുഎസ്എയ്ക്ക് പിന്നില്‍ അണിനിരത്താനും കഴിഞ്ഞു. ബൈഡന് ഇനിയും നേടാൻ അവശേഷിക്കുന്നത് പുടിന്റെ പിൻവാങ്ങലും നോര്‍ഡിക് പൈപ്പ്‌ലൈന്‍ റദ്ദാക്കിയെന്ന ജര്‍മ്മനിയുടെ തീരുമാനവുമാണ്.

  പുടിന്‍ ബൈഡന്റെ തന്ത്രങ്ങളിൽ വീഴുകയും ഉക്രെയ്നെ ആക്രമിക്കുകയും ചെയ്യുമോ എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. അതോ പുടിന്‍ പിൻവാങ്ങുകയും യൂറോപ്പിന് മേലുള്ള തന്റെ സ്വാധീനം ഉപേക്ഷിക്കുകയും ചെയ്യുമോ? ഈ രണ്ട് കാര്യങ്ങളും നടക്കുമെന്ന് തോന്നുന്നില്ല. ഈ പ്രതിസന്ധി ഇനിയും തുടരാനാണ് സാധ്യത.
  Published by:user_57
  First published: