വാഷിങ്ടൺ; അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കു കടക്കുമ്പോൾ ഉദ്വേഗജനകമായ നിമിഷങ്ങൾ. നേരത്തെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ആധിപത്യം പുലർത്തിയിരുന്ന ജോർജിയയിൽ അദ്ദേഹത്തിന്റെ എതിരാളിയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായി ജോ ബിഡൻ ലീഡ് നേടി. നിലവിൽ 917 വോട്ടുകൾക്കാണ് ബിഡൻ മുന്നിട്ടുനിൽക്കുന്നത്. ഇവിടെ ജയിച്ചാൽ 16 ഇലക്ട്രൽ വോട്ടുകൾ നേടി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബിഡന് വിജയം ഉറപ്പിക്കാനാകും. 99 ശതമാനം വോട്ടുകൾ ഇവിടെ എണ്ണി കഴിഞ്ഞു.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം ഒടുവിലത്തെ ഫലം അനുസരിച്ച് ട്രംപിന് 214 ഇലക്ട്രൽ കോളേജ് വോട്ടുകളും ബിഡന് 253 വോട്ടുകളുമാണുള്ളത്. അരിസോണയിലെ ഫലം കൂടാതെയാണിത്. എന്നാൽ അസോസിയേറ്റഡ് പ്രസ്, ഫോക്സ് ന്യൂസ് എന്നീ മാധ്യമങ്ങൾ അരിസോണയിലും ബിഡൻ വിജയം കൈവരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് ബിഡന് 264 വോട്ടും ട്രംപിന് 214 വോട്ടുമാണുള്ളത്.
എല്ലാ കണ്ണുകളും ഈ നാലു സംസ്ഥാനങ്ങളിൽജോർജിയ, പെൻസിൽവാനിയ, നെവാദ, നോർത്ത് കരോലിന എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കൂടുതൽ ഉദ്വേഗജനകായി തുടരുന്നത്. ഇവിടങ്ങളിൽ നെവാദയും ജോർജിയയും ഒഴികെയുള്ള സ്ഥലങ്ങളിൽ ലീഡ് ട്രംപിനാണ്. പെൻസിൽവാനിയയിൽ 97 ശതമാനം വോട്ടെണ്ണൽ പൂർത്തിയാപ്പോൾ കഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളം ലീഡുണ്ടായിരുന്ന ട്രംപ് ഇപ്പോൾ വെറും 18000 വോട്ടുകൾക്ക് മാത്രം മുന്നിലാണ്. പെൻസിൽവാനിയയിലെ ഇനി എണ്ണാനുള്ള പ്രദേശങ്ങളിൽ ബിഡന് ആധിപത്യം ലഭിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇവിടുത്തെ അട്ടിമറിയിലൂടെ ബിഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിഡൻ മുന്നിട്ടു നിൽക്കുന്ന നെവാദയിൽ 12000-ഓളം വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. നെവാദയിൽ 84 ശതമാനത്തോളം വോട്ടുകൾ മാത്രമാണ് എണ്ണിയത്. ഇനി എണ്ണാനുള്ള വോട്ടുകളിൽ ഇരുപക്ഷവും ആധിപത്യം പ്രതീക്ഷിക്കുന്നുണ്ട്. നോർത്ത് കരോലിനയിൽ 94 ശതമാനം വോട്ടെണ്ണിയപ്പോൾ 77000ൽ പരം വോട്ടുകൾക്ക് ട്രംപ് മുന്നിലാണ്. ഇവിടെ വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ട്രംപ് പക്ഷം.
പ്രസിഡന്റ് പദവിയിൽ ഇനി ഒരു വട്ടം കൂടി തുടരാൻ, ഇപ്പോൾ വോട്ടെണ്ണൽ നടക്കുന്ന നാലു സംസ്ഥാനങ്ങളിലും ട്രംപിന് ജയിക്കണം. ഈ നാലു സംസ്ഥാനങ്ങളിലായി 57 ഇലക്ട്രൽ കോളേജ് വോട്ടുകളാണുള്ളത്. ഇത്രയും വോട്ടുകൾ ലഭിച്ചാൽ ട്രംപ് 271 വോട്ടുകളുമായി പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തും. എന്നാൽ 16 ഇലക്ട്രൽ വോട്ടുകളുള്ള ജോർജിയയിൽ കനത്ത പോരാട്ടമാണ് ബിഡൻ നടത്തുന്നത്. ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നിയമപോരാട്ടത്തിലേക്കു പോകാനുള്ള സാധ്യതയും നിരീക്ഷകർ മുന്നോട്ടുവെക്കുന്നു. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി അംഗീകരിക്കുമോയെന്ന് കണ്ടറിയണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.