നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Global Plastic Waste | ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും അമേരിക്കയുടെ സംഭാവനയെന്ന് റിപ്പോർട്ട്

  Global Plastic Waste | ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും അമേരിക്കയുടെ സംഭാവനയെന്ന് റിപ്പോർട്ട്

  2016ൽ ആഗോളതലത്തിൽ ആകെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 42 മില്യൺ മെട്രിക് ടൺ സംഭാവന ചെയ്തത് യു എസ് ആണ്.

  (Image for representation/Shutterstock)

  (Image for representation/Shutterstock)

  • Share this:
   ലോകത്തെ ആകെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ (Plastic Waste) കൂടുതൽ പങ്കും സംഭാവന ചെയ്യുന്നത് അമേരിക്കയാണെന്ന് (US) റിപ്പോർട്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വർദ്ധിച്ചു വരുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ദേശീയ തലത്തിൽ നയരൂപീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ഫെഡറൽ ഗവൺമെന്റിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം.

   2016ൽ ആഗോളതലത്തിൽ ആകെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 42 മില്യൺ മെട്രിക് ടൺ സംഭാവന ചെയ്തത് യു എസ് ആണ്. ചൈന പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരട്ടിയിൽ കൂടുതലാണ് ഇതെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട രാജ്യങ്ങൾ സംയുക്തമായി പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തെക്കാൾ കൂടുതൽ അമേരിക്ക പുറന്തള്ളുന്നതായും വിശദീകരിക്കുന്നു. പ്രതിവർഷം ഓരോ അമേരിക്കൻ പൗരനും ശരാശരി 130 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് പുറന്തള്ളുന്നത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനിൽ ഓരോ വ്യക്തിയും ശരാശരി 99 കിലോഗ്രാമും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിൽ ഒരു വ്യക്തി ശരാശരി 88 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും പുറന്തള്ളുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

   ആഗോളതലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളെയും തടാകങ്ങളെയും കടൽക്കരകളെയും മലിനമാക്കുകയും വിവിധ ജനവിഭാഗങ്ങളിൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുകയും വന്യജീവികൾക്ക് ഭീഷണിയായി മാറുകയും മനുഷ്യന് വേണ്ട കുടിവെള്ളം വിഷലിപ്തമാക്കുകയും ചെയ്യുന്നതായി പ്രസ്തുത റിപ്പോർട്ട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷ മാർഗരറ്റ് സ്പ്രിങ് പറയുന്നു. 1966 ൽ 20 മില്യൺ മെട്രിക് ടൺ ആയിരുന്ന ആഗോള പ്ലാസ്റ്റിക് ഉത്പാദനം 2015 ആകുമ്പോഴേക്കും 381 മില്യൺ മെട്രിക് ടണ്ണായി വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അരനൂറ്റാണ്ടിനുള്ളിൽ പ്ലാസ്റ്റിക് ഉത്പാദനത്തിൽ ഏതാണ്ട് 20 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്.

   ഒറ്റത്തവണ മാത്രംഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക
   പ്ലാസ്റ്റിക് മാലിന്യത്തിന്റെ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളെക്കുറിച്ചും റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്കിന് പകരം കൂടുതൽ ഡീഗ്രെയ്‌ഡബിൾ ആയതും എളുപ്പത്തിൽ റീസൈക്കിൾ ചെയ്യാൻ കഴിയുന്നതുമായ പദാർത്ഥങ്ങൾ ഉപയോഗിക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഒപ്പം, ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. മലിനജലത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് വേർതിരിച്ചെടുക്കാൻ കഴിയുന്നത് പോലെയുള്ള ആധുനിക മാലിന്യ നിർമാർജന സംവിധാനങ്ങളുടെ അനിവാര്യതയും റിപ്പോർട്ട് അടിവരയിടുന്നു.

   പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട പ്രതിസന്ധി അഭിമുഖീകരിക്കാൻ 2022 അവസാനിക്കുന്നതിന് മുമ്പ് ദേശീയ തലത്തിൽ നയം രൂപീകരിക്കാൻ യു എസ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ റിപ്പോർട്ടുകളിൽ ഏറ്റവും സമഗ്രമായ റിപ്പോർട്ട് ആണ് ഇതെന്ന് 'ബിയോണ്ട് പ്ലാസ്റ്റിക്' എന്ന നോൺ-പ്രോഫിറ്റ് ഓർഗനൈസേഷന്റെ പ്രസിഡന്റ് ജൂഡിത്ത് എൻക് പ്രതികരിച്ചു.
   Published by:Jayesh Krishnan
   First published: