അമേരിക്കൻ പോലീസ് 2022-ൽ 1,176 പേരെ കൊന്നതായി റിപ്പോർട്ടുകൾ. 2013-ലാണ് രാജ്യവ്യാപകമായുള്ള പോലീസ് അതിക്രമങ്ങൾ ചില സംഘടനകളും ആക്ടിവിസ്റ്റുകളും ട്രാക്ക് ചെയ്യാൻ തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നമ്പറാണിത്. മാപ്പിംഗ് പോലീസ് വയലൻസ് (Mapping Police Violence) എന്ന വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം അമേരിക്കൻ പോലീസ് ഒരു ദിവസം ശരാശരി മൂന്നിലധികം ആളുകളെയാണ് കൊന്നത്. ഓരോ മാസവും ശരാശരി 100 പേരെ കൊന്നതായും ഡാറ്റ സൂചിപ്പിക്കുന്നു.
2021-ൽ 1,145 പേരെയാണ് അമേരിക്കൻ പോലീസ് കൊന്നതെന്നും മാപ്പിംഗ് പോലീസ് വയലൻസിന്റെ വൈബ്സൈറ്റിൽ പറയുന്നു. 2020-ൽ 1,152 പേരെയും 2019-ൽ 1,097 പേരെയും 2018-ൽ 1,140 പേരെയും 2017-ൽ 1,089 പേരയുമാണ് ഇവർ കൊലപ്പെടുത്തിയത് എന്നും ഡാറ്റ വ്യക്തമാക്കുന്നു. 2013 മുതലാണ് പത്രപ്രവർത്തകരും വംശീയതക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളും മറ്റും ഇത്തരം വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചത്. അമേരിക്കൻ പോലീസ് നടത്തുന്ന മാരകമായ വെടിവെയ്പുകളും കൊലപാതകങ്ങളും ട്രാക്ക് ചെയ്യുന്നതിനായി വാഷിംഗ്ടൺ പോസ്റ്റും പ്രത്യേകം ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തിനു ശേഷം വംശീയ നീതി, പോലീസിന്റെ കാടത്തം, പോലീസ് സേനയുടെ ഫണ്ടിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രാജ്യത്താകെ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ആ സംഭവം നടന്ന് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് പുതിയ ഡാറ്റ പുറത്തു വരുന്നത്. ഈ വിഷയം വലിയ തരത്തിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പോലീസിന്റെ ക്രൂരത തടയുക എന്ന ഉദ്ദേശ്യത്തോടെ പ്രാദേശിക തലത്തിൽ ചില നിയമങ്ങളും കൊണ്ടുവന്നിരുന്നു. എന്നാൽ അതിനു ശേഷവും അമേരിക്കൻ പോലീസ് നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം ഭയാനകമാംവിധം ഉയർന്നു എന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
”ഇതിന് ഒരു അവസാനം ഉണ്ടാകുന്നില്ല. ലോകമെമ്പാടും വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഇപ്പോഴും പോലീസ് ധാരാളം പേരെ കൊല്ലുന്നില്ലേ? ഇത് വളരെ നിരാശാജനകമാണ്”, 2020 മാർച്ചിൽ കെന്റക്കിയിൽ പോലീസിന്റെ വെടിയേറ്റു മരിച്ച ബ്രയോണ ടെയ്ലറുടെ ബന്ധു ബിയാങ്ക ഓസ്റ്റിൻ പറഞ്ഞു.
Also read- ‘സ്ത്രീകളുടെ അവകാശങ്ങൾ മുൻഗണനാ വിഷയമല്ല’: വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ
വംശീയ അസമത്വങ്ങൾ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ 24 ശതമാനവും കറുത്ത വർഗക്കാരായിരുന്നു. 2013 മുതൽ 2022 വരെ, വെള്ളക്കാരേക്കാൾ മൂന്നിരട്ടി കറുത്തവർഗക്കാരാണ് യുഎസ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മിനിയാപൊളിസ്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ വംശീയ അസമത്വം കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മിനിയാപൊളീസിൽ വെള്ളക്കാരേക്കാൾ 28 മടങ്ങ് കൂടുതൽ കറുത്ത വർഗക്കാരെയാണ് അമേരിക്കൻ പോലീസ് കൊന്നൊടുക്കിയത്. ചിക്കാഗോയിൽ വെള്ളക്കാരേക്കാൾ 25 മടങ്ങ് കൂടുതൽ കറുത്ത വർഗക്കാരെ യുഎസ് പോലീസ് കൊന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.