ജൂലൈ നാലിന് ചിക്കാഗോയിൽ (Chicago) അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പങ്കെടുത്തവർക്ക് നേരെ നടന്ന വെടിവെയ്പിനെത്തുടർന്നുണ്ടായ (shooting) നടുക്കത്തിലാണ് നഗരവാസികൾ ഇപ്പോഴും. വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ റോബർട്ട് ഇ. ക്രിമോ (Robert E. Crimo) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ ഇയാൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് വെടിവെയ്പ് നടത്തിയതെന്നും പോലീസ് പറയുന്നു.
അക്രമാസക്തമായ ഉള്ളടക്കം, ഭയാനകമായി തോന്നിപ്പിക്കുന്ന വരികൾ, വെടി വെക്കുന്നതിന്റെ അനിമേഷൻ ദൃശ്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സംഗീത വീഡിയോകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത് പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തന്റെ ബന്ധു ഇത്രയും വലിയ ആക്രമണം നടത്തുമെന്ന് തോന്നുന്നില്ലെന്നാണ് ക്രിമോയുടെ അമ്മാവൻ പ്രതികരിച്ചത്.
ഈ വർഷം മാത്രം രാജ്യത്ത് ഇത്തരത്തിലുള്ള 308 കൂട്ട വെടിവെയ്പുകൾ (Mass Shooting) നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സമീപ ആഴ്ചകളിലും അമേരിക്കയിലെ പല സ്ഥലങ്ങളിലും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. അവ ഏതൊക്കെയാണെന്നു നോക്കാം.
1. വെസ്താവിയ ഹിൽസ്, അലബാമ (VESTAVIA HILLS, ALABAMA): ജൂൺ 16 ന് ബർമിംഗ്ഹാമിലെ സെന്റ് സ്റ്റീഫൻസ് എപ്പിസ്കോപ്പൽ പള്ളിയിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ മരിക്കുകയും ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിലായെന്ന് പോലീസ് അറിയിച്ചിരുന്നു.
2. തുൾസ, ഒക്ലഹോമ (TULSA, OKLAHOMA): മെഡിക്കൽ ഓഫീസിലെ ഒരു സർജനും മറ്റ് മൂന്ന് പേരുമാണ് ജൂൺ 1 ന് വെടിയേറ്റു മരിച്ചത്. പോലീസ് എത്തിയപ്പോഴേക്കും വെടി വെച്ചയാൾ ആത്മഹത്യ ചെയ്തിരുന്നു.
3. യുവാൽഡെ, ടെക്സസ് (UVALDE, TEXAS): ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെടിവെയ്പുകളിലൊന്നാണ് മെയ് 24 ന് റോബ് എലിമെന്ററി സ്കൂളിൽ നടന്നത്. 18 കാരനായ തോക്കുധാരി 19 കുട്ടികളെയും രണ്ട് മുതിർന്നവരെയും കൊലപ്പെടുത്തി. 15-ലധികം പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വധിച്ചു.
4. ചിക്കാഗോ (CHICAGO): മെയ് 19 ന് മാഗ്നിഫിസെന്റ് മൈൽ ഷോപ്പിംഗ് ജില്ലയിലെ ഒരു ബ്ലോക്കിൽ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു.
5. ബഫലോ, ന്യൂയോർക്ക് (BUFFALO, NEW YORK): കറുത്തവർഗ്ഗക്കാർ കൂടുതലായും താമസിക്കുന്ന ഒരു സൂപ്പർമാർക്കറ്റിൽ വെള്ളക്കാരനായ ഒരു തോക്കുധാരി മെയ് 14-ന് വെടിയുതിർത്തിരുന്നു. സംഭവത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാൽ വധശിക്ഷ വരെ ലഭിക്കാവുന്ന ഫെഡറൽ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.